വ്യാളീകം

 

തരുക്കൾ തിങ്ങിയ കാടന്നവനൊരു
കഞ്ചുകകൂടാരമായി.
മാനവർ തങ്ങി, ഞരങ്ങും കൂടൊരു
കാനനപഞ്ചകമായി.

കുണ്ഠിതമുണ്ടതിലല്പം, ചൊല്ലാൻ
കേരളസന്തതിയെന്ന്.
ഈ വിപിനം വിട്ടുപറക്കാൻ ഞാനൊരു
പതംഗം ആയിരുന്നെങ്കിൽ!

കണ്ടുകേട്ടങ്ങെരിയാൻ, മാമക-
സങ്കല്പത്തിലുറങ്ങാൻ,
ആവതില്ല നിനയ്ക്കാൻ, കാരിയം
‘വിഹ്വലനിർന്നര ദേശം!’

കണ്ണുകൾ കെട്ടി നടക്കും മാനവർ
കൊണ്ടുകൊടുത്തേറുന്നു.
കട്ടുമുടിക്കും, ചേതകശീര്‍ഷകം
വിറ്റുത്തുലച്ചീടുന്നു.

സ്നേഹത്തിൽ ഉരുവാർന്നൊരു കുഞ്ഞിന്
സ്നേഹത്തിൻ പാലീമ്പാൻ
അംശം തെല്ല് കൊടുത്തീടാതെ
കൊന്നു! മുളയിൽത്തന്നെ.

അച്ഛനോടൊത്തുനടന്നവളവനാൽ
വാണിഭക്കുത്തകയായി.
ഊന്നിനടക്കും വടിപ്പൊട്ടീട്ടാ കൈത്തലം
കൊണ്ടുമുറിഞ്ഞതുപോലെ!

മാമ്പൂ വ്യർത്ഥം! നിലത്തെറിഞ്ഞ
ആ മണിക്കുട്ടനെപ്പോലെ,
എറിഞ്ഞുടച്ചു താരുടൽ ശിലയിൽ
മാതൃത്വത്തിൻ ചകുതി.

കൂടെനടന്നവൻ അമർത്തിവച്ച
വിദ്വേഷത്തിൻ മുകുളം,
വിടർന്നുപൊങ്ങി, മഴുവായ് ചീറി
പരന്റെ തൊണ്ടക്കുഴിയിൽ.

സന്ധികളില്ലാ സമരം ചെയ്യും
തരുണീതരുണൻമാരെ!
എന്തിനു വെറുതെ സതിയാകുന്നു
ആത്മവധത്തിൻ ചിതയിൽ?

നാഗത്തെക്കൊണ്ടൊരു മാനിനിയെ
കൊല്ലുന്നവനുടെയുള്ളിൽ
നിറഞ്ഞിരിപ്പൂ സ്വാർത്ഥത, വക്രത,
പാഷാണത്തിൻ വിടപി.

കെട്ടിയത്താലിച്ചരടിൽ കോർത്തതു
വഞ്ചന, മഞ്ചികയല്ലേ?
കെട്ടിയപ്പെണ്ണിനെ പോറ്റുന്നില്ലേൽ
കെട്ടുകൾ ബന്ധനമല്ലേ?

അന്തിച്ചർച്ചയിൽ അഞ്ചാറാളുകൾ
അങ്കംവെട്ടീടിമ്പോൾ
കണ്ടപ്പടിയും കേട്ടപ്പടിയും
വെട്ടിവിഴുങ്ങും ദേശം.

പൊന്നുടയാടയിൽ കുളിച്ചുനില്ക്കും
കേരളമണ്ണിൻ കാന്തി
അടർന്നുവീണ ചോരയിൽ മുങ്ങി
കുതിർന്നു, തണുത്തിരിപ്പൂ.

മരുവീഥികളിൽ തണലുവിരിച്ച
ഗിരിശൃംഗങ്ങളെ നോക്കി,
കരയുകയാണീ സൂര്യൻ, ചൂടിൻ-
വേദനത്തിന്നുകയാലേ!

അക്ഷരശിലയാൽ തണലുവിരിച്ചവർ
പൂർവ്വസ്സൂരികളല്ലോ!
കരയുകയാണീ കൈരളിയവരുടെ
നിസ്തുലസംഭാവനയിൽ.

കണ്ടെത്തീടാം! വള്ളത്തോളിനെ,
ഉള്ളൂർ, ആശാനെയും;
പൂർണ്ണത, ശാന്തി, അറിവൊളി വിതറിയ
യേശുക്രിസ്തുവിനെയും.

പൊഴിക്ക! ചെറുത്തെറ്റിൽപ്പോലും
അനുതാപത്തിൻ കണ്ണീർ.
കൊതിക്ക! നരവാരിധി നിഖിലം
നിർമ്മലമാനസഹൃദയം.


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here