ശുനക പുരാണം

 

 

 

വളർത്തു മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ളതു ശുനകൻസിനാണെന്നാണ് വെപ്പ്. ബുദ്ധി കൊണ്ടും അവൻ തന്നെയാണ് അഗ്രഗണ്യൻ. അവനെ കുറിച്ചാണ് മലയാളഭാഷയിലുള്ള, ജന്തുക്കളുടെ പേരിലുള്ള ചൊല്ലുകളുടെ ഇനിയും ഭേദിക്കാത്ത റെക്കോഡ് കിടക്കുന്നതും. തോട്ടശ്ശേരിക്കാർ എടുത്തു കാച്ചിയിട്ടുള്ള കൊറേ നായപഴമൊഴികൾ തന്നെ ഓർമ്മ വരുന്നു. കള്ളുകുടി നിർത്താൻ പറഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചിട്ടു പിന്നെയും നാലുകാലിൽ വരുന്ന കെട്ടിയോനോട് പെണ്ണുമ്പിള്ള  “നായിന്റെ വാല് പന്തീരാണ്ടു കാലം കൊഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ”ന്നൂ പറഞ്ഞു കേട്ടിട്ടുണ്ട്. തല്ക്കാലം ആളെ പറയുന്നില്ല. എവർഗ്രീൻ കഞ്ചൂസായ എന്റർടൈൻമെന്റ് കുമാരേട്ടൻ തൃശൂർ പൂരത്തിന് വന്നപ്പോൾ അഞ്ചു രൂപ ചോദിച്ചിട്ടു തരാഞ്ഞപ്പോൾ പറഞ്ഞത്”നായിന്റെ ഊരേല് ശ്മശ്രു ഉണ്ടായിട്ട് അമ്പിട്ടനെന്താ കാര്യ”മെന്നാണ്.രാശേട്ടക്ക്‌ രണ്ടു ദിവസം പനിയും ചുമയും ആയത് കാരണം ശുപ്പ ബീഡിക്കെട്ട് ഒളിപ്പിച്ചു വെച്ച നേരത്തു് വല്ലാണ്ടെ  വിഷമിച്ചിരിക്കുമ്പോൾ ഗോപ്യേട്ട ബീഡിയിൽ മുളകുപൊടി ഇട്ടു കൊടുത്തത് വലിച്ചിട്ട് കൊരച്ചു കൊരച്ചു മരിക്കാറായപ്പോൾ ആരോ പറഞ്ഞത് “മോങ്ങാനിരുന്ന നായിന്റെ തലേല് തേങ്ങ വീണത് പോലായി” എന്നാണ്.   നവരാത്രിക്ക് മന്നത്ത് പയറു പുഴുങ്ങിയത് കൊടുക്കുമ്പോൾ പിള്ളേര് ആക്രാന്തം കാണിക്കുമ്പോ മണിയൻ നായരുടെ പെരക്കല് നടക്കും. അപ്പൊ സദാനന്ദൻ “പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നു” പാടാറുണ്ട്. അപ്പൊ മണിയൻ നായര് “കൊരയ്ക്കും പട്ടി കടിക്കില്ലെ”ന്നു തിരിച്ചടിക്കും. പണ്ട് കൃഷ്ണങ്കുട്ടി കയ്യും കലാശവും കാട്ടി നെമ്മാറക്ക് പോയിട്ട് സിസ്സറ് വാങ്ങാൻ മറന്നു വീട്ടിലെത്തിയപ്പോ വലിയച്ഛൻ പറഞ്ഞത് എന്തിനണ്ട നീ “പട്ടി ചന്തക്കു പോയപോലെ”നെമ്മാറക്ക് പോയത് ന്നാണ്. ചൂരി, ചേറൂരെ കിട്ട ആവേശിച്ചിരുന്ന കാലത്തു് ദുർവാസാവ് കേറീട്ട്‌ എന്റെ കാലിൽ പപ്പടക്കമ്പി കുത്തിക്കേറ്റിയിട്ടു് ഹ്രൂ.. ഹ്രൂ.. ന്നു മോങ്ങികൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞത് “അരിയും തിന്ന്‌ ആശാരിച്ചിയേയും കടിച്ചിട്ട് പിന്നെയും നായക്ക് മുറുമുറുപ്പ്” എന്നാണ്.ഒരിക്കൽ മുത്തശ്ശൻ വൈകീട്ട് ചായ കുടിക്കാൻ അടുക്കളയിൽ പോയി തിരിച്ചു വന്നപ്പോൾ മൂപ്പരുടെ സോഫയിൽ ജിമ്മി   ശൊനകൻ കേറി ഇരിപ്പുണ്ടായിരുന്നു. അവനെ വടികൊണ്ട് ഒരു ചുട്ട പെട കൊടുത്തപ്പോൾ “അയ്യോ ഭാമേ” ന്നു കരയുകയും “താൻ ഇരിക്കേണ്ട സ്ഥലത്തു താൻ ഇരുന്നില്ലെങ്കിൽ ഞാൻ കേറി ഇരിക്കു”മെന്ന് പറഞ്ഞതായും ശുനക പുരാണത്തിൽ രേഖയുണ്ട്.

വായനക്കാർക്ക് തിരക്കുണ്ടെന്നും പുരാണം കേൾക്കാൻ നേരമില്ലെന്നും അറിയാം. അത് കൊണ്ട് പെട്ടെന്ന് കഥയിലേക്ക് കടക്കാം. സംഭവം നടക്കുന്നത് അയിലൂർ പഞ്ചായത്ത് അതിർത്തിയിലുള്ള മൂല എന്ന കാർഷിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. മുത്തശ്ശന്റെ  തലമുറയിലാണ് മൂല രാശാവിന്റെ വകയിലെ ഒരമ്മാവൻ വേലൂട്യേട്ടൻ സ്ഥലത്തെ ജന്മിയായി ജീവിച്ചിരുന്നത്.അഞ്ചെട്ടു മുറികളുള്ള പത്തായപ്പെര. നോക്കെത്താ ദൂരത്തോളം പഞ്ചക്കണ്ടം. കളവും, തെങ്ങു കവുങ്ങു തോട്ടങ്ങൾ വേറെയും. ഭാര്യ ജാനു അമ്മയും രണ്ടു പിള്ളേരുമായി സസുഖം വാഴുന്ന കാലം. അകം പണിക്കും പുറംപണിക്കും വേലക്കാർ. ഏതാജ്ഞയും ശിരസാ വഹിക്കാൻ ശിങ്കിടി ചാത്തൻ വിളിപ്പുറത്ത്.  പാടങ്ങൾക്കപ്പുറം    പഞ്ചായത്തു റോഡ്. തൃശൂർ-ഗോവിന്ദാപുരം എൻ.ടി.പി, ജനുവമ്മടെ തറവാട് ഉള്ള നരകപ്പാറ വഴി പോകുന്ന  മയിൽവാഹനം തുടങ്ങി രണ്ടോ മൂന്നോ ബസ്സുകൾ ആ റോഡിലൂടെ അന്ന് ഓടിയിരുന്നു. പാതയോരത്തെ ബംഗ്ലാവിലാണ് സ്ഥലത്തെ സുന്ദരീ മണിയും സുശീലയുമായിരുന്ന കുന്നത്തെ ശാന്തേടത്തിയുടെ വീട്. കെട്ടിയോന്റെ കൊണാവതിയാരം പിടിക്കാണ്ടെ വന്നപ്പോ ഉഭയസമ്മത പ്രകാരം ബന്ധം വേർപെടുത്തി. ശാന്തേടത്തിയും അമ്മയും തുണക്ക്‌ ടൈഗർ എന്ന ശൊനാകനും പിന്നെ കുറെ ആട് കോഴി പൂച്ചകൾ മുതൽപേരായിരുന്നു ബംഗ്ലാവിലെ മറ്റന്തേവാസികൾ.  തൃശൂർകാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ ശാന്തേടത്തി ആളൊരു “ണപ്പ്ചരക്കാ”യിരുന്നത്രെ. “ഉഡുരാജമുഖി മൃഗ രാജകടി ഗജരാജവിരാജിത മന്ദഗതി” എന്നൊക്കെ പറയുന്ന പോലെ ആരുകണ്ടാലും “ഈ വക പെണ്ണുങ്ങൾ ഭൂമീലുണ്ടോ മാനത്തിന്നെങ്ങാനും പൊട്ടിവീണോ”ന്നു വിചാരിച്ചു വായും പൊളിച്ചു നോക്കി നിൽക്കും. ഈ റോഡിനപ്പുറത്തുള്ള പാടങ്ങളിൽ വേലുട്ട്യേട്ടൻ കൂർക്കയും കൊള്ളിയും കുത്തിയിരുന്നു. രാത്രികാലങ്ങളിൽ അഞ്ചു കട്ടയുള്ള ടോർച്ചും വടിയും എടുത്തു തലേ കെട്ടുമായി പന്നി ഇറങ്ങുന്നത് നോക്കാൻ കാവൽ പോകുമായിരുന്നു. പിന്നെ പിറ്റേന്ന് പൊട്ടനുദിക്കുമ്പോഴേ മടങ്ങൂ. നമ്മടെ വേലുട്ട്യേട്ടന് ശാന്തേടത്തിയുമായി എന്തൊക്കെയോ ഒരു കണക്ഷൻ ഉണ്ടെന്നും ബംഗ്ലാവിലേക്ക്‌ ചാത്തൻ വഴിയെത്തുന്ന നെല്ലും പലവ്യഞ്ജനങ്ങളും എല്ലാം സ്പോൺസർ ചെയ്യുന്നത് വേലുട്ട്യേട്ടനാണെന്ന ഒരു കിംവദന്തി നാട്ടിൽ പരന്നു തുടങ്ങിയിരുന്നു. കിംവദന്തി ജാനു അമ്മയുടെ കാതിലും എത്താതെയല്ല. തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കാമ്പില്ലാല്ലോ. എന്നിരുന്നാലും കുടുമ്മത്ത് ശാന്തേടത്തി വിഷയത്തിൽ ചില്ലറ ഭൂകമ്പങ്ങൾ ഉണ്ടാകുമായിരുന്നു.

അന്നൊരു ദിവസം രാത്രി കാവലിന് പോയി വേലുട്ട്യേട്ട മടങ്ങിവന്നപ്പോൾ, ഷർട്ടിൽ ഒന്നുരണ്ടു നീണ്ട തലമുടി കണ്ടുപിടിച്ചതിന്റെ പേരിൽ കുടുമ്മത്ത് റെച്ചർ സ്കെയിലിൽ ആറു രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്രേ. അന്ന് ജാനുവമ്മ കുമ്മക്കൻ കുത്തിയ പോലുള്ള മുഖവുമായി നായരോടും കുട്ടികളോടുമൊപ്പം ബന്ധു വീട്ട്ലെ ഒരു കല്യാണം കൂടാൻ പുറപ്പെട്ടു. പാടം കടന്നു് ബസ് സ്റ്റോപ്പിലെത്തി. ഗോവിന്ദാപുരം എൻ ടി പി കാത്തുനിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. സമീപത്തു സല്ലാപത്തിലും കളിയിലും ഏർപ്പെട്ടിരുന്ന അഞ്ചാറു ശുനകീ ശുനകന്മാരുടെ ഗാങ്ങിൽ നിന്നും ശാന്തേടത്തിയുടെ ടൈഗർ ഓടിവന്ന്  വേലുട്ട്യേട്ടന്റെ കാലിൽ നക്കുകയും ആവുന്നത്രെ സ്പീഡിൽ വാലാട്ടി കൊണ്ടും പുഞ്ചിരിച്ചുകൊണ്ടും മേലെ കേറി കെട്ടിപ്പിടിച്ചു  വേലൂട്യേട്ടന്റെ ചുണ്ടിൽ മുത്തുകയും ചെയ്തത്.
കിംവദന്തിയിൽ സത്യമുണ്ടെന്നുള്ളതിനു് ഇതിൽ പരം വേറെ തെളിവ് വേണ്ടെന്നും പറഞ്ഞു ജാനുവമ്മ കലിതുള്ളി കരഞ്ഞു മൂക്കും പിഴിഞ്ഞ് താനൊരു കാലത്തും ഗതി പിടിക്കില്ല്യാന്നു ശപിച്ചുകൊണ്ട് പിള്ളേരെയും കേറ്റി ആദ്യം വന്ന മയിൽവാഹനത്തിൽ നരകപ്പാറയിലേക്കു വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ലെന്നും അന്ന് ഡിവോഴ്സ് എന്ന പരിപാടി നിഘണ്ടുവിൽ ഇല്ലാത്ത കാരണം വേറെ പൊല്ലാപ്പിനൊന്നും രണ്ടു പേരും പൊയില്ലെന്നും മുത്തശ്ശൻ പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here