കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും(2020-21) ചലച്ചിത്ര നടനുമായ ടി. സുരേഷ് ബാബുവിന്റെ ഇളയ മകൻ ധീരജിന്റെയും ദയാനന്ദൻ നാരങ്ങോളിയുടെ മകൾ കാശ്മീരയുടേയും വിവാഹം നടന്നത് നാടകീയമായി. വിവാഹവേദിയിൽ വെച്ച് ജ്യേഷ്ഠൻ ഛന്ദസിന്റെ നാടകപുസ്തകം മുന്നറിയിപ്പില്ലാതെ പ്രകാശനം ചെയ്തതോടെ ചടങ്ങ് അനിയനുള്ള വിവാഹ സമ്മാനമായും മാറി.
‘മീശപ്പുലിമലയും മറ്റ് മൂന്ന് ഏകാങ്കങ്ങളും’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു നടന്നത്. സാഹിത്യകാരന്മാരായ കല്പറ്റ നാരായണനും വി ആർ സുധീഷും ചേർന്ന് പൂന്താനം കവിതാ അവാർഡ് ജേതാവ് രാജഗോപാലൻ നാട്ടുകല്ലിനും ദയാനന്ദൻ നാരങ്ങോളിക്കും പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി.
കോഴിക്കോടിന്റെ നാടക സംസ്കാരത്തെ ദേശീയ തലത്തിലേക്ക് ഉയർത്തിയ ‘നാടകഗ്രാമ’മാണ് പുസ്തകത്തിന്റെ പ്രസാധകർ.