ഒളിച്ചോടുന്നതിനു മുൻപ് മകനേ
പലതും മറക്കുക
പലതും ഒളിക്കുക
അമ്മയുടെമിഴികളിൽ
നനവുകണ്ടെങ്കിലും
നന്മമിഴി പാടെ തുറക്കുമെന്നാശിച്ചു..
പലതും മറക്കുക
പലതും ഒളിക്കുക
അമ്മ
മൃദുലം തലോടുന്ന കൈകൾ
കെഞ്ചിയ ചുണ്ടുകൾ
ഇന്ന് മൃതിയെപ്പുണർന്നുവോ?
അമ്മ
കൈകൾ മുരുക്കായിത്തോന്നിയോ
ഹോ എത്ര ദുഷ്ട വിചാരം
ആ നിമിഷങ്ങളെ ശപിച്ചൊരു
കാറ്റു വന്നു കോപം കത്തി
കൊടും കാറ്റായി
എങ്കിലും
അകത്തു ശാന്തം
എരിഞ്ഞടങ്ങാത്ത നെഞ്ചിലെ
തീയാറ്റി തീതിന്നുന്നമ്മ!
മുറിമൂലകൾ തട്ടി തേങ്ങൽ
അച്ഛൻ്റെ കാതിലെ സാന്ത്വനമാകയോ?
സാമീപ്യമില്ലാതുറങ്ങുവാനാകാത്ത
നാളുകൾ ഇന്നലെയെന്നപോൽ
കൺത്തടം കവരവേ
കൈവിരൽ ഊന്നുവടിയാക്കിയച്ഛന്റെ
നിഴൽ ചവിട്ടിത്താണ്ടിയ
ദൂരങ്ങളും മറന്നുവോ?
ശലഭകൗതുകം പൂക്കളിൽ നിന്നും
പൂക്കളിലേക്കെന്നപോൽ
എങ്കിലും അവഗണിക്കില്ല
ആദ്യത്തെ പൂവിനെ
ആദ്യ പരാഗവും
ആദ്യ പൂന്തോപ്പിലെ
അനുഭവ സ്മരണയും.
പാതിപോലും ചാരാത്ത പടിയിൽ
മൂകമായിയിരിപ്പുണ്ട് മാതൃത്വം
വിദൂരവിസ്മയമാകുന്ന നിന്നുടെ
മധുരഭാവങ്ങൾ മാത്രമേ സ്‌മൃതികളിൽ
കൈപ്പുകേറി കരയുന്ന ജനനിയെ
നെഞ്ചിലേറ്റി സമാശ്വസിപ്പിക്കുവാൻ
വാക്കുകൾ തപ്പി വിങ്ങും പിതൃവ്യനും
ജന്മമേകി എന്നതല്ലാതെ
തെറ്റ് മറ്റെന്തു ചെയ്തെന്നറിയാതെ
മുറ്റം കയറി വരുന്ന നിഴലുകളോട്
മുക്തം മാപ്പു ചോദിച്ചു കേഴുന്നിരുവരും!
പ്രതീക്ഷയിൽ ഉത്കണ്ഠാകുലമാകുകയും
അല്ല എന്നറിയുമ്പോൾ ഒരു തേങ്ങലോടെ
പരസ്പരം കെട്ടിപ്പുണർന്നു കരയുന്നതുമായ
ഈ അനുഭവം മകനെ നിനക്ക് വരരുതേ
ദൈവമേ വരുത്തരുതേ
എന്നാണ് എന്ന് മാത്രമാണ്
പ്രാർത്ഥന!