ഓർമ്മകളിൽ

86415713212393-56287d668f512

(ഓണവും ഓണക്കാലവും വെറും ടെലിവിഷനിലും മൊബെയിലുമായി ഒതുങ്ങി നിൽക്കുന്ന ഈ കാലത്ത് ഓരോ മലയാളി മനസ്സുകളിലും തങ്ങി നിൽക്കുന്ന ഓർമ്മകളിലൂടെ മാത്രമാണിന്നു ഈ ആഘോഷങ്ങൾക്ക് ജീവൻ പകരാൻ കഴിയുന്നത്. ഓരോ തലമുറ വന്നുപോകുംതോറും മലയാളികളുടെ ഈ ആഘോഷങ്ങൾ പഴയ മനസ്സുകളുടെ ചിതലരിച്ച താളുകളിൽ ലിഖിതങ്ങളായ പഴങ്കഥകൾ മാത്രമാകുന്നുവോ? എന്നും മൃഷ്ടാന്ന ഭക്ഷണവും പുതുവസ്ത്രങ്ങളും കണ്ടു മടുത്ത അണുകുടുംബങ്ങളിലെ അൽപ്പ സന്തതികൾക്ക് എല്ലാ നാളും ഓണം തന്നെയല്ലേ! ദിവസം മുഴുവൻ ഇലക്ട്രോണിക് യുഗത്തിൽ ജീവിയ്ക്കുന്ന ഇവർക്ക് പ്രതൃതിയുടെ സ്വഭാവ മാറ്റത്തെയും, നവരസങ്ങളെയും സൗന്ദര്യത്തെയും കുറിച്ച് എങ്ങിനെ അറിയാൻ കഴിയും!)
കാലചക്രം തിരിഞ്ഞാലും, നാട്ടുനടപ്പുകൾ മാറിയാലും, തലമുറകൾക്കൊപ്പം ചിന്താഗതികൾ മാറിയാലും, ഹരിതകപട്ടുടുത്ത് പലവർണ്ണപൂച്ചൂടി പൊന്നോണത്തെ വരവേൽക്കാൻ പുഞ്ചിരിതൂകിനിൽക്കുന്ന മനോഹരിയായ ധരിണീ ഓരോ ചിങ്ങമാസം വന്നണയുമ്പോഴും നിന്റെ ഓർമ്മചിറകുമായ് എൻമനം പറന്നുയരുന്നു.
കർക്കിടകമാസത്തിൽ തോരാത്ത അശ്രുവിൽ അലസമായിതീർന്ന മനുഷ്യമനസ്സുകൾ ചിങ്ങമാസത്തിലെ നിന്റെ അണിഞ്ഞൊരുങ്ങിയുള്ള വരവോടെ കണ്ണ്തുറന്ന് നിന്റെ മാദകസൗന്ദര്യത്താൽ ഉർജ്ജസ്വലരാകുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ വാശിയാകുന്ന മഴയും ഞൊടിയിടയിൽ മോണകാട്ടിചിരിയ്ക്കുന്ന പൊൻവെയിലും മനസ്സിന് കൗതുകം പകരുന്നു. പുലർകാലസുന്ദരവേളയിൽ ഇളംമഞ്ഞിന്റെ ചുംബനത്താൽ നനഞ്ഞ ഇലകളുടെ കവിൾത്തടങ്ങളിൽ ഇളംവെയിൽവന്നെത്തി നോക്കും വരെ ഹിമകണങ്ങൾ താളം പിടിയ്ക്കുന്നു. മഞ്ഞിന്റെ സാന്ത്വനമേറ്റു പുലരിയുടെ മടിത്തട്ടിൽ മയങ്ങി മതിവരാത്ത ചെടികളും, പൂക്കളും, നെല്ലോലകളും അർക്കന്റെ പൊൻപ്രഭയിൽ ജാള്യരായി കൺചിമ്മിയുണരുന്നു. പൊൻവെയിലിൽ മഞ്ഞുതുള്ളികളാൽ വൈരംപതിച്ച കല്ലുമാലകൾ ചാർത്തിയ ഭാരത്താൽ തലകുനിച്ച്നിൽക്കുന്ന വയലേലകൾ മന്ദമായി തലോടികൊണ്ടിരിയ്ക്കുന്ന കുളിർകാറ്റിന്റെ താളത്തിൽ എല്ലാം മറന്നൊന്നു ചാഞ്ചാടുന്നു. ചിങ്ങപുലരിയിൽ ഇല്ലവും, വല്ലവും, അറയും നിറയ്ക്കാൻ തുടിയ്ക്കുന്ന മനസ്സുമായി, കണ്ണിൽ ഒരായിരം മധുര പ്രതീക്ഷകളും,ചു ണ്ടിൽകൊയ്ത്തുപാട്ടും കയ്യിൽ പൊന്നരിവാളുമായി വരുന്ന പെണ്ണിന്റെ ശാലീന സൗന്ദര്യമോർത്തണോ ഈവലയോലകളുടെ ചാഞ്ചാട്ടം?
തൊടികളിൽ കൂട്ടംചേർന്ന് സൊറ പറഞ്ഞുനിൽക്കുന്ന കാശിത്തുമ്പപൂക്കൾ. തരുണീമണികളെപ്പോലെ പലവർണ്ണ ഉടുപ്പുകൾ ഇട്ടിരിയ്ക്കുന്നു. മഞ്ഞിൻ പുതപ്പുമൂടിയുറങ്ങുന്ന മുക്കുറ്റിപൂക്കൾ സൂര്യരശ്മികൾ വന്നുവിളിയ്ക്കുമ്പോൾ സ്ഥലകാലബോധമില്ലാതെ കണ്ണുമിഴിച്ച്നിൽക്കുന്ന. ചിങ്ങപെണ്ണിന്റെ ചെഞ്ചുണ്ടിനുള്ളിലൂടെ കൊച്ചരിപല്ലുകാട്ടി ഊറിച്ചിരിയ്ക്കുന്ന തുമ്പപൂക്കൾ. അവളുടെ മാദക സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ കണ്ണിൽ കരിമഷിയുമായി വിരിയുന്ന ഓണപടപ്പൂക്കൾ പുതുവർഷത്തിൽ സൗഹൃദസന്ദേശവുമായി വിടർന്നുനിൽക്കുന്ന മത്തപ്പൂക്കളും, കുമ്പളപ്പൂക്കളും മനസ്സിനെ പ്രതീക്ഷകളുടെ പുതുവർഷ ഒരുമലർവാടിയാക്കുന്നു.
സ്വർണവർണ്ണത്തിൽ കണംകാലുവരെ പിന്നിയിട്ടുകെട്ടിയ കാർകൂന്തലുമായി ഓണത്തപ്പനെക്കാണാൻ അണിഞ്ഞൊരുങ്ങിനിൽക്കുന്ന നേന്ത്രകുലകൾ. ഈ ഓണസദ്യഎങ്ങിനെ ഗംഭീരമാക്കാം എന്നതിനെകുറിച്ച് സമ്മേളമം നടത്തുന്ന പച്ചക്കറിതോട്ടങ്ങൾ. ഓണസദ്യയിൽ ഓലന്റെ കാര്യം ഞാനേറ്റു എന്ന് പറഞ്ഞു പൂത്തുലഞ്ഞു നിൽക്കുന്ന ഇളവൻ, എരിശ്ശേരി എന്റെവക എന്ന് പറഞ്ഞു വിളഞ്ഞു ഓറഞ്ചു നിറത്തിൽനിൽക്കുന്ന മത്തൻ, ഞങ്ങളുടെ വക ഒരു ഉഗ്രൻ അവിയൽ എന്ന് പറഞ്ഞു തുള്ളിച്ചാടുന്ന വെള്ളരിക്ക, പയർ, പടവലങ്ങ, പാവയ്ക്ക, ചേന എന്നിവർ . അവിയലിൽ മാത്രം ഞാൻ തൃപ്തിപ്പെടില്ല, എന്റെ വക ഒരു കാളനും എന്ന് പറഞ്ഞു നിൽക്കുന്ന വട്ടചേനകൾ. ഞാനില്ലാത്തൊരു സാമ്പാറോ എന്ന ചോദ്യത്താൽ ഞെളിഞ്ഞു നിൽക്കുന്ന വെണ്ടക്കായ. എല്ലാവർക്കും എന്റെ സഹായമുണ്ടായിരിയ്ക്കും എന്നവാഗ്ദാനത്തോടെ പൊട്ടിത്തെറിച്ച്നിൽക്കുന്ന ചീന മുളകുകൾ . എല്ലാം കൊണ്ടും സമ്പൽ സമൃദ്ധമായ ഒരു മാസം.
കൊയ്ത്തും, പണിത്തരങ്ങളും എല്ലാം ഒരുവിധം അവസാനിച്ചു. ഇനി വിളവെടുപ്പിന്റെ കാലം. ഉത്സവത്തിന്റെ കാലം. ഉത്തരവാദിത്വങ്ങളിൽ നിന്നും വിമുക്തരായി വലിയവരും, പഠനത്തിൽനിന്നും ഇടവേളയായി കുട്ടികളും ഉത്സവ തിമിർപ്പിൽ മുഴുകുന്നകാലം. ഓണലഹരിയുമായി അത്തം വന്നെത്തി. കാട്ടിലും, പറമ്പിലും കിലുകിലാചിരിച്ച് പൂവറുത്ത് പൂക്കൂടകൾ നിറയ്ക്കുന്ന കുട്ടിപട്ടാളങ്ങൾ. ചാണകം മെഴുകിയ മുറ്റത്ത് കുട്ടികളും, വലിയവരും ചേർന്ന് മത്സരിച്ച് തീർക്കുന്ന മനോഹരമായ പൂക്കളങ്ങൾ. ആവേശ ലഹരിയിൽ ആർത്തുവിളിയ്ക്കുന്ന ഓണച്ചന്തകൾ. എല്ലാവര്ക്കും വർഷത്തിലൊരിക്കൽ വാങ്ങുന്ന പുതുവസ്ത്രങ്ങൾ . ഉത്രാട സന്ധ്യയിൽ അടുക്കളയിൽനിന്നും ശർക്കരയും, തേങ്ങയും, പഴവും തുമ്പപ്പൂവുമിട്ട അട ഇലയിൽ വേവുന്ന നറുമണം. തയ്യാറാക്കി വച്ചിരിയ്ക്കുന്ന കാളൻ, പുളിയിഞ്ചി വടുകപ്പുളി നാരങ്ങാക്കറി, ശർക്കര ഉപ്പേരി, വറുത്തുപ്പേരി എന്നിവയെല്ലാം ചേർന്ന സ്വാദിഷ്ടമായ മണം. സന്ധ്യമയങ്ങിയാൽ മാവേലി തമ്പുരാനെ വരവേൽക്കുന്ന ആർപ്പുവിളി. തുകിലുണർത്താൻ വീടുതോറും കയറിയിറങ്ങുന്ന പാണന്റെ പാട്ട്. ഇതെല്ലാം ചേർന്ന എന്നും കഠിനാദ്ധ്വാനം ചെയ്തു ജീവിയ്ക്കുന്ന നാടൻ മനുഷ്യർക്കിടയിലെ ജീവിത ചക്രത്തിലെ ഒരു സുദിനമാകുന്ന ഒരു ഉത്രാട ആഘോഷം.
കോടിയുടുക്കാൻ, വയറുനിറയെ സുഭിക്ഷമായി ഭക്ഷണം കഴിയ്ക്കാൻ എല്ലാം മറന്നു കളികളിൽ ഏർപ്പെടാൻ തുടിയ്ക്കുന്ന മനസ്സുമായി ഓരോ ഹൃദയവും തിരുവോണ രാവിനെ കാത്തിരിയ്ക്കുന്നു. നിലാവുള്ള ഉത്രാട രാത്രിയെ തഴഞ്ഞു തിരുവോണ പുലരിയെത്തുന്നു. ആ ദിവസത്തെ വരവേൽക്കാൻ എല്ലാവരും കുളി കഴിഞ്ഞു കോടിയുടുത്ത് ഒരുങ്ങുന്നു. പഴനുറുക്കും, പപ്പടവും വറുത്തുപ്പേരിയും ചേർന്ന പ്രാതൽ. പ്രാതലിനുശേഷം കളികളിൽ മുഴുകുന്ന കുട്ടികൾ, ഓണസദ്യയൊരുക്കുന്ന മുതിർന്നവർ. കാളൻ ഓലൻ, എരിശ്ശേരി, സാമ്പാർ, പുളിയിഞ്ചി നാരങ്ങാ, പപ്പടം, ഉപ്പേരി, ശർക്കര ഉപ്പേരി എന്നിവ നാക്കിലയിൽ വിധിപ്രകാരം വിളമ്പിയുള്ള ഊണ്. ഊണിനുശേഷം ഒരു ഭാഗത്ത് കുട്ടികൾ കളികളിൽ ഏർപ്പെടുന്നു. വലിയവർ വേറൊരിടത്ത് പന്തുകളി തുടങ്ങിയ കളികളിൽ ഏർപ്പെടുന്നു. കൈകൊട്ടിക്കളി, തുമ്പിതുള്ളൽ എന്നിവയാണ് പെണ്ണുങ്ങളുടെ പ്രധാന കളികൾ. ഈ ആഘോഷങ്ങൾ ഒന്നാം ഓണം മുതൽ മൂന്നാം ഓണം വരെ തുടരും. നാലാം ഓണം ഉത്രട്ടാതിയിലാണെങ്കിൽ പുലികളിയും, ഭഗവാന്റെ പോന്നോടം വന്നാലുള്ള വഞ്ചിപ്പാട്ടും, വള്ളം കളിയും. ഈ ഓണക്കാലം കളിച്ചും, ചിരിച്ചും, സുഭിക്ഷയായ ഭക്ഷണം കഴിയ്ക്കുന്നതിനും മാത്രമായിരുന്നില്ല, ബന്ധുക്കളും, സുഹൃത്തുക്കളും പരസ്പരം സന്ദർശിച്ച് സൗഹൃദത്തിന്റെയും, പരസ്പര ബന്ധങ്ങളുടെയും കെട്ടുമുറുക്കുന്നതിനുള്ള ഒരവസരം കൂടിയായിരുന്നു.
ചിങ്ങമാസത്തിൽ ശാലിനിയായ ധരിണിയുടെയും, ഓണത്തിന്റെയും, ആ ബാല്യകാല സ്മരണകളിൽ ഇനിയും ചിറകുവിരിച്ച് പറന്നുനടക്കാൻ മനസ്സുതുടിയ്ക്കുന്നു. എന്നെപ്പോലെതന്നെ ഓരോ വായനക്കാർക്കും തന്റെ മനസ്സിൽ മറച്ചുകളഞ്ഞ താളുകളിൽ കുറിച്ചിട്ട, വായിയ്ക്കുംതോറും വാചാലമാകുന്ന ഒരു പാട് കൊതി തീരാത്ത നിമിഷങ്ങൾ പറയാൻ കാണുമല്ലോ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here