സ്വപ്‍നശില

 

ഏതെങ്കിലും ഒക്കെ വഴികളിലൂടെ നീ എന്നെ കാണാൻ വരുമെന്ന് ഞാൻ നിനച്ചു…

പ്രതീക്ഷയോടെ ഏറെ നാൾ കാത്തിരുന്നു.

ഓരോ ദിനവും ഉറങ്ങിയുണരുന്നത് നിന്റെ ഓർമ്മകൾക്ക് വേണ്ടി മാത്രമായി.

അമ്പലപ്പറമ്പിലും പാലമരച്ചുവട്ടിലും എത്ര നേരം സമയം മറന്ന് നിന്നിരിക്കുന്നു.

ഒരിക്കൽ നീ കുപ്പിവളകൈയിൽ കടന്നു പിടിച്ചതു മറന്നു പോയോ
കൈത്തണ്ടയിലെ മുറിപ്പാട് ഇന്നും മായാതെ.

പാടവരമ്പത്തെ കോമരത്തെ കണ്ട് ഒളിച്ച എന്നെ അന്ന് നീ ഒരു പാട് കളിയാക്കി.

വള്ളക്കടവിൽ മറന്നു വെച്ചു പോയ പുസ്തകത്താളിൽ ഞാൻ വെച്ച മയിൽപ്പീലി തണ്ട് ഇപ്പോ വിരിഞ്ഞു കാണുമോ, നിറയെ കുഞ്ഞുങ്ങളുമായ്….

മറക്കാതെ കാവിലെ കൽവിളക്കിൽ നിനക്കായ് ഇന്നും തിരിതെളിക്കാറുണ്ട്, ഭഗവതി കൂടെ ഉള്ളപ്പോൾ നീ എന്തിനെ ഭയക്കണം ….

കുഞ്ഞിപ്പാത്തൂനെ നീ വാരീപ്പുണരുന്നതു ഞാൻ ഒരുപാടു കണ്ടിട്ടുണ്ട്…
ചുംബനങ്ങളെ നീ ഏറെ ഇഷ്ടപ്പെട്ടിരുന്നതല്ലേ 

ഒരിക്കൽ നീ എന്നെയും തേടിയെത്തും അന്നു ഞാൻ നിന്റെ കൈകളെ ചേർത്തുവെച്ച് ചുംബിക്കും…

മായാത്ത പ്രണയത്തിന്റെ തീ നാളമായ് കത്തിജ്വലിക്കാൻ ഒരിക്കലെങ്കിലും നീ വരണം.

നിന്റെ പ്രണയാതുരമായ മുഖം നോക്കി ഏറെ നേരം നിൽക്കണം.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ കഥകൾ നിനക്കായ് കരുതിയിരിക്കുന്നു 

കായൽക്കരയിലെ ഓളങ്ങൾ നമുക്കായ് കാത്തിരിക്കന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. നല്ല തുടക്കം… തുടരുക എല്ലാ ഭാവുകങ്ങളും നേരുന്നു.. 👍

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here