ഈ മാസം ആദ്യവാരവസാനത്തോടൂകൂടിയാണ് അര്‍ദ്ധരാത്രിയോടടുത്ത നേരത്ത് പ്രധാനമന്ത്രി രാജ്യത്തെ കറന്‍സി 1000,500 രൂപാ നോട്ട് അസാധുവായി പ്രാഖ്യാപിച്ചത്. പഴയ നോട്ടുകള്‍ മാറാന്‍ ഒരാഴ്ച വരെ കൊടുത്ത സാവകാശം പിന്നീട് ഡിസംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് രാജ്യത്തെ ഏത് ബാങ്കിലും മാറാമെന്നതിനു പുറമേ ഇലക്ട്രിസിറ്റി, ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റി, പെട്രോള്‍ പമ്പുകള്‍ ഇവിടെയൊക്കെ മാറാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും അവ നിരോധിക്കുകയാണുണ്ടായത്. പച്ചക്കറി, പലച്ചരക്കു സാധനങ്ങള്‍ വില്‍ക്കുന്നിടത്ത് ഇതായിരുന്നു അവസ്ഥ. ആദ്യത്തെ 4,5 ദിവസം ബാങ്കുകളില്‍ പോസ്റ്റ് ഓഫീസുകളിലും രാവിലെ മുതല്‍ രാത്രി വരെയും നീണ്ട ക്യൂവായിരുന്നു പ്രത്യക്ഷപ്പെട്ടത്. ATM കൗണ്ടറുകളില്‍ പലപ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍ നോട്ടുകള്‍ തീര്‍ന്ന അവസ്ഥയും റിസര്‍വ് ബാങ്ക് ഗവര്‍ണറും, രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദരും രാഷ്ട്രീയ നിരീക്ഷകരും മോഡിയുടെ നടപടിയെ കള്ളപ്പണം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ധീരമായ നടപടിയെന്ന് വിലയിരുത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഈ നടപടിയെ നഘശിഖാന്തം എന്തിര്‍ക്കുകയാണുണ്ടായത്. പ്രധാന പ്രതിപക്ഷ കക്ഷിയായ മുന്‍ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണി ഈ നടപടിയെ സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തതോടെ ആന്റണിക്ക് തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് തിരുത്തേണ്ടി വന്നു.
അഞ്ഞൂറു രൂപയ്ക്കും ആയിരം രൂപയ്ക്കും രണ്ടായിരം രൂപയുടെ പുതിയ നോട്ട് മാത്രമായി അടിച്ചിറക്കിയതാണ്, ഈ പ്രതിസന്ധിക്ക് കാരണമായതും പ്രതിപക്ഷ കക്ഷികളുടെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായതും. പുതിയതായി അഞ്ഞൂറുരൂപ അടിച്ചിറക്കിയത് ഒരാഴ്ചയ്ക്കു ശേഷം മാത്രമാണ്. ഹോട്ടലുകളിലും പച്ചക്കറി മാര്‍കറ്റുകളിലും ആശുപത്രികളിലും ചെറിയ നോട്ടുകളുടെ അഭാവം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചതും ഇപ്പോള്‍ ഒരാഴ്ച പിന്നിടുന്നതോടെ പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ അടിച്ചിറക്കിയതും നൂറിന്റെയും അന്‍പതിന്റെയും നോട്ടുകള്‍ സുലഭമായി കിട്ടുമെന്ന അവസ്ഥ വന്നതും പ്രതിസന്ധിക്ക് ഒട്ടൊരു ശമനം വന്നിട്ടുണ്ട്. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ എല്ലായിടത്തും ഇപ്പോഴും എത്തിയിട്ടില്ല. എങ്കിലും ഈ മാസവസാനം വരെ നീണ്ട ക്യൂവും ക്രയവിക്രയത്തെക്കുറിച്ചുള്ള തര്‍ക്കവും ആശയക്കുഴപ്പവും നീണ്ടുനില്‍ക്കും.
പ്രധാനമന്ത്രിയുടെ ഈ നടപടി രാജ്യത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവയാണ് നല്‍കിയത്? കള്ളപ്പണം നിര്‍മാര്‍ജനം ചെയ്യുന്നതിന് ഈ നടപടി എത്രമാത്രം സഹായിച്ചിട്ടുണ്ട്?
കണക്കില്‍പെടാത്ത പണം സൂക്ഷിച്ചവര്‍ക്കും ബിനാമി പണമിടപാടുകളിലൂടെ പണം സ്വരൂപിച്ച് വച്ചവര്‍ക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടായത്. ബാങ്കില്‍ മാറി കിട്ടുന്നതിനായി പഴയനോട്ടുകള്‍ കൊടുക്കുമ്പോള്‍, കൊടുക്കുന്ന ആളുടെ ഐഡന്റികാര്‍ഡ് വേണമെന്ന നിബന്ധനയും ഡിക്ലറേഷന്‍ ഫോമില്‍ വിവരങ്ങള്‍ ചേര്‍ത്ത് കൊടുക്കണമെന്നും വന്നപ്പോഴാണ് കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. അങ്ങനെ നോക്കുമ്പോള്‍ മോഡിയുടെ നടപടി ധീരമായ നടപടി മാത്രമാണ്. ഇന്‍ഡ്യയുടെ അയല്‍ രാജ്യത്ത് നിന്നും ഇന്‍ഡ്യന്‍ കറന്‍സിയുടേ വ്യാജനോട്ടുകള്‍ അടിച്ചിറക്കി നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടാനുള്ള പ്രവൃത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കൊച്ചി തുറമുഖത്തുനിന്നും ഒരു കണ്ടെയ്നര്‍ ലോറി നിറയെ കള്ളനോട്ടു പിടിച്ച സംഭവം പത്ത് വര്‍ഷത്തിനു മുമ്പ് പിടിച്ചെടുത്തത് ആയിടയ്ക്ക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍ പണവും കള്ളപ്പണവും പിടിച്ചെടുത്തത് മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ്. ഇതില്‍ നിന്ന് തന്നെ രാജ്യത്തിന്റെ സുസ്ഥിരതയെ അപകടത്തില്‍പ്പെടുത്താനുള്ള നടപടി ഏറെക്കാലമായി നിലനില്‍ക്കുകയായിരുന്നുവെന്ന കാര്യം വരുമ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ നടപടി പൊതുജനങ്ങള്‍ക്ക് താത്കാലികമായി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അത് സ്വാഗതാര്‍ഹമായ നടപടിയാണേന്ന് പറയാതെ വയ്യ.
കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകളാണ് ഇപ്പോള്‍ ഏറെ പ്രതിസ്ന്ധിയിലായിരിക്കുന്നത്. കണക്കില്‍പ്പെടാത്ത പണം നിക്ഷേപിക്കുന്നതിനുള്ള ഒരു മറയായിരുന്നു ഈ സഹകരണ ബാങ്കുകള്‍. പാന്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്ന കാരണം മുതലെടുത്ത് കൊണ്ടാണ് ഈ നിക്ഷേപങ്ങളധികവും വന്നുചേര്‍ന്നത്. ഈ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പിന്നീടതെവിടെ എങ്ങനെ കണക്കില്‍പ്പെടുത്തി നിക്ഷേപിക്കും എന്ന അവസ്ഥ വരുമ്പോള്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ഏറെ ആശങ്കയിലാണ്. റിസര്‍വ് ബാങ്കിന്റെ കര്‍ശനമായ നിയന്ത്രണ നടപടികള്‍ ഇവിടെ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്കും ഏറെ പ്രതിസന്ധി വീഴിച്ചിട്ടുണ്ട്. അവരുടെ ആശങ്കയകറ്റേണ്ട ഉചിതമായ നടപടി ഭരണത്തിലിരിക്കുന്നവര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്തൊക്കെ പ്രതിസന്ധികള്‍ താല്‍കാലികമായി പൊതുജനങ്ങള്‍ക്ക് നേരിടേണ്ടി വന്നാലും ഇപ്പോഴത്തെ ആയിരം അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയത് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് പറയാതെ വയ്യ.