വിനോദത്തിനായി പോകുന്ന ചില യാത്രകളെങ്കിലും യാഥാർഥ്യങ്ങളുടെ കനലുകളിൽ വെന്തുകൊണ്ട് വിനോദം വെണ്ണീറാകാറുണ്ട്. പിന്നീടവ തിരിച്ചറിവിന്റെയും നൊമ്പരത്തിന്റെയും ഓർമ്മകൾ സമ്മാനിച്ചു മനസ്സിൽ നീറിക്കിടക്കും ..
ഇന്ത്യയുടെ തെക്കുകിഴക്കൻ മുനമ്പിലേക്കുള്ള യാത്ര അത്തരമൊരനുഭവമായിരുന്നു നൽകിയത്. രണ്ടു കടലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ,സിലോണിലേക്കുള്ള യാത്രാ മാർഗം. നൂറ്റാണ്ടിനു മുമ്പേ റെയിൽവേ പാമ്പനിലേക്കും അതുവഴി ഇവിടേക്കും എത്തിയിരുന്നു. റെയിൽവേ ,തപാൽ ,പോർട്ട് മേഖലയിലെ ജീവനക്കാരടക്കം ഒരു ജനത ഇവിടെ വസിച്ചിരുന്നു . അമ്പത് വർഷങ്ങൾക്കു മുമ്പ് ഇരുട്ടിലൂടെ പാമ്പൻ പാലം കടന്നു പാഞ്ഞു കൊണ്ടിരുന്ന തീവണ്ടി ,മൈലുകൾക്കകലെ സൈക്ളോൺ ഉരുണ്ടുകൂടുന്നത് അറിഞ്ഞു കാണില്ല .തന്റെ അവസാന യാത്രയാണെന്നറിയാതെ ആ തീവണ്ടിയും അതിനുള്ളിലെ നൂറുകണക്കിന് യാത്രക്കാരും ധനുഷ്കോടിയെ ലക്ഷ്യമാക്കി നീങ്ങി അവർ മഹോദധി എന്ന് വിളിച്ചിരുന്ന ബംഗാൾ ഉൾക്കടൽ പാഞ്ഞു കയറി നഗരമാകെ നക്കി തോർത്തി മടങ്ങുമ്പോൾ കൂടെ ഒരു ജനതയെയും അവരുടെ സ്വപ്നങ്ങളെയും ആ തീവണ്ടിയെയും തന്റെ മടിത്തട്ടിലൊളിപ്പിച്ചു ….
ആയിരങ്ങൾ നഷ്ട്ടമായ മഹാദുരന്തത്തിനു ശേഷം നഗരം വാസയോഗ്യമല്ല എന്ന കുറിപ്പിലൂടെ സർക്കാർ പതനം പൂർത്തീകരിച്ചു
പക്ഷെ …
പിറന്ന മണ്ണിൽ നിന്നും പോകാനിടമില്ലാത്തവർ പിന്നെയും അവശേഷിച്ചിരുന്നു അവിടെ . ജനിച്ചതിവിടെയാണെങ്കിൽ മരിച്ചു വീഴുന്നതും ഇവിടെ ,എന്ന ജീവിത സമര ആഹ്വാനത്തിൽ അവരിന്നും ഇവിടെ തുടരുന്നു .ആഴിയുടെ ശേഷിപ്പുകളുടെ അരികിൽ കുടിലുകൾ കെട്ടിക്കൊണ്ട് ,നൂറു മീറ്റർ ചുറ്റളവിലുള്ള മണൽത്തിട്ടകളിൽ അന്തിയുറങ്ങുന്നു.ആഴികളിൽ ആരും പിണങ്ങരുതേ എന്ന പ്രാർത്ഥനയുമായി .ഓടിയൊളിക്കാൻ ഇടമില്ലാത്ത അവരുടെ ജീവിതത്തോടുള്ള പോരാട്ടം നമ്മെ വിസ്മയിപ്പിക്കും ..
ധനുഷ്കോടിയെ പ്രേത നഗരം എന്ന വിശേഷണത്തിലാണ് സർക്കാർ അടക്കമുള്ള വിനോദ സഞ്ചാര ഏജൻസികള് വിളിക്കുന്നത് .ഒരിക്കൽ എല്ലാം തുടച്ചെറിഞ്ഞു അവയുടെ ശേഷിപ്പുകൾ കാണിച്ചു തരുന്നതിനാലാവണം അങ്ങനെയൊരു വിശേഷണം വന്നത് . എങ്കിലും വിശേഷണം അല്പം ക്രൂരമായി എന്ന് നമുക്ക് തോന്നാം. ആ ശേഷിപ്പുകൾക്കിടയിൽ കുറേക്കുടിലുകളും അവിടെ നിക്കറിട്ടു വട്ടു തട്ടുന്ന കുട്ടികളെയും കാണുമ്പോൾ. പുതിയൊരു തലമുറ ഇവിടെ വളരുകയാണ്. അവർക്കായി ഒരു പ്രാഥമിക വിദ്യാലയം സർക്കാർ സ്ഥാപിച്ചിരിക്കുന്നു. ഒന്ന് മുതൽ എട്ടു വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കടലെടുത്ത പള്ളിയും അമ്പലവും സ്‌മൃതികൾ ആയി മാറിയപ്പോൾ അവിടെ പുതുതായി നിർമിച്ചത് ഒരു വിദ്യാലയം ആണെന്നുള്ള സത്യം ,ആ ജനതയുടെ യഥാർത്ഥ പ്രാർത്ഥനാലയം ഏതാണെന്നു നമുക്ക് കാട്ടിത്തരുന്നു . പ്രകൃതിയുടെ മുന്നിൽ നിസ്സഹായരാണെന്നു പഠിച്ചവരാണവർ. ഇനിയുള്ള പ്രാർത്ഥനകൾ വിദ്യയിലൂടെയാണ് സ്വായത്തമാക്കേണ്ടതെന്ന തിരിച്ചറിവുള്ള ജനത,
മനസ്സിലെവിടെയോ പ്രതീക്ഷയുടെ നാമ്പുകൾ മുളക്കുന്നു
അതിജീവനത്തിന്റെ പാമ്പൻ പാലം കടന്നാൽ രാമേശ്വരം ഉൾപ്പെടുന്ന ദ്വീപിലേക്ക് പ്രവേശിക്കുകയായി. ശ്രീരാമന്റെ രാവണയുദ്ധത്താലും ഹനുമാനും വാനരപ്പടയും നിർമിച്ച രാമസേതുവിനാലും ത്രേതായുഗത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന കൊച്ചു പട്ടണം. രാവണൻ യുദ്ധാനന്തരം പാപമോചനത്തിനായി ശ്രീരാമൻ നിർമിച്ചതെന്ന് വിശ്വസിക്കുന്ന ശിവപ്രതിഷ്ഠയുള്ള , ലോകപ്രശസ്തമായ ഇടനാഴിയുള്ള ,പാപശുദ്ധി വരുത്തുമെന്ന വിശ്വാസത്താൽ അനേകങ്ങൾ തീർത്ഥാടനം നടത്തുന്ന ക്ഷേത്രം . മുപ്പതിലേറെ തീർത്ഥങ്ങളുള്ള നഗരം പിന്നിട്ട് പതിനെട്ടു കിലോമീറ്റര് ദൂരമുണ്ട് ധനുഷ്‌കോടി എന്ന അതിജീവനത്തിന്റെ പ്രദേശത്തേക്ക്.
അവിടേക്കുള്ള വഴിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ നമ്മുടെ ഇരുവശവും മാനം കമാനം തീർക്കും. ആ കമാനത്തിനുള്ളിലൂടെയാണ് പിന്നീടുള്ള യാത്ര. വഴിയിലായി വിഭീഷണൻ എന്ന രാവണന്റെ സഹോദരനെ രാജാവായി വാഴിച്ച ഒരു ക്ഷേത്രം കാണാം . അകലങ്ങളിലായി പൊട്ടുപോലെ ഒരു തുരുത്തും.
ശ്രീരാമൻ രാവണൻ വധത്തിനു ശേഷം തന്റെ കയ്യും മുഖവും കഴുകി ശുദ്ധിയാക്കിയ ജഡമുഖി തീർത്ഥവും ഈ വഴിയിലാണ്. ഇടതുവശത്തായി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ വേപ്പു മരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മനോഹര പ്രദേശത്തെത്തും . വളരെ ശാന്തമായ സ്ഥലം പന്ത്രണ്ടു വര്ഷത്തിലൊരിക്കലുള്ള ഉത്സവത്തിനാണത്രെ ശബ്ദമുഖരിതമാവുന്നത്. ഈ വേപ്പുമരചുവടുകളിൽ തെല്ലിട വിശ്രമിച്ചാൽ,മനസ്സിന്റെ തുരുത്തുകളിൽ നിന്നും സ്വതന്ത്രമായി നാം വിശാലമായ പരപ്പുകളിലെത്തും.
പിന്നീടുള്ള യാത്രയിൽ ഇടതുവശം ശാന്തയായി നിൽക്കുന്ന മഹോദധി എന്ന വിളിപ്പേരുള്ള ബംഗാൾ ഉൾക്കടലും ആർത്തലച്ചുകൊണ്ടിരിക്കുന്ന രത്‌നാകരം എന്ന പേരുള്ള ഇന്ത്യൻ മഹാസമുദ്രവും. ഇതിൽ മഹോദധിയെ പെൺകടലെന്നും രത്നാകരത്തെ ആൺകടലെന്നുമാണ് ഇവർ വിളിക്കുന്നത്. കുസൃതിക്കാരനായ രത്നാകരത്തെ തെല്ലു പേടിയോടെയാണ് ഇവർ കണ്ടിരുന്നതെങ്കിലും തികച്ചും ശാന്തയായിരുന്ന പെണ്ണാണ് അന്നാ കുസൃതി കാണിച് അവരെ അവളിലേക്കെടുത്തത്.
വഴി നീണ്ടു നിവർന്നു കിടക്കുകയാണ്. വളരെ കുറച്ചു കാലങ്ങളേ ആയുള്ളൂ ഈ റോഡ് വന്നിട്ട്. അതുവരെ ജീപ്പുകളിലും മറ്റുമായിരുന്നു സഞ്ചാരികൾ ഇവിടെ എത്തിയിരുന്നത് എന്നറിഞ്ഞപ്പോഴും ചിന്തിച്ചത് ഇവരുടെ ദുരിതങ്ങളെക്കുറിച്ചാണ് . വൈദ്യുതിയില്ലാത്ത,യാത്ര മാർഗമില്ലാതെ അമ്പതോളം വർഷങ്ങൾ തങ്ങളുടെ മണ്ണിനെ പുണർന്നു കിടന്നവർ.
ചെക്ക് പോസ്റ്റ് കഴിയുമ്പോൾ ഓല കൊണ്ട് മറച്ച കുടിലുകൾ തെളിയുകയായി. കാലാവസ്ഥ മോശമാണെങ്കിൽ അങ്ങോട്ട് യാത്രികരെ കടത്തിവിടാറില്ല. അതിനാണീ കാവൽ . പ്രേതനഗരത്തെ പരിചയപ്പെടുത്തുന്ന ബോർഡുകൾ വഴിയരികിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു . പഴയ റെയിൽവേ സ്റ്റേഷനും വാട്ടർ ടാങ്കും ദുരന്ത സ്മരണകളായി കാഴ്ചക്കാരെ നോക്കി അഴുകി ദ്രവിക്കാത്ത “മമ്മി” യെപ്പോലെ നിലകൊള്ളുന്നു . ഇഷ്ടിക കൊണ്ടുള്ള കമാനമാതൃകയിലുള്ളത് കോവിലുകളാണെന്നു പിന്നീടറിഞ്ഞു.
വലതുവശത്തു കാണുന്ന പള്ളിയാണ് ഇന്നിന്റെ ധനുഷ്കോടിയുടെ മുഖചിത്രമായി എല്ലായിടത്തും കാണുന്നത് . അവിടേക്കുള്ള വഴി വേലികെട്ടിതിരിച്ചുകൊണ്ട് ശംഖുമാലകളും വെള്ളവും മറ്റും വിൽക്കുന്ന നാട്ടുകാർ. അവർക്കിടയിലൂടെ നടന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാണുന്ന ആളുകളെ വിളിച്ചു കൂട്ടലോ ബഹളങ്ങളോ ഒന്നും ഇല്ല .
അവർ ശാന്തരായി ഇരിക്കുന്നു. ആവശ്യക്കാർ വില ചോദിക്കുന്നു ,വാങ്ങുന്നു പോകുന്നു. തികഞ്ഞ നിർവികാരത. മിക്കയിടത്തും കുട്ടികളാണ് ഇരിക്കുന്നത് . ഓലകൊണ്ട് മറച്ച ഒരു സ്റ്റാളിൽ ഇരിക്കുന്ന കുട്ടിയുടെ മുഖം വെയിലുകൊണ്ടു വാടിയിട്ടുണ്ട്.വെറുതെ അവന്റെ കയ്യിൽ നിന്നും ഒരു മാല വാങ്ങി,അവൻ ചോദിക്കുന്നത് കൊടുക്കാമെന്നു കരുതി. നൂറു രൂപയാണ് സാർ അമ്പത് തരൂ .അവനെ ഒന്ന് കൂടി നോക്കിയാൽ അവനത് വീണ്ടും കുറയ്ക്കുമെന്ന് തോന്നി .
അവിടെ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്. പേര് രഘു. സ്‌കൂളില്ലാത്തതുകൊണ്ട് അമ്മാവന്റെ കടയിൽ വന്നിരുന്നതാണ് എന്നാണ് പറഞ്ഞത്. അച്ഛൻ കടലിൽ പോകും ‘അമ്മ രാമേശ്വരം അമ്പലത്തിൽ പൂവിൽക്കാൻ പോകും. പഠിച്ചു വലിയ ആളാവണം എന്നാണ് ആഗ്രഹം. എന്താവണം എന്നോ എത്ര വരെയാണ് പഠിക്കേണ്ടത് എന്നോ അറിയില്ല . പഠിപ്പിക്കുന്ന സാറിനെ വലിയ ഇഷ്ടാണ് എന്നവന്റെ വാക്കുകളിൽ നിന്നും മനസ്സിലായി. ഇവിടുത്തെ പുതിയ തലമുറയുടെ പ്രതിനിധി .
കുടിലുകളും സ്മരണകളും നിറഞ്ഞ വഴിയിലൂടെ കുറച്ചു ദൂരം നടന്നു. വിദ്യാലയം അവധിയായതിനാൽ കാണാൻ കഴിഞ്ഞില്ല. കുടിലുകളിൽ ചെറിയ കുട്ടികൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. മുതിർന്ന പുരുഷന്മാരിൽ ഭൂരി ഭാഗവും കടലിൽ പോയി ഉപജീവനം നടത്തുന്നവരാണ്. സ്ത്രീകൾ വഴിയോര കച്ചവടവും മറ്റുമായി ഉപജീവനം നടത്തുന്നു. മുനമ്പിലേക്ക് കുറച്ചു ദൂരം കൂടി പോകാനുണ്ടായിരുന്നു. ആഞ്ജനേയൻ കുതിച്ചു ചാട്ടം നടത്തിയ ഇടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലോർത്തു . ഇടതുവശം കടലിൽ തെല്ലകലെയായി ഒരു മണൽത്തിട്ട ഉയർന്നു നിൽക്കുന്നത് കാണാമായിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം മുനമ്പിനടുത്തേക്കു പ്രവേശിച്ചിരുന്നു .കടൽ കയറി നാമാവശേഷമാവുന്നതിനു മുമ്പേ ഉണ്ടായിരുന്ന പട്ടണത്തിന്റെ ഭാഗമായിരുന്നത്രെ ആ ഇടങ്ങളെല്ലാം. മഹോദധി തിരിച്ചു നൽകാത്ത ഇടങ്ങളുടെ കൊടിക്കൂറയായി ആ മണൽത്തിട്ട നീണ്ടു കിടക്കുന്നു .
രണ്ടായിരത്തി നാലിലെ സുനാമിയിൽ അവൾ ബഹുദൂരം പിറകോട്ടു പോകുകയും അന്നത്തെ ഇടങ്ങളെല്ലാം കാണപ്പെടുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു .
ഒരിടത്തു രത്‌നാകരം തിരകളുയർത്തി വരികയും മറുവശത്തു മഹോദധി ശാന്തയായി നിൽക്കുകയും ചെയ്യുന്നു. സഞ്ചാരികൾ ഇരുവശത്തും കടലിൽ ഇറങ്ങി കുളിക്കുന്നുണ്ട് . ചില ഭാഗങ്ങൾ പോലീസ് കാവലിൽ അടയാളം നൽകി സഞ്ചാരം തടഞ്ഞിരുന്നു .
ആഴിക്കപ്പുറം ശ്രീലങ്കയാണ്. വെറും പതിനെട്ടു കിലോമീറ്റര് ദൂരം മാത്രം. തെളിഞ്ഞ കാലാവസ്ഥയിൽ അങ്ങകലെ കര കാണാം എന്ന് ചിലർ പറഞ്ഞു .തെളിഞ്ഞതും കനത്ത ചൂടുള്ളതുമായ സമയം ആയിരുന്നെങ്കിലും രാവണൻ സാമ്രാജ്യത്തിന്റെ ആഗ്ര ഭാഗം കാണാനുള്ള യോഗമൊന്നും ഞങ്ങൾക്കുണ്ടായില്ല .
നാട്ടിലെ കനത്ത മഴയിൽ നിന്നുമാണ് ഇവിടെയെത്തുന്നത്. വലിയ ചൂടുള്ള സമയമാണ് ഇവിടെയിപ്പോൾ. സൂര്യൻ നേർ രേഖയിൽ തൊട്ടു മുകളിൽ വരുന്ന സമയം .ഇവിടെ മഴ സെപ്റ്റംബർ മുതലാണ് തുടങ്ങുന്നത് .
കഷണങ്ങളാക്കിയ മാങ്ങ ഉപ്പും മുളകുമിട്ടു വിൽക്കുന്ന അക്ക ,പേര് മഹേശ്വരി ദേവി . കനത്ത ചൂടിൽ മണലിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവർ മാങ്ങ നുറുക്കി കഷ്ണങ്ങളാക്കുന്നു. തൊട്ടടുത്ത ഒരു സഞ്ചിയിൽ ഒരു കുപ്പി വെള്ളം ,പിന്നെ അവർ മാറ്റി വെച്ച പഴങ്ങളുടെ തോലുകളും. വെയിലിൽ നിന്നും രക്ഷനേടുവാൻ സാരിത്തലപ്പുകൊണ്ട് തല മൂടിയിരിക്കുന്നു. അവരുടെ കൂടെ തെല്ലു നേരം ഇരുന്നു . രാവിലെ നാലു മണിക്ക് ഇവിടെ എത്തും വൈകുന്നേരം നാലുമണിയാകുമ്പോൾ തിരിച്ചുപോകും. ഉച്ചഭക്ഷണം എന്ന ചോദ്യത്തിന് കയ്യിലെ വെള്ള കുപ്പി ഉയർത്തി കാണിക്കുകയാണ് ചെയ്തത്.ഒ രു ചെറിയ ചിരിയും. ഭർത്താവ് നന്നായി ജോലി ചെയ്യും കടലിൽ പോകും. പക്ഷെ വൈകുന്നേരം എല്ലാം ചാരായം കുടിക്കാൻ ചെലവാക്കും. മദ്യം നിരോധിച്ച പ്രദേശമാണ് രാമേശ്വരം എന്നത് മറ്റൊരു വൈരുധ്യം. മൂന്നു പെണ്മക്കൾ കല്യാണത്തിന് പ്രായമായി. കടകളിലും മറ്റും ജോലി ചെയ്യുന്നു . ഭാവിയെക്കുറിച്ചുള്ള ആകുലതകളോ ആശങ്കകളോ അവർ കാണിക്കുന്നില്ല . ചെറിയൊരു പ്രകൃതി-മാറ്റം വരുത്തിയ പാഠം അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കണം. മനുഷ്യൻ ഇത്ര നിസ്സാരരാണെന്ന് ഹിമാലയം കാണുമ്പോഴാണ് മനസ്സിലാവുക എവിടെയോ വായിച്ചിരുന്നു. അതുപോലെ തന്നെയായിരിക്കും ഇവിടവും എന്ന് തോന്നുന്നു .
പ്രകൃതിക്ഷോഭത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവരുടെ അച്ഛനമ്മമാർ പറഞ്ഞ അറിവുകളാണ് അവർ പങ്കു വച്ചത്. ഞണ്ടുകളാണത്രെ അവരെ രക്ഷപ്പെടുത്തിയത് .രാത്രി യിൽ ഉറങ്ങിക്കിടക്കുമ്പോൾ ഞണ്ടുകളുടെ സഞ്ചാരമാണ് ഇവരെ ഉണർത്തിയതത്രെ. അലറി വരുന്ന തിരകളിൽ നിന്നും രക്ഷ നേടാൻ കെട്ടിടങ്ങളുടെ മുകളിലെവിടെയോ അഭയം തേടുകയായിരുന്നു രക്ഷപ്പെട്ടവരിൽ മിക്കവരും. അന്ന് കാലത്തു അസാധാരണമായി ദേശാടനക്കിളികൾ ധനുഷ്കോടിക്കു ചുറ്റും വട്ടമിടുകയും ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച അകലങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ മുതിർന്നവർ ഈ ആപൽസൂചന പങ്കുവച്ചിരുന്നു. അന്ന് രാത്രിയിലാണ് സൈക്ളോൺ പ്രഭാവം ആഞ്ഞടിക്കുന്നത്. മഹേശ്വരി ദേവിയുടെ കഥകൾ കേൾക്കാൻ ഞങ്ങളുടെ കൂടെ തൂത്തുക്കുടിക്കാരായ ഒരു കുടുംബവും ഇരുന്നിരുന്നു
അരവയർ പട്ടിണിയിലും ഈ ജീവിതത്തെക്കുറിച്ച അവർക്ക് സന്തോഷമാണുള്ളത് എന്ന് പറഞ്ഞപ്പോൾ മനസ്സുകൊണ്ടവരെ നമിക്കാതിരിക്കാൻ കഴിഞ്ഞില്ല . സന്തോഷവും സമാധാനവും ഉണ്ടാവുന്നത് സ്വന്തം മനസ്സിൽ നിന്നുമല്ലാതെ മറ്റൊരിടത്തുനിന്നുമല്ല എന്ന സത്യം പഠിപ്പിച്ചു തരുന്ന ഒരു ടീച്ചറായി മാറി അവർ .
ആ നാടിൻറെ രുചിയറിയാനുള്ള യാത്രയായിരുന്നു പിന്നീട് . മുനമ്പിലേക്കുള്ള യാത്രയിൽ ഓലകൊണ്ട് മറച്ച കടകളിൽ വലിയ അടുപ്പുകല്ലുകളും അവയ്ക്കു മുകളിൽ കൊതിയൂറും ഗന്ധം പറത്തിക്കൊണ്ട് പൊരിയുന്ന മത്സ്യങ്ങളും കാണാം . കടലിൽ നിന്നും ഇവർ കൊണ്ട് വരുന്ന മീൻ കൂട്ടിയുള്ള ഊണാണ് ഇവിടുത്തെ പ്രധാന ആകർഷണം. മീൻ കൂട്ടിയുള്ള ഊണെന്നതിനു പകരം ഊണ് തൊട്ടു കൂട്ടിക്കൊണ്ടു മീൻ കഴിക്കുക എന്നാണ് പറയേണ്ടത്. ആദ്യം നിർത്തിയ കടയിൽ ഊണില്ലാത്തതിനാൽ തൊട്ടടുത്ത കടയിലേക്ക് തിരിച്ചു. മീനിന്റെ വലുപ്പത്തിനനുസരിച്ചാണ് വില പറയുന്നത് . താരതമ്യേന കുറഞ്ഞ വിലതന്നെയാണ് അവിടെ. കടമുതലാളി പിച്ചൈ നല്ലൊരു സംസാരപ്രിയനായിരുന്നു. കടലിൽ പോകുന്നതിനെക്കുറിച്ചും ടൂറിസത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ഭാര്യ കുറച്ചു ദിവസമായി അവരുടെ വീട്ടിലായതിനാൽ പതിനഞ്ചു ദിവസത്തിന് ശേഷം ഇന്നാണ് തുറക്കുന്നതെന്ന് പിച്ചൈ പറഞ്ഞു . മഴക്കാലമായാൽ വറുതിയുടെ നാളുകളാണ് വരാനിരിക്കുന്നത്. സഞ്ചാരികളും ,മൻപിടുത്തവും ഇല്ലാതാവും. ആൺകടൽ ആണ് നന്നായി മീൻ തരുന്നതെന്നു പിച്ചൈ പറയുന്നു. ചടുലമായ ചലനങ്ങളുള്ള ഒരു കുറിയ മനുഷ്യൻ. അദ്ദേഹത്തിന്റെ വകയായി കുറച്ചു ചെറുമീനുകളും ഞങ്ങൾക്ക് പൊരിച്ചു തന്നു. മനസ്സും വയറും നിറഞ്ഞ സന്തോഷത്തിൽ ഞങ്ങൾ പിച്ചൈ യോടും ഭാര്യയോടും യാത്ര പറഞ്ഞു പിരിഞ്ഞു …
ഇനി മടക്കയാത്രയാണ് …
ത്രേതായുഗം രേഖപ്പെടുത്തിയ നാട്ടിൽ നിന്നും..
വെള്ളത്തിൽ മുങ്ങിപ്പോകാത്ത കല്ലുകളുള്ള ,സിലോണിലേക്ക് ഒരു തലമുറ യാത്ര തിരിച്ചിരുന്ന ഇടത്തു നിന്നും..
നാമാവശേഷമായ ഒരു നഗരത്തിന്റെ ശേഷിപ്പുകളിൽ നിന്നും അതി ജീവനത്തിനായി പോരാടുന്ന ഒരു പറ്റം മനുഷ്യരെ മനസ്സിൽ ചേർത്തുപിടിച്ചുകൊണ്ടുള്ള ഒരു മടക്ക യാത്ര …
ഇവിടങ്ങളിൽ എവിടൊക്കെയോ പത്രം വിറ്റു നടന്നുകൊണ്ട് ആകാശത്തിലെ പറവകളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന ഇന്ത്യയുടെ മിസൈൽമാനായി മാറി രാജ്യത്തിൻറെ പ്രഥമപൗരൻ വരെ ആയ എപിജെ അബ്ദുൽ കലാം എന്ന വലിയ മനുഷ്യനെ സ്മരിച്ചുകൊണ്ടുള്ള ഒരു മടക്കയാത്ര…
പാമ്പൻ പാലം പിന്നിട്ടുകൊണ്ട് വണ്ടി ഒഴുകിനീങ്ങുമ്പോൾ …താഴെ റെയിൽവേ പാലം പിളരുകയായിരുന്നു ..
ഒരു കപ്പലിന് വഴിയൊരുക്കാൻ ..
ബ്രിട്ടീഷുകാരന്റെ ഒരു നൂറ്റാണ്ടിനു മുമ്പുള്ള എഞ്ചിനീയറിംഗ് വൈദഗ്ദ്യം …