അടർന്നുവീഴാതുറപ്പുള്ള ചുമരുകൾക്കിടയിൽ
അടയിരിക്കുന്നൊരു ലോകമുണ്ട്
പകലും രാത്രിയും ഒരുപോലെ മരവിച്ചു
മണിയറകൾ തുറങ്കുകളാകുന്ന ലോകം.
ചത്ത ഘടികാരങ്ങളേന്തിയ കുരിശായി
ഉള്ളറകളിൽ അകചുമരുകൾ.
സമയബോധത്തെ തട്ടിയുണർത്തുന്നത് ഇതുവരെ
കൂട്ടിനായുള്ള ഹൃദയമാകുന്ന ഘടികാരം
മുറികൾവിട്ടിറങ്ങി ഇടനാഴിയിൽ നിന്നാൽ
ഇരുളിലെ അരണ്ട ദീപത്തിൽ എവിടെയും നിഴലുകൾ .
വെളിയിലെ അറിയാത്ത നിലാവിൻെറവെട്ടത്തിൽമുല്ലകൾമണമോടെ
വിളിച്ചാൽ രാത്രിയായ്
അവ രാവിൽ മുഖം വിടർത്തുന്ന മുല്ലകളെന്നറിയാം.
പകലിനെ കരിവാവാക്കി തലകീഴായുറങ്ങുന്ന കടവാതിലുകളെ നോക്കി
പകൽ നിനയും .
ഒച്ചുകളായി സമയമിവിടെ ഇഴയുന്നു
മറന്ന നിമിഷങ്ങൾ രക്ഷസുകളായിവന്ന് രക്തപാനം ചെയ്യപ്പെട്ട്
വിളറി വിശന്നവന് മുന്നിൽ സ്വപ്‌നങ്ങൾ വെന്തു ചത്ത തലച്ചോറുകൾ അടച്ചുവെച്ച
കപാലങ്ങളുടെ മൂകവിലാപങ്ങൾക്കൊപ്പം സഹജമായൊരന്തരീക്ഷം
രാപ്പകലുകൾക്കിടയിൽ ഇടവേളയിലൊന്നു മയങ്ങിയാലും മിഴിതുറക്കുമ്പോൾ
അണയാതെയുണ്ടാകും ഇരുളിലെ അരണ്ട പൂരകവെളിച്ചം .
ചാരെതെളിയുന്ന നീളൻനിഴൽ നാളെയൊരുരൂപമായ് കവർന്നെടുക്കും മുൻപേ
സൂര്യൻെറ വെയിലിലേക്കിറങ്ങാൻ പ്രാർത്ഥന