ഡയസ്പോറ- ഭാഗം 2

This post is part of the series ഡയസ്പോറ

Other posts in this series:

  1. ഡയസ്പോറ- നോവൽ ഭാഗം 3
  2. ഡയസ്പോറ- ഭാഗം 2 (Current)
  3. ഡയസ്പോറ- നോവൽ ഭാഗം 1

 

അനേകായിരം നൂറ്റാണ്ടുകളായി യുദ്ധമെന്താണെന്നോ പരിഷ്ക്കാരം എന്താണെന്നോ അറിയാത്ത ജനതകളുണ്ട് ലോകത്തിൽ.അവരിൽ ഒരു വിഭാഗം ആളുകൾ താമസിക്കുന്നത് ഡോർക്കിയിലാണ്. വിമാനങ്ങൾ അവരുടെ വീടുകളിൽ ബോംബ് വർഷിച്ചിട്ടില്ല. മിസൈൽ ടാങ്കുകൾ അവരുടെ കൃഷിയിടങ്ങളെ നശിപ്പിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിയിക്കാൻ തപാൽ ശിപായി മാർ ഗ്രാമത്തിലെ വാതിലുകളിൽ മുട്ടിയിട്ടില്ല.പ്രായമായവർ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നത് യുദ്ധത്തടവുകാരുടെ കഥകൾ മാത്രം…

വർഷങ്ങൾക്കു മുമ്പ് ഡോർക്കിയുടെ ഗ്രാമത്തലവനായ പ്രായം ചെന്ന ലിമാഡൊയുടെ മുമ്പിലാണ് റെൻ്റൊ എന്ന 13 വയസുകാരൻ ചെന്നുപെടുന്നത്.മിക്കാനൊയുടെ അരിക് ചേർന്ന് വെള്ളത്തിലൂടെ നീന്തി വരികയായിരുന്നു അവൻ. ഡോർക്കിയിലുള്ളവരാരും ഈ അതിസാഹസത്തിന് മുതിരില്ല എന്ന് മനസിലാക്കിയ ലിമാഡൊ ഇരുട്ടിൽ നീന്തി വരുന്ന ആളിൻ്റെ മുഖം തിരിച്ചറിഞ്ഞില്ലെങ്കിലും അരികിൽ നിർത്തിയിട്ടിരുന്ന തൻ്റെ ചങ്ങാടം ഉന്തിത്തള്ളിക്കൊടുത്ത് അതിൽ പിടിച്ച് കയറി വരാൻ പറഞ്ഞു…
തണുത്ത് വിറങ്ങലിച്ച്, മെലിഞ്ഞ അവൻ്റെ രൂപം കണ്ടപ്പോൾ ലിമാഡൊ ആദ്യമൊന്നമ്പരന്നു.

തെളിഞ്ഞ് കത്തിയ വിളക്കിൻ്റെ സാന്നിദ്ധ്യത്തിലാണ് ലിമാഡൊ അവനെ വ്യക്തമായും കണ്ടത്. അവിടവിടങ്ങളിലായി കീറിയ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. കാൽപ്പാദങ്ങൾ കറുത്ത് നീലിച്ചിരുന്നു
നനഞ്ഞ തലമുടി ജഡകളായി തൂങ്ങിക്കിടന്നിരുന്നു…
ലിമാഡൊ തൻ്റെ ഒരു വസ്ത്രമെടുത്ത് അവന്
മാറാൻ കൊടുത്തു.
ദിവസങ്ങളായി ആഹാരം കഴിക്കാതെയും വെയിലും മഞ്ഞുമേറ്റും അവൻ്റെ ശരീരം തോ ലോട് ഒട്ടിച്ചേർന്ന അസ്ഥികൂടം പോലെ തോന്നിച്ചെങ്കിലും അവൻ്റെ മുഖത്ത് പ്രതികൂല മനോഭാവമായിരുന്നു ഉണ്ടായിരുന്നത്.

ഒരു ജോഡി പഴകിയ ബൂട്ടുകൾ കൂടി അവന് ധരിക്കാൻ കൊടുത്തിട്ട് ലിമാഡൊ അവനോട് ചോദിച്ചു.
“നീ ആരാണ്?”
പൂച്ചയുടെ പോലുള്ള കണ്ണുകൾ ഉയർത്തി അവൻ ലിമാഡൊയെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.
ലിമാഡൊ അവന് തിന്നാനും കുടിക്കാനും കൊടുത്തു.

ലിമാഡൊ മിക്കാനൊയുടെ തണുത്ത ജലപ്പരപ്പിനെക്കുറിച്ചോർത്തു…
എവിടെ നിന്നായിരിക്കും ഇവൻ നീന്തി വന്നിരിക്കുന്നത്?
അയാൾക്കൊന്നും വിശ്വസിക്കാനായില്ല.
ആദ്യമായിട്ടാണ് യുദ്ധത്തടവുകാരിൽ ഒരാൾ രക്ഷപ്പെടുന്നതും ഡോർക്കിക്കാർ ഇങ്ങനൊരാളെ കാണുന്നതും.
യുദ്ധത്തടവുകാരല്ലാതെ അപരിചിതരായ ഒരാളും ലിമാഡൊ അറിയാതെഡോർക്കിയിൽ വരാറില്ല. ഡോർക്കിയുടെ സംരക്ഷകൻ കൂടിയാണ് യഥാർത്ഥത്തിൽ ലിമാഡൊ..

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ തൻ്റെ പേര് റെൻ്റൊഫിൻ ലെസ്സ് ആണെന്നും താൻ ഉപദ്രവകാരിയല്ലെന്നും ലിമാഡൊയെ ബോധ്യപ്പെടുത്തി. അയാളുടെ സംരക്ഷണത്തിൽ റെൻ്റോസുരക്ഷിതനാണെന്ന് അവനു തന്നെ തോന്നിക്കാണണം.

ലിമാഡൊയുടെ പാകമാവാത്ത കുപ്പായവും ആട്ടിൻതോലിൻ്റെ അധികം കനമില്ലാത്ത ബൂട്ടും ധരിച്ച് റെൻ്റൊഡോർക്കിക്കാരിൽ ഒരാളായി മാറി. അവിടുത്തെ മറ്റാളുകൾ ക്രമേണ അവനെ ഇങ്ങനെ അംഗീകരിക്കാനും തുടങ്ങി.അവൻ്റെ പൂർവ്വകാലം അവരൊട്ട് ചോദിച്ചതുമില്ല…
മെർഫിൻ സ്ട്രോണയിലെ കൊടുങ്കാറ്റിൽ ഒറ്റപ്പെട്ടു പോവുന്ന ഡോർക്കിയിലെ ആളുകളുടെ സംരക്ഷകനായി റെൻ്റാ മാറി, ലിമാഡൊയെപ്പോലെ മിക്കാനൊ യിൽ ചങ്ങാടമിറക്കാൻ ധൈര്യമുള്ള ഒരാളും റെൻ്റൊ തന്നെയായിരുന്നു …

(തുടരും…)

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here