നഗരത്തിൽ നടക്കുന്ന കലോസവത്തിൽ പങ്കെടുക്കാൻ അച്ഛനോടൊപ്പം പോകുകയായിരുന്നു അവൾ. തീവണ്ടി ചിലപ്പോൾ പതുക്കെയും ചിലപ്പോൾ വേഗത്തിലും പൊയ്ക്കൊണ്ടിരുന്നു. പുറത്തെ കാഴ്ച്ചകളിൽ കണ്ണു നട്ടിരിക്കവേ ഭാരതപ്പുഴയെത്തി…പാലത്തിന് മുകളിൽ കയറിയപ്പോൾ വണ്ടിയുടെ വേഗം കുറഞ്ഞു.
‘’അച്ഛാ, ഇതല്ലേ ഭാരതപ്പുഴ?’’
അച്ഛനോട് അവൾ സംശയം ചോദിച്ചു.
“അതേ മോളേ,എന്താ ഇപ്പോളൊരു സംശയം?’’
ഫോണിൽ മുഴുകിയിരുന്ന അച്ഛൻ മെല്ലെ തലയുയർത്തി.
‘’പുഴയിൽ വെള്ളം കാണാതിരുന്നതു കൊണ്ട് ചോദിച്ചതാ..’’
അവൾ ചിരിച്ചു..
തീവണ്ടി പുഴയും കടന്ന് നഗരം ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് മൽസര നഗരിയിലെത്തുമ്പോൾ വല്ലാത്ത തിരക്കായിരുന്നു. കുട്ടികളും കൂടെ വന്നവരും കൂടി ഉൽസവത്തിന്റെ പ്രതീതി..
അവൾക്ക് പരിഭ്രമമൊന്നുമുണ്ടായില്ല. എങ്ങനെയായാലും ഒരു സമ്മനമുണ്ടാകുമെന്ന് എപ്പൊഴുമെന്ന പോലെ അവൾ വിശ്വസിച്ചു..
വിഷയം കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി.
’’പെൺകുട്ടി’’
നന്നായി വരക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ പെൻസിലും കടലാസുമെടുത്ത് വരക്കാനിരുന്നപ്പോഴാണ് വിഷയംഅത്ര ലളിതമല്ലെന്ന് മനസ്സിലായത്.
വെറുതെ ഒരു വൃത്തം വരക്കാൻ തുടങ്ങി അവൾ. ഏറെ നേരമായിട്ടും വൃത്തത്തിന്റെ പകുതി മാത്രമാണ് വരക്കാൻ കഴിഞ്ഞത്. അതിനു മുകളിൽ തന്നെ അലക്ഷ്യമായി അവൾ വരച്ചു കൊണ്ടേയിരുന്നു. വർത്തമാനകാലത്തെ പെൺമുഖങ്ങൾ പലതും അവളുടെ ഓർമ്മകളിലേക്ക് ദൈന്യതയായി കടന്നു വന്നു. പൂർണ്ണതയെത്താതെ തീർന്നു പോയ നിലവിളികൾ അവളുടെ കാതുകളിൽ മുഴങ്ങി. വ്യഥകളും,വേവലാതികളും നിറഞ്ഞ മനസ്സും വിറയ്ക്കുന്ന വിരലുകളുമായി പിന്നെയും പിന്നെയും അവൾ വരച്ചു കൊണ്ടിരുന്നു.
സാധാരണ മൽസരസമയത്തിനും എത്രയോ മുമ്പ് അവൾ വരച്ചു തീരാറുള്ളതാണ്.പക്ഷേ ആദ്യമായാണ് അവസാന നിമിഷം വരച്ചു തീർക്കുന്നത്. വൃത്തം വരച്ചു പൂർണ്ണമാക്കാൻ എത്ര സമയമെടുത്തു എന്നവൾക്കറിയില്ല. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. അതു കൊണ്ട് തന്നെ പതിവു പോലെ തെളിഞ്ഞ മുഖത്തോടെയല്ല അവളും അച്ഛനും മൽസരം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.
പക്ഷേ മൽസര ഫലം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു, ഒന്നാം സ്ഥാനം അവൾക്കു തന്നെയായിരുന്നു. ’’ആധുനിക കാല പെൺകുട്ടികളുടെ അവസ്ഥ കേവലം ഒരു വൃത്തത്തിലൂടെ പ്രതീകാത്മകമായി കോറിയിട്ട പ്രതിഭയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ..’’ എന്നായിരുന്നു വിധി നിണ്ണയ സമിതിയുടെ വിലയിരുത്തൽ..