കോവാലൻ്റെ കോവിലിൻ മുൻപിലായ്
തമ്പ്രാൻ കൽപിച്ച നൂറടിയകലെയായ്
തൊഴുകയ്യാൽ കോരനൊരുത്തരം തേടുന്നു
” പൊന്നും വേണ്ട പൊന്നാടയും വേണ്ട
തരികയൊരു ചോദ്യത്തിനുത്തരം ദൈവമേ
ഏനെന്തേ പട്ടിയായ് പിറന്ന്
പട്ടിയായ് മരിക്കുന്നു”
ഇരുട്ടിലെ നായയുടെ ഓരിയിടലായ്
ചോദ്യമവിടെവിടെയോ കേൾക്കുന്നു.
ഉന്നം പിടച്ചതറിഞ്ഞും അറിയാതെയും
അന്നം തേടി അണച്ച് അലയുന്നതും
അലഞ്ഞും തിരിഞ്ഞും പുഴുത്തുമൊടുവിൽ
വെറും പട്ടിയായ് എങ്ങോ ഒടുങ്ങുന്നു
ദത്തൻ്റെ നാലു വേദത്തിൻ പ്രതീകവും
നാലാം വേദക്കാർക്കവൻ വർജ്യവ്വം
നല്പുത്രനെ കാലൻ പരീക്ഷിച്ച വേഷവും
നാലുകാലുള്ളതിൽ കാവലിൻ പാത്രമാം
‘നായ’കശുനകനിതെന്തിന് അറിയണം
പരിണാമത്തിൻ്റെ പുതുനിരത്തിൽ
പട്ടിയും കോരനു മോടുന്നു….
പിന്നിലണച്ചു കൂരയിൽ പതുങ്ങുന്ന കോരനെ
കൂട്ടിലെ നായയൊന്നിളിച്ചു കാട്ടി
നിർത്താതെ പിന്നെയും ഓടുന്ന നായയെ
കോരനന്നാദ്യമായ് തെറിവിളിച്ചു
നാല്കാലി വിരാജിക്കുന്നു പിന്നെയും
നാൽചക്രശകടത്തിനലങ്കാര പാത്രമായ്
ആഭിജാത്യത്തിൻ ചുവന്ന പരവതാനിയിൽ
കുരച്ചവൻ കോരനെ ഭീരുവാക്കി …
മെത്തയിൽ പള്ള നിറഞ്ഞു ശയിച്ചവൻ
മൊത്തമായ് കോരനു ശത്രുവായി.
കുമ്പിളിൽ കഞ്ഞികുടിച്ചൊരായന്തിക്കു
പശിമാറാതെ കോരൻ നടന്നുനീങ്ങീ.
കുന്നിൻ്റെ നെറുകിലും വയലിൻ്റെയോരത്തും
ഓരിയിടുന്നത് കോരനായി.
നുരഞ്ഞും പതഞ്ഞും ഉമിനീരൊഴുക്കിലും
ഓരിയിടുന്നത് നിലച്ചതില്ല ..
ആരുമേ കോരനെ കണ്ടില്ലയെങ്കിലും
കേൾക്കുന്നു കോരൻ്റെ രോദനങ്ങൾ
ഓരിയിടുന്നതിൻ പ്രഹേളികകൾ …