അപ്പു മാഷിനു മികച്ച അധ്യാപകനുള്ള അവാര്‍ഡ് കിട്ടിയതായി ക്ലാസിലെ ഒരു കുട്ടി സ്വപ്നം കണ്ടു പോലും !
” പുലരാന്‍ കാലത്താണോ സ്വപ്നം?”
മീനാക്ഷി ടീച്ചര്‍ കുട്ടിയെ വിളിച്ച് വിസ്തരിച്ചു.
അവന്‍ അതെ എന്നു തലയാട്ടി.
” എങ്കില്‍ ഫലിക്കും പുലര്‍കാലേ കാണും കനവുകള്‍ ഫലമില്ലാതാവുകയില്ല ”ടീച്ചര്‍ ഉറപ്പിച്ചു.
” അപ്പു മാഷ് ചെലവു ചെയ്യണം ”
തങ്കമ്മ ടീച്ചര്‍ അഭിപ്രായപ്പെട്ടു. വിജയന്‍ മാഷ് ടീച്ചറെ പിന്‍താങ്ങി.
” ബിരിയാണിയായിക്കോട്ടെ മാഷേ”
ബാലന്‍ മാഷ് മുന്നോട്ടു വന്നു.
” ഞാനിപ്പോള്‍ തന്നെ എവറസ്റ്റിലേക്കു വിളിച്ചു പറയാം ”
ബാലന്‍ മാഷ് മൊബൈല്‍ ഫോണെടുത്ത് ഹോട്ടല്‍ എവറസ്റ്റിലേക്കു സന്ദേശമയച്ചു.
” പതിമൂന്നു ചിക്കന്‍ ബിരിയാണി അത്ര തന്നെ ഐസ്ക്രീമും”
അപ്പുമാഷ് അന്തം വിട്ടു നില്‍ക്കെ ഓരോരുത്തരായി മാഷിനെ അഭിനന്ദിച്ചുകൊണ്ട് കൈ പിടിച്ചു കുലുക്കി.
” ഞങ്ങളിതു പ്രതീക്ഷിച്ചതായിരുന്നു മാഷെ ”
സ്വപ്നം കണ്ട കുട്ടി പറഞ്ഞു തീര്‍ന്നിരുന്നില്ല. അവന്‍ തുടര്‍ന്നു.
” മാഷ് ഒരു വലിയ കുഴിയില്‍ വീഴുകയും അയ്യോ എന്നു നിലവിളിക്കുകയും ചെയ്തു”
അഭിനന്ദനപ്രവാഹത്തിനിടയില്‍ അപ്പറഞ്ഞത് ആരും കേട്ടില്ല എന്നു മാത്രം !