മണ്ണ് പറയുന്നത്

 

 

ഓർക്കണം

രണ്ടല്ല നമ്മൾ ഒന്നായിരുന്നു
വീണ്ടും ഒന്നാകേണ്ടവർ
വിയർത്തും താങ്ങിയും
കരുതലിൻ നെഞ്ചായ്
സ്നേഹിച്ചും ക്ഷമിച്ചും
വാത്സല്യമടിത്തട്ടായ്
കണ്ണീരും ചവർപ്പും
ഉപ്പിൻ നനവായ്
വരൾച്ചയുടെ
വിള്ളലുകളിലേയ്ക്ക്
വലിച്ചെറിഞ്ഞതെല്ലാം ഉൾക്കൊണ്ട്,

നിന്റെ സ്വപ്നങ്ങൾക്ക് വളമേകിയും
പ്രതീക്ഷകളെ കിളിർപ്പിച്ചും
മോഹങ്ങളെ പൂവണിയിച്ചും
നിനക്ക് വേണ്ടി…

എന്റെമേലുള്ള നിന്റെ
സ്വകാര്യ അഹങ്കാരത്തിൽ
എനിക്ക് അഭിമാനമുണ്ട്

പത്താം നിലയിലെ അഹങ്കാരമാളികയിൽ
പൊങ്ങച്ച വർത്തമാനങ്ങൾ
മോഹവിലയിൽ
നീ എന്റെ ഹൃദയം വാങ്ങുമെന്നും

എന്നാൽ പൂജ്യം വിലയ്ക്ക്
നിന്നെ എന്റെ ഹൃദയത്തിൽ ചേർക്കും
അപ്പോഴും
നിന്റെ പിറുപിറുക്കലുകൾക്ക്
കാതോർക്കാൻ ഞാൻ മാത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here