വികസനം

 

വർഷങ്ങളേറെ കഴിഞ്ഞ് പിറക്കാനിരിക്കുന്ന പൈതങ്ങളേ
നിങ്ങളീയുലകത്ത് വരുമ്പോൾ

“ഞങ്ങൾ വികസിച്ചു കൊണ്ടിരിക്കയാണ്………”
എന്നുറക്കെ പറഞ്ഞുകൊണ്ട്
പരസ്പരം കൈകോർത്തു മുട്ടിയുരുമ്മി നടക്കുന്ന
കാലത്തേയും ലോകത്തേയും കാണാം

അന്ന് ഈ ഭൂമുഖത്ത്
ഒരേയൊരു ജീവിവർഗ്ഗം മാത്രമേ ഉണ്ടായിരിക്കയുളളൂ

മനുഷ്യന്റെ ഉടലും കാണ്ടാമൃഗത്തിന്റെ തലയും
കരടിയുടേതു പോലുളള രോമക്കാടിനാൽ മൂടപ്പെട്ട കണ്ണും ചെവിയും
കഴുകന്റേതിനെക്കാൾ കൂർത്തനഖങ്ങളുമുളള ഇരുകാലികൾ

അവയ്ക്ക് ചിരിക്കാനറിയില്ല
കരയാനും അറിയില്ല
മദമിളകിയ ആനയെപ്പോലെയവ
ആർത്തികൊണ്ട് വിളറിപ്പിടിച്ച് പാഞ്ഞുനടക്കുന്നുണ്ടാകും

പിന്നെ, അഹങ്കാരത്തിൻ തലപ്പാവണിഞ്ഞ
അത്യാർത്തിയിൽ പണിതീർത്ത
കൂറ്റനെടുപ്പുകൾ കാണാമവ-
ആകാശപരപ്പിലേക്ക് തുളച്ചുകയറി
മേഘങ്ങളെ കീറിമുറിച്ചിടുന്നതുകൊണ്ട്….

ഒരു മഴപെയ്ത് നിങ്ങൾ കാണലുണ്ടാവില്ല

പുഴകളേയും കുന്നുകളേയും
പാടങ്ങളേയും കണ്ടൽകാടുകളേയും നിങ്ങളറിയും
ചരിത്രപുസ്തക താളുകളിൽ

കാക്കകളേയും ശലഭങ്ങളേയും
പൂച്ചകളേയും തവളകളേയും നിങ്ങൾ കാണും
ജീവശാസ്ത്ര ക്ലാസ്സുകളിൽ
വംശനാശം സംഭവിച്ച ജീവിവർഗ്ഗപട്ടികയിൽ……

മാനത്തിനെന്തുനിറമെന്നാരേലും ചോദിച്ചാൽ
കറുപ്പെന്നന്നു നിങ്ങൾ ഉത്തരം പറയും

വിഷപ്പുക കലർന്ന് കറുത്ത മാനത്തെക്കാൾ
നിങ്ങൾ ഭയപ്പെടേണ്ടത്
പകയുടെ കൊടിയ വിഷം നിറഞ്ഞ മാനസങ്ങളെയാണ്
വനങ്ങളില്ലെങ്കിലും വന്യമാം മനങ്ങള-
നേകമുണ്ടാകുമീപാരിൽ

എങ്കിലും നിങ്ങൾക്കാശ്വസിക്കാം
ആയുസ്സ് തുച്ഛമായിരിക്കുമെന്നതിനാൽ
നിങ്ങളേറെ പണിപ്പെടേണ്ടിവരില്ല

അന്ന് സ്വർണ്ണത്തെക്കാൾ വിലയായിരിക്കും കുടിവെളളത്തിന്
കാരണം ചെലവേറിയയൊത്തിരി
ശുദ്ധീകരണപ്രക്രിയകളിലൂടെ കടന്നുപോയിട്ടാകും
അത് നിങ്ങളിലേക്കെത്തുന്നത്

പ്രാണവായുവിനെ കിട്ടുന്നനേരത്ത്
പ്രാണനെപ്പോലതിനെ നിങ്ങൾ ചേര്‍ത്തുവെയ്ക്കണം
കാരണമതു നിങ്ങൾക്കപ്രാപ്യമാം വിധം വിരളമായിരിക്കും

ഇങ്ങനെയൊക്കെയാണെങ്കിലുമപ്പോഴും
നിങ്ങൾ കേൾക്കും കൂടുതലുച്ചത്തിൽ
പരസ്പരം കൈകോർത്തു കാലവും ലോകവും പറയുന്നത്
“ഞങ്ങൾ വികസിച്ചു കൊണ്ടിരിക്കയാണ്………”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English