ധിക്കാരിയുടെ കാതല്‍

dhikkariyude

അവാര്‍ഡുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയില്ല. പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചെങ്കിലും കാര്യമായ പ്രചാരം ഉണ്ടായില്ല. പ്രസംഗങ്ങളിലും പ്രസ്താവനകളിലും കൂടി പത്രങ്ങളില്‍ സ്ത്ഥാനം പിടിച്ചില്ല. ഇങ്ങനെ സ’സുപ്രസിദ്ധ സാഹിത്യകാരന്മാരുടെ’ കട്ഠ്തില്‍ പദവി അലങ്കരിക്കാന്‍ തുനിയാതെയാണ് സി.ജെ.തോമസ് 42 മത്തെ വയസ്സില്‍ ലോകത്തോടു വിടപറഞ്ഞത്. അതിനുശേഷം ലോകത്തിലും സാഹിത്യത്തിലും മാറ്റങ്ങള്‍ പലതുണ്ടായി. വീക്ഷണത്തിലും അഭിരുചിയിലുമുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. എങ്കിലും, മരണശേഷം അരനൂറ്റാണ്ടോളമായെങ്കിലും ചിന്തിക്കുന്ന മനസ്സുകളില്‍ സി.ജെ.തോമസ് ഇപ്പോഴും ജീവിക്കുന്നു. സ്വകൃതികളിലൂടെ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങള്‍ ഏവരും അംഗീകരിക്കുന്നു എന്നല്ല പറയുന്നത്. ഗൗരവബുദ്ധിയോടുകൂടി ജീവിതത്തെ കാണുന്നവരില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചുക്കൊണ്ട് ഇപ്പോഴും സി.ജെ. ജീവിക്കുന്നു എന്നുമാത്രം ധരിച്ചാല്‍ മതി. അദ്ദേഹത്തിന്റെ കാലത്ത് അംഗീകാരവും പ്രശസ്തിയും ധാരാളമായി സമ്പാദിച്ചു വിരാജിച്ചവരധികവും വിസ്മൃതരായിരിക്കുന്നു എന്ന വാസ്തവവും ഇതോടു ചേര്‍ത്ത് ഓര്‍മ്മിക്കേണ്ടതാണ്. അവരെയെല്ലാം അതിജീവിച്ചുകൊണ്ട് സി.ജെതോമസ് കേരളീയമനസ്സില്‍ ഇന്നും ചലനമുവാക്കുന്നതിന്റെ കാരണം എന്തായിരിക്കും? അദ്ദേഹം എഴുത്തുകാരനായിരുന്നു എന്ന സരളമായ വാക്യത്തില്‍ അതിന്റെ ഉത്തരം ഒതുക്കിനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ചിന്തയുടെ അസ്വാസ്ഥ്യം ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരന്‍. ജീവിതവും ലോകവും മാത്രമല്ല, ചുറ്റുപാടുമുണ്ടാകുന്ന ദൈനംദിനസംഭവങ്ങളും എഴുത്തുകാരനില്‍ പ്രശ്നമായി പ്രശ്നപരിഹാരത്തെ സംബന്ധിക്കുന്ന ചിന്തയായി എപ്പോഴും വര്‍ത്തിക്കുന്നു. സ്വന്തമായി പദവികളോ നേട്ടങ്ങളോ ഉണ്ടാക്കുന്നതിനുവേണ്ടി സാധാരണമനുഷ്യര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ എഴുത്തുകാരന്‍ തനിക്ക് പിടികിട്ടാത്ത സമസ്യകളുമായി മല്പിടിത്തത്തിലേര്‍പ്പെട്ടു വിഷമിക്കേണ്ടതായിവരുന്നു. ചിന്തയുടെ നീറ്റലനുഭവിക്കാതെ കഴിയുന്ന നിമിഷങ്ങള്‍ അവനു കുറവായിരിക്കും. അതറിഞ്ഞുകൊണ്ടാണ് കേസരി എ.ബാലകൃഷ്ണപിള്ള എഴുത്തുകാരെപ്പറ്റി ‘വിഷംതീനികള്‍’ എന്നു പറഞ്ഞത്. ലോകത്തിനുവേണ്ടിയോ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിന് വേണ്ടിയോ നിരന്തരം വിഷം തിന്നുകൊണ്ടിരിക്കുക എന്ന വിധി ഒരു ശാപം പോലെ എഴുത്തുകാരനെ എപ്പോഴും അലട്ടുന്നു.
അനുപമമായ സര്‍ഗ്ഗാത്മകതയുടെ ഉടമയായിരുന്ന സി.ജെ. എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ സര്‍ഗ്ഗാത്മകതയ്ക്ക് രണ്ടു വശങ്ങളുണ്ട്. ആദ്യത്തേത് നാടകരചനയുടേതാണ്. രണ്ടാമത്തേത് ധൈഷണികതയുടെയും. ഈ രണ്ടു വശങ്ങളിലും ഗ്രന്ഥകാരന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിട്ടുണ്ടെന്നു കാണുന്നു. എന്നാല്‍ ആദ്യത്തെ വശത്തിലാണ് അദ്ദേഹത്തിന്റെ പഠനം കേന്ദ്രീകൃതമായിരിക്കുന്നത്. നാടകകൃത്തായ സി.ജെ.തോമസ് മലയാളത്തിലെ ഏകാന്തമായ പ്രതിഭാസമാണെന്ന നിഗമനത്തില്‍ ആ പഠനം എത്തിച്ചേരുകയും ചെയ്യുന്നു. ‘മതവും കമ്മ്യൂണിസവും’, ‘സോഷ്യലിസം’ മുതലായ ചില കൃതികള്‍ സി.ജെ. തോമസ് ആദ്യകാലത്ത് പ്രസിദ്ധം ചെയ്തിട്ടുണ്ട്. ആ കൃതികളിലേക്ക് റസ്സ്ലുദീന്റെ കണ്ണുകള്‍ കടന്നുചെല്ലാതിരിക്കില്ല. എങ്കിലും പ്രസക്തമായ ഭാഗങ്ങളില്‍ അവയെക്കുറിച്ച് പരാമര്‍ശിക്കുന്നതേയുള്ളൂ. അതുപോലെ ഫിലോസഫി, രാഷ്ട്രീയമീമാംസ, സദാചാരം, സാമൂഹ്യശാസ്ത്രം മുതലായ വിശയങ്ങളില്‍ സി.ജെ. നല്‍കിയ മൗലികവും ആശയപരവുമായ സംഭാവനകള്‍കൂടി ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആ പ്രതിപാദനം ആനുഷംഗികമാണെന്നു മാത്രം. നാടകങ്ങളുടെ ലോകത്തില്‍ വിഹരിക്കുന്ന ഗ്രന്ഥകാരന്റെ മനസ്സിന് അത്തരം കാര്യങ്ങളില്‍ ഒരതിര്‍ത്തിക്കപ്പുറം ശ്രദ്ധചെലുത്തുക സാദ്ധ്യമല്ലല്ലോ.

ഡോ. റസ്സ്ലുദ്ദീന്റെ പക്ഷത്തില്‍ സി.ജെ തോമസ്സിന്റെ മാസ്റ്റ്രപീസ് ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന നാടകംതന്നെയാണ്. (ഇക്കാര്യത്തില്‍ അദ്ദേഹത്തോടു വിയോജിക്കുന്നവര്‍ കുറവായിരിക്കും.) അതില്‍ ക്ലാസിക് രൂപഘടനയാണ് ഗ്രന്ഥകാന് ദര്‍ശിക്കുന്നത്. ബൈബിളില്‍ നിന്ന് ഇതിവൃത്തം സ്വീകരിച്ചതുകൊണ്ടല്ല, ക്ലാസിക്കല്‍ പ്രൗഡിയോടും നിസ്സംഗതയോടുംകൂടി ഇതിവൃത്തത്തിന് ആവിഷ്കരമ്മ് നല്‍കിയതിനാലാണ് ക്ലാസിക്കിന്റെതായ ഗഹനതയോടും പ്രൗഡിയോടുംകൂടി നാടകം രൂപം പ്രാപിച്ചത്. ആ സത്യം കണ്ടുകൊണ്ട് ഒരു ട്രാജിക് നാടകത്തിന്റെ ഗാംഭീര്യം എങ്ങനെ ഈ നാടകത്തിന് കൈവന്നിരിക്കുന്നു എന്ന് അദ്ദേഹം സ്വയം ചോദിക്കുന്നു. ആ ചോദ്യത്തന് ഉത്തരം കാണുക എന്ന ലക്ഷ്യത്തോടെ പഠനത്തിനു മുതിരുന്നു എന്ന്താണ് ഗ്രന്ഥകാരന്റെ വിജയത്തിന് നിദാനമായി ഭവിച്ചത്. മലയാളത്തിലെ നാടകവിമര്‍ശനത്തില്‍ അതിനോടു കിടപിടിക്കുന്ന മറ്റൊന്ന് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സി.ജെ. തോമസ്സിന്റെ നാടകലോകം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണവും ഗഹനവുമായ ഭാവവിശേഷങ്ങളെന്തൊക്കെയാണെന്നറിയാന്‍ ഈ പ്രബന്ധമാണ് ഏറ്റവുമധികം സഹായകമായിട്ടട്ഠ്. മറ്റൊരാളുടെ മംഗളപത്രത്തിന്റെ സഹായം കൂടാതെതന്നെ സ്വന്തം വൈശിഷ്ട്യം സ്വയം പ്രഖ്യാപിക്കുന്ന ഒരു പ്രബന്ധമാണിതെന്നേ പറയേണ്ടൂ.

പ്രാരംഭത്തില്‍ സി.ജെ.യെക്കുറിച്ചു പറഞ്ഞ സവിശേഷഗുണങ്ങള്‍ പലതും ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ റസ്സ്ലുദ്ദീനും ഇണങ്ങുന്നതായി ഞാന്‍ കാണുന്നു. സ്പര്‍ദ്ധ ബാധിക്കാത്ത മനസ്സോടുകൂടിയാണ് അദ്ദേഹം തന്റെ പ്രമേയത്തെ സമീപിക്കുന്നത്. അത് വിശകലനം ചെയ്യുമ്പോള്‍ പൂര്‍വ്വധാരണകള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. അദ്ദേഹം സ്വതന്ത്രനാണ്. അതുകൊണ്ട് നാടകാസ്വാദനം എന്ന അനുഭവവും നാടകവിമര്‍ശനം എന്ന ധിഷണാപ്രക്രിയയും ഇവിടെ പരസ്പരം ഇണങ്ങിചേര്‍ന്നിരിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെയുള്ള യാത്ര ഏതൊരു മനസ്സിനും ഉന്മേഷദായകമായി അനുഭവപ്പെടുമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. അതോടൊപ്പം, വിയോജിക്കാനും വ്യത്യസ്തമായി ചിന്തിക്കാനും കൂടി ഇതിലെ പല ഭാഗങ്ങളും നിങ്ങളെ പ്രേരിപ്പിക്കാതിരിക്കില്ല. അങ്ങനെ പ്രേരിപ്പിക്കാന്‍ കഴിയുന്നു എന്നതിനേക്കാള്‍ വലിയ വിജയം ഒരു ഗ്രന്ഥകാരന് കൈവരിക്കാനില്ല. ആ വിജയത്തിന്റെ പേരില്‍ ഡോ. റസ്സലുദ്ദീനെ അഭിനന്ദിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കട്ടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരീതിശാസ്ത്രം
Next articleആനപപ്പടം..!
അധ്യാപകൻ, എഴുത്തുകാരൻ, വാഗ്‌മി, ചിന്തകൻ എന്ന നിലകളിൽ ഏറെ പ്രശസ്തനാണ്‌. കേരളത്തിന്റെ സാമൂഹ്യരാഷ്‌ട്രീയസാംസ്‌കാരിക രംഗത്ത്‌ സജീവമായി ഇന്നും പ്രവർത്തിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here