വറവു ചട്ടിയിൽ
കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം.
താഴെ മുനിഞ്ഞു കത്തുന്ന
തീ നാളത്തിന്റെ അഗ്രം
ദ്രവീകൃത മൗനത്തിന്റെ
സിലിണ്ടറിൽ നിന്ന്
പുറത്തേക്ക് തള്ളി നിൽക്കുന്ന
ചെറുകുഴലിനെ
ചുംബിച്ചു നിൽക്കുന്നു.
പുതിയ മാംസവും തേടി
പാചകക്കാരൻ
അലഞ്ഞു നടക്കുന്നു.
വാതകം തീർന്നു പോകാതിരിക്കാൻ
പുതിയ പര്യവേഷണങ്ങൾ
തകൃതിയായി നടക്കുന്നു.
ദേശീയതയുടെ
പ്രകൃതി വാതകപ്പാടങ്ങൾക്കായി
ചരിത്രത്തിന്റെ
കുപ്പത്തൊട്ടികൾ
ചികഞ്ഞു നോക്കുന്നു.
തിയ്യേറ്ററിൽ
സ്ഥാപിച്ച ഭൂതക്കണ്ണാടികളിൽ
പുതിയ
വാതകപ്പാടങ്ങളുടെ
ആകാശ
ചിത്രങ്ങൾ മിന്നിമറയുന്നു.