ഒരു സ്വപ്ന സഞ്ചാരി


കുറച്ച് പഴയ കഥയാണ്.

ഒരു സഞ്ചാരി നാട്‌ കാണാനിറങ്ങി. കേരളം. കാരാക്കര്‍ടകം. കോരിച്ചൊരിയുന്ന മഴ. മനോമുകുരുത്തില്‍ അങ്ങനെ പലതും കയറിയിറങ്ങിപ്പോയി. കൊടുങ്കാറ്റ്‌. ഒരു പേമാരി. ഇവ രണ്ടും ഇതു വരെ പല വരവിലും കാണാനൊത്തില്ല. അതിനാല്‍ വല്ലാത്ത നിരാശ തോന്നിയിട്ടുണ്ട്. വൈകീട്ട്‌ വീണ്ടും നടക്കാനിറങ്ങി, മഴയില്‍ നനയാനുള്ള അതികലശലായ മോഹം മനസ്സില്‍ ഉല്‍ക്കടമായി. ഫലം നിരാശ തന്നെ. സ്ത്രീപീഡനം, ബന്ദ്‌,സമരം, ഹര്‍ത്താല്‍, കൊലപാതകരാഷ്ട്രീയം, പാചകവാതകം,പാര്‍ട്ടിപ്പോരുകള്‍, ഇലക്ഷന്‍ സ്റ്റണ്ട്… തുടങ്ങി പലതും ഇവിടെ കത്തി നില്‍ക്കുന്നു. അടിക്കടി അത് കൊടുമ്പിരി കൊള്ളുന്നു.

അതിലൊന്നുമായിരുന്നില്ല വിദേശിയുടെ ആകര്‍ഷണീയത. ആ യാത്രികന്‍ തന്‍റെ സഞ്ചാര സാഹിത്യ ഡയറിക്കുറിപ്പില്‍ ഇങ്ങനെ അടി വരയിട്ട്‌ ഇങ്ങനെ എഴുതുന്നു:

താഴെപ്പറയുന്ന സംഭവം എന്‍റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ മദ്യസേവ ഒരു ആസ്വാദനത്തിന്‍റെ മാനദണ്ഡം ആണ്. ഈ ദൈവത്തിന്‍റെ നാട്ടില്‍ അങ്ങനെയല്ലെന്നു തോന്നുന്നു. രാപ്പകല്‍ പണിയെടുക്കുന്നത്‌ കുടിച്ച്‌ കൂത്താടാനാണോ എന്നു അനുഭവപ്പെടുത്തി പല കാഴ്ചകളും, ദൃശ്യ വിരുന്നുകളും.

ഓ, ഞാന്‍ കാര്യത്തില്‍ നിന്നും വീണ്ടും വഴുതി മാറിപ്പോവുകയാണെന്നു തോന്നുന്നു. ക്ഷമിക്കുക. തുടര്‍ന്നിങ്ങനെയെഴുതി :

‘എനി വെ.. ദിസീസ്‌ ഇസ്‌ റിയലി ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി..എന്തായാലും ഒരു കൊടുങ്കാറ്റും പേമാരിയും നേരില്‍ കാണാനുള്ള മോഹം അവസാനം സഫലമാവുക തന്നെ ചെയ്തു ! ഒരു കേര കേദാര ദൃശ്യ ചാരുത. പ്രകൃതി പതിച്ചു നല്‍കിയ സ്നേഹസമ്മാനമെന്നു വേണെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.

നടത്തയ്ക്കിടയില്‍ സഡന്‍ ബ്രേയ്ക്കിട്ട മാതിരി ഞാന്‍ നിന്നു. മൂവന്തി നേരം. ആ കാണുന്നതൊരു മുഴുക്കുടിയന്‍റെ (കൊടുങ്കാറ്റിന്‍റെ) കൂര. കിളിക്കൂടു പോലൊരു വീട്‌. കുടിച്ച്‌ കുറ്റി തെറ്റിയ ഒരുവന്‍ കൂരയ്ക്കകത്തേക്ക്‌ ചീറിപ്പാഞ്ഞു കയറുന്നത്‌ കണ്ടു. പിന്നീട്‌ അതിശക്തമായ ഇടിയും മിന്നലും കൊടുങ്കാറ്റും. പേമാരി പോലൊരുവള്‍ പെയ്താര്‍ത്ത്‌ പുറത്തേക്ക്‌ പാഞ്ഞു വന്നു. വാമഭാഗം ആണ് പോലും. ഹൌ സ്വീറ്റ് ഷീ ഈസ് … കൊടുങ്കാറ്റു പോലവന്‍ അവള്‍ക്ക്‌ പിന്നില്‍ അപ്പോഴും ചീറിയടിച്ചു കൊണ്ടേയിരുന്നു. അവന്‍റെ ഇടിവട്ടം സുനാമിയെ കടത്തി വെട്ടി. അവളുടെ അലര്‍ച്ച പേമാരിയെ തോല്‍പ്പിച്ചു.

വളരെ സന്തോഷം. വല്യുപകാരം. മനസ്സ്‌ പിറുപിറുത്തു. കണ്ടിട്ടവര്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് ഒട്ടും തോന്നിയില്ല. എന്തായാലും ആ ഷോട്ട് വളരെ സംതൃപ്തി തന്നു. ശരിക്കും എന്‍റെ മനസ്സിനെയും ശരീരത്തെയും അത് കോരിത്തരിപ്പിച്ചു. (‘സ്റ്റണ്ണിംഗ്‌’ എന്നു ആംഗലേയം). പ്രകൃതി ഒരുക്കിയ ആ ദൃശ്യം എത്ര ചേതോഹരം. ഒരുവേള, ഇതാണോ ഇവിടുത്തെ പേമാരിയും കൊടുങ്കാറ്റും ? റിയലി.. വെരി ഒറിജിനല്‍. ക്വയറ്റ് നാച്ചുറല്‍. ഹായ്‌, കേരളം എത്ര സുന്ദരം !

ഇത്തരം കാഴ്ചകള്‍ കാണാന്‍ നാളെ വൈകീട്ടും വെളിയിലിറങ്ങണം. പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഇനിയും ഈ ഭൂഖണ്ഡത്തിലേക്ക് തന്നെ ഇനിയും തിരിച്ചു വരണം…

ഗുഡ്‌ ബൈ കേ..ര.ലാ .. ഉ .. ലാ..ലാ..


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓർമ്മയിൽ
Next articleകേരളത്തിൽ ബിജെപി സംപൂജ്യർ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here