ദേശാടനപ്പക്ഷി

l-black-and-white_0

കാര്യമായ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ വസ്തു ഭാഗം വെപ്പ് കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിയ്ക്കുമ്പോൾ നടക്കാത്തതുകൊണ്ട് മക്കൾ തമ്മിൽ കശപിശ ഉണ്ടാകുമോയെന്നു സംശയിച്ചു.

മണ്ണുകൊണ്ട് തീർത്ത, ഓടുമേഞ്ഞ ആ പഴയ വീട് മക്കളുടെ ഭാഷയിൽ പറഞ്ഞാൽ വൃത്തിയാക്കിയാലും വൃത്തിയാകാത്ത വീട് മക്കളായ അനിലിനും, അനൂപിനും വേണ്ട എന്നായിരുന്നു തീരുമാനം.  അച്ഛന്റെയും, അമ്മയുടെയും ജീവൻ തുടിയ്ക്കുന്ന, തങ്ങളുടെ ചിരിയും, കളിയും, കുസൃതികളും, പിടിവാശികളും, ആഗ്രഹങ്ങളും, അച്ഛന്റെയും അമ്മയുടെയും സന്തോഷവും, വാത്സല്യങ്ങളും, അഭിലാഷങ്ങളും, പ്രതീക്ഷകളും, വിയർപ്പും, കഠിനാദ്ധ്വാനവും വിടർന്നു കൊഴിഞ്ഞ കളിമുറ്റം അത് ഒരു പുസ്തകത്താളിലൊളിപ്പിച്ച മയിൽ‌പീലി പോലെ സൂക്ഷിയ്ക്കണമെന്ന അതിയായ മോഹം ഇളയവനായ അനൂപിനുണ്ടായിരുന്നു.  പക്ഷെ ഭാര്യ (പ്രിയങ്ക) പറയുന്നതിലും കാര്യമില്ലാതില്ല. ആ വീട്   അതുപോലെ നിലനിർത്തണമെങ്കിൽ വരുന്ന പണച്ചിലവ്, കുട്ടികളുടെ പഠിപ്പും, തന്റെ ജോലിയും, കഷ്ടപ്പെട്ടുണ്ടാക്കിയ പട്ടണത്തിലെ വീടും ഉപേക്ഷിച്ച് ഇവിടെ ആര് വന്നു നിൽക്കും.    പിന്നെ ഏട്ടൻ അനിലിന്റെ അഭിപ്ര്രയത്തോടു യോജിയ്ക്കാമെന്നു അനൂപും തീരുമാനിച്ചു.   ആ വീട് വിറ്റ് പണം തുല്യമായി  വീതിച്ചെടുക്കുക. ‘അമ്മ ആറുമാസകാലം മൂത്തമകന്റെയടുത്തും, ആറുമാസകാലം അനിയന്റെ അടുത്തതും അതായിരുന്നു തീരുമാനം. അന്നുവരെ മക്കളുടെ ഇഷ്ടത്തിനുമാത്രം മുൻതൂക്കം നൽകിയ അമ്മ തങ്കത്തിനും എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

“നിങ്ങള്ക്ക് രണ്ടുപേർക്കും കുടുംബമായി, കൂടെ ഉത്തരവാദിത്വങ്ങളും. അപ്പോൾ ഇതുതന്നെയാണ്  ശരി ‘അമ്മ പറഞ്ഞു

“അമ്മേ അവധി  ഏകദേശം ഒരു മാസത്തോളമായി കുട്ടികൾക്കും മറ്റന്നാൾ സ്‌കൂൾ തുറക്കുകയാണ്. ‘അമ്മ എന്റെ കൂടെ വരൂ നാളെ തന്നെ നമുക്ക് പുറപ്പെടണം. അമ്മയ്ക്ക് എന്തൊക്കെയാണ്  എടുക്കാനുള്ളതെങ്കിൽ എടുത്ത് വച്ചോളു”. അനിൽ പറഞ്ഞു

“ശരി മോനെ” ‘

ഇതുവരെ തന്റെ ജീവിത്തട്ടിലെ സുഖത്തിലും, ദുഖത്തിലും ഇണ പക്ഷിയായിരുന്ന ഗോപാലേട്ടൻ തന്നെ ഉപേക്ഷിച്ച് പോയി. ഇരുപത്തിനാലു വയസ്സിൽ നവവധുവായി ഞാൻ കയറിവന്നു. അതിനുശേഷം തന്റെ ജീവിതം ഒതുങ്ങിനിന്ന ലോകമാകുന്ന ഈ വീടും ഇന്ന് ഉപേക്ഷിയ്ക്കണമെന്നായി.  പിന്നെ എന്റെ അഭിമാനമായ മക്കൾ, അവർക്കു കൂടെ ഞാൻ പോകുന്നു. ആയുസ്സിന്റെ കലണ്ടറിൽ ചീന്തികളയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിയ്ക്കുന്ന എനിയ്ക്കിനി എന്തെടുക്കാനാ! തങ്കം ആലോചിച്ച് നെടുവീർപ്പിട്ടു.

കാലങ്ങളോളം തന്റെ സൂക്ഷിപ്പുകാരനായ സേവനം ചെയ്ത് തുരുമ്പുപിടിച്ച വിയ്യാവരികളോട് കൂടിയ മരപ്പെട്ടി തുറന്നു അലക്കി കഞ്ഞിമുക്കി കിടയ്ക്കടിയിൽ വച്ച് വടിവുതീർത്ത മുണ്ടും നേരിയതും ഓരോന്നായി തങ്കം എടുത്ത് നോക്കി, ഓരോ അവസരങ്ങളിലും ഗോപാലേട്ടൻ തനിയ്ക്ക് വാങ്ങിത്തന്ന മുണ്ടുകൾ. ഈ പഴയ മുണ്ടുകൾ എന്റെ മക്കൾക്ക് അന്തസ്സിനു ചേരുമോ എന്ന ഒരു സ്വയം ചോദ്യവുമായി അതിൽ നിന്നും കുറയെണ്ണം എടുത്ത് ഒരു കൊച്ചു പെട്ടിയിൽ അടക്കിവച്ചു. അനിലിന്റെ മകൻ ആകാശിനെ  വിളിച്ചു

“എന്താ അമ്മുമ്മേ”  അവൻ ചോദിച്ചു

“മോനെ മുത്തശ്ശിയ്ക്ക് ആ ചുമരിൽ  തൂക്കിയിരിയ്ക്കുന്ന അപ്പൂപ്പന്റെ ഫോട്ടോ ഒന്ന് എടുത്ത് തരാമോ? സൂക്ഷിച്ചെടുക്കണം അമ്മൂമ്മയ്ക്ക് കൊണ്ടുപോകാനാ” തങ്കം പറഞ്ഞു.

“ശരി” ആകാശ് ശ്രദ്ധയോടെ ചുമരിൽ ജീവൻ തുളുമ്പുന്ന കണ്ണുകളുമായി സ്ഥാനം പിടിച്ച അപ്പൂപ്പന്റെ ഫോട്ടോ എടുത്തുകൊടുത്തു. തന്റെ തോളിൽ കിടന്ന തോർത്തുകൊണ്ട് തങ്കം ആ ഫോട്ടോയെ തുടച്ചു എന്ന് പറയാൻ കഴിയില്ല, തലോടി. ആ ഫോട്ടോയും പെട്ടിയ്ക്കകത്ത്  വച്ചു.

 ഒരു മാസമായി ആ വീട്ടിൽ നിറഞ്ഞുനിന്ന ആഹ്ലാദത്തിന്റെ അഗ്നി കെട്ടടഞ്ഞു. എല്ലാവരും പിറ്റേ ദിവസം  പോകാനുള്ള തയ്യാറടുപ്പിനു ശേഷം ഉറങ്ങി. അമ്പത്തിരണ്ട് വർഷത്തെ തന്റെ ജീവിതാനുഭവങ്ങളുടെ ആ ഗ്രന്ഥശാലാവിട്ടു പോകണം എന്നോർത്തപ്പോൾ മനസ്സിലെന്തോ ഒരു തീ പൊള്ളലേറ്റതുപോലെ തങ്കത്തിന് തോന്നി. ആ വീട് തീർത്ത ഓരോ മണൽതരിയ്ക്കും തന്റെ  കൗമാരത്തിന്റെ, വാർദ്ധക്യത്തിന്റെ, തേങ്ങലുകളുടെ, പൊട്ടിച്ചിരിയുടെ കഥകൾ അറിയാം. ചാരിവച്ചിരിയ്ക്കുന്ന ജനൽ പാളികളെ തുറന്ന് തങ്കം പുറത്തേക്കു നോക്കി. ജനലഴികളിലൂടെ അകത്തേയ്ക്കു തള്ളിക്കയറി വന്ന കുളിര്കാറ്റ്‌ തന്നെ ആ വീട്ടിൽ കെട്ടിവരിയുന്നതുപോലെ തോന്നി. ഇലകളുടെ മറകുടയ്ക്കുള്ളിൽ നിറയൗവ്വനത്തോടെ നാണം കുലുങ്ങി നിൽക്കുന്ന പാരിജാതപ്പൂക്കളിൽനിന്നും കുസൃതിക്കാറ്റ് തട്ടിയെടുത്തുകൊണ്ടുവന്ന നറുമണം താൻ ഗോപാലേട്ടനുവേണ്ടി കാഴ്ചവച്ച തന്റെ യൗവ്വനം തിരിച്ചുകൊണ്ടുവന്നുവോ എന്ന് തോന്നി.    തന്റെ യാത്ര പറച്ചിൽ കേൾക്കാൻ ശക്തിയില്ലാതെ നിർജീവമായി നിൽക്കുന്ന പ്രകൃതി. ഇലകളെ ഈറനണിയിച്ച് ഇറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങൾ തന്റെ യാത്രയിൽ അശ്രു പൊഴിയ്ക്കുന്നുവോ! അസ്വസ്ഥമായ മനസ്സുമായി തങ്കം ഊഷ്മളമായ തന്റെ ഓർമ്മകളുടെ പുതപ്പിനുള്ളിലൊതുങ്ങി ഉറങ്ങാൻ ശ്രമിച്ചു  പക്ഷെ ആരോ പുറകിൽ നിന്നും വിളിയ്ക്കുന്നതുപോലെ ഒരു തോന്നലിൽ, അവിടെനിന്നും എഴുന്നേറ്റു ഒരു അപരിചിത സ്ഥലം പോലെ ചുറ്റിലും നോക്കി. വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഗോപാലേട്ടൻ തന്നിൽ ചാർത്തിയ, ഞങ്ങളുടെ മനസ്സും ശരീരവും ഒന്നാകുന്ന ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച വരണമാല്യം ഉരിവച്ച ചുമരിലെ ഇരുമ്പുകൊളുത്തുകൾ, പിന്നീടതിൽ തൂങ്ങികിടക്കാറുള്ള   ഗോപാലേട്ടന്റെ മണമുള്ള ഷർട്ട്, ആരെയും കാണിയ്ക്കാതെ തേനറയിലെ തേൻപോലെ മനസ്സിൽ തനിയ്ക്കുമാത്രം സംഭരിച്ചുവച്ച സ്നേഹത്തട്ടിന്റെ തേൻതുള്ളികൾ തനിയ്ക്കായി പകർന്നുതന്ന പഴയ, മാവിൻ തടിയിൽ തീർത്ത കട്ടിൽ. ഓർമ്മയുടെ തീച്ചൂളയിൽ എന്തോ വീർപ്പുമുട്ടുന്നതുപോലെ. വല്ലാത്ത ദാഹം. അടുക്കളയിൽ മൺകൂജയിൽ വച്ച തണുത്ത വെള്ളത്തെ ലക്ഷ്യമാക്കി തങ്കം നടന്നു. അടുക്കളയിൽ ജനലഴികൾക്കുള്ളിൽ പൊടിപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന, താൻ ആദ്യമായി ഗോപാലേട്ടനു ചോറു വിളമ്പിക്കൊടുത്ത മരകയിലുകൾ, അനിലിനും,  അനുപിനും പാൽച്ചോറു കുഴച്ചുകൊടുത്ത ചെമ്പുകിണ്ണങ്ങൾ. അവിടെയും ഓർമ്മകളുടെ ചിന്നിച്ചിതറിയ ശകലങ്ങൾ. എത്ര കണ്ടാലും മതിവരാത്ത ഒരു മനോഹരമായ കൊട്ടാരം പോലെ കൗതുകത്ത്തോടെ തങ്കം ആ വീടിന്റെ ഓരോ മുറികളും കയറിയിറഞ്ഞി. വടക്കേ അകത്ത് താനും ഗോപാലേട്ടനും ഇരുവശങ്ങളിലായിരുന്നു അനിലിനെയും അനുപിനെയും കളിപ്പിച്ചു പാട്ടുപാടിയുറക്കിയ ആട്ടു തൊട്ടിൽ ഉപയോഗശൂന്യമായ സാധനങ്ങളും പേറി ഒരു മൂലയിൽ സ്ഥാനം പിടിച്ചിരിയ്ക്കുന്നു. കുട്ടികൾക്കു കളിയ്ക്കാൻ ആശാരി പരമു ഉണ്ടാക്കിത്തന്ന മരപ്പാവ, അവർ പഠിയ്ക്കാനുപയോഗിച്ചിരുന്ന കുട്ടിമേശ. കാണുന്നതെല്ലാം വിടപറച്ചലിന്റെ നൊമ്പരങ്ങൾ മാത്രം  ഒരു ഒച്ച് അതിന്റെ പുറംതോടിൽ ഒതുങ്ങും പോലെ  ആ കട്ടിലിൽ കയറി പുതച്ചുമൂടി കിടന്നു. ഓളങ്ങളിൽ ആടിയുലയുന്ന കരിയില പോലെയുള്ള മനസ്സിനെ നിദ്രയുടെ ആഴക്കടലിൽ  താഴ്ത്താൻ ശ്രമിയ്ക്കുംതോറും ഓർമ്മകളിലൂടെ അത് പൊങ്ങിവന്നു. ചുമരിൽ തൂങ്ങിക്കിടക്കുന്ന വാച്ചിൽ നോക്കി. ആ സമയ സൂചികളും സഞ്ചരിയ്ക്കാൻ മറന്നു അന്തംവിട്ട നിന്ന് രാത്രിയുടെ ദൈർഘ്യം കൂടുന്നതുപോലെ തോന്നി.

പുലരൊളി രാത്രിയുടെ കറുത്ത മുഖത്തെ ചുംബിച്ചു വെളുപ്പിച്ചു. എല്ലാവരും എഴുനേറ്റ് പോകാനൊരുങ്ങാനുള്ള തിടുക്കത്തിലായി. ആകാശ് അച്ഛമ്മയുടെ പെട്ടിയുമായി കാറിനരികിലെത്തി. കൂട്ടത്തിൽ അമ്മുമ്മ ആകാശ് ചേട്ടനോടൊപ്പമാണല്ലോ എന്ന വിഷാദഭാവത്തോടെ അനൂപിന്റെ മകൾ ശ്രേയയും. യാത്ര പുറപ്പെടുവാനായി എല്ലാവരും മുറ്റത്തിറങ്ങി. തങ്കം ഇറങ്ങി ആ ചവിട്ടുപടിയിൽ ഇരുന്നു

 “എന്തുപറ്റി അമ്മേ വല്ല വല്ലായ്മയും” അനിൽ ചോദിച്ചു

“ഏയ് ഒന്നുമില്ല വെറുതെ രണ്ടു മിനിട്ടു ഇവിടെയൊന്നിരിയ്ക്കാൻ തോന്നി” തങ്കം പറഞ്ഞു.

നവവധുവായി ഐശ്വര്യത്തിന്റെ നിറദീപവുമായി വലതുകാൽ വച്ച് താൻ കയറിവന്ന ഈ ചവിട്ടുപടികൾ ചവിട്ടിയിറങ്ങുമ്പോൾ കുടുംബത്തിന്റെ കെട്ടുറപ്പിന്റെ, ഐശ്വര്യത്തിന്റെ നെഞ്ചിൽ ചവിട്ടിയിറങ്ങുന്നതുപോൽ തങ്കത്തിന് തോന്നി. തങ്കം കാറിനരികിലേയ്ക്ക് നടക്കാൻ തുടങ്ങി. പോകരുതേ എന്ന് വിലക്കി തന്റെ വസ്ത്രത്തിൽ കുടുങ്ങിയ താൻ നട്ടുവളർത്തിയ റോസാപ്പൂക്കളുടെ മുള്ളുകൾ അടർത്തിമാറ്റി മുന്നോട്ടു നടന്നു കാറിൽ കയറി.

രണ്ടുമൂന്നു മണിക്കൂർ നീണ്ട വിമാന യാത്രയ്ക്കുശേഷം അനിലിന്റെ വീട്ടിലെത്തി. കുറച്ചുനേരം വിശ്രമിച്ച് ഭക്ഷണം കഴിച്ച് അനൂപും കുടുംബവും യാത്രയായി. അമ്മുമ്മയെ ആകാശ് ചേട്ടന്റെ മാത്രമായി വിട്ടുകൊടുത്ത് പോകാൻ ശ്രേയയ്ക്കു വ്യസനമുണ്ടായിരുന്നു എന്നാലും ആറുമാസത്തിനുശേഷം എനിയ്ക്കു കൊണ്ടുപോകാലോ അമ്മുമ്മയെ എന്ന സമാധാനത്തോടെ ഉമ്മ കൊടുത്തവളും ഇറങ്ങി.

ആ മണിമാളികയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മുറി തങ്കത്തിനായി ഒരുങ്ങി. ദിവ്യ അമ്മയെ മുറിയെല്ലാം പരിചയപ്പെടുത്തി. ബാഗിൽ നിന്നും കൊണ്ടുവന്ന തുണികളെല്ലാം അലമാരയിൽ അടുക്കിവച്ചു. ഗോപാലേട്ടന്റെ ഫോട്ടോയും കയ്യിലെടുത്ത് തങ്കം ചുറ്റും നോക്കി.

“അനി ഒന്നിങ്ങു വരൂ” തങ്കം വിളിച്ചു

“എന്താ അമ്മേ” വിളികേട്ടു വന്നത് ദിവ്യ ആയിരുന്നു

“ഈ അച്ഛന്റെ ഫോട്ടോ തൂക്കാൻ ചുമരിൽ ഒരു കൊളുത്ത് വേണമായിരുന്നു. ഇവിടെ ഒന്നും കാണുന്നില്ല അവനോടു ഒരു ആണി തറച്ചു തരാൻ പറയാനായിരുന്നു” തങ്കം പറഞ്ഞു

“അത് അമ്മേ …ഇത് പുതിയ വീടല്ലേ ഇവിടെ കൊളുത്തോന്നും  വയ്ക്കാൻ പറ്റില്ല. മാത്രമല്ല ഈ മരിച്ചവരുടെ ഫോട്ടോയൊന്നും ഇവിടെ ആരും ചുമരിൽ തുക്കാറില്ല. മരിച്ചവരുടെ പടം കാണുന്നത് നല്ലതല്ല എന്നാണ് ഇവിടെയുള്ളവർ വിശ്വസിയ്ക്കുന്നത്. അമ്മയ്ക്ക് അച്ഛന്റെ പടം വയ്ക്കാൻ ഞാൻ അലമാറയിൽ ഒരു സ്ഥലം ഉണ്ടാക്കിത്തരാം”. ദിവ്യ പറഞ്ഞു .

“മക്കളെ വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ച മനുഷ്യൻ മരിച്ചപ്പോൾ ഒരു അപശകുനമാകുന്നു മക്കൾക്ക്” വേദനയോടെ തങ്കം ഓർത്തു.

“ശെരി മോളെ” ഇടറുന്ന സ്വരത്തിൽ തങ്കം മറുപടി പറഞ്ഞു

മണിക്കൂറുകൾ ഓടി ഒളിച്ചു. ആ തനിയ്ക്കന്യമായ നാട്ടിൽ രാത്രി തന്നെയും തേടി എത്തി. എല്ലാവരും ഉറക്കമായി തന്റെ ഗ്രാമത്തിന്റെ താരാട്ടുപാട്ടു കേൾക്കാത്തെ തങ്കത്തിനുറങ്ങാൻ കഴിഞ്ഞില്ല. വാശിപിടിയ്ക്കുന്ന ഒരു കുഞ്ഞിനെ എടുത്ത് നടക്കും പോലെ തന്റെ മനസ്സിന്റെ ഭാരത്തെയെടുത്ത് ആ മുറിയിൽ തങ്കം അങ്ങുമിങ്ങും നടന്നു. വർണ്ണശഭളമായ തിരശീലകൾ മാറ്റി സുതാര്യ ഗ്ളാസ്സിലൂടെ തങ്കം പുറമേയ്ക്ക് നോക്കി രാത്രിയുടെ കറുത്ത കൈകൾക്ക് മറയ്ക്കാനാകാത്ത പ്രസന്നയായ നഗരം. പണത്തിനും പ്രതാപത്തിനുംവേണ്ടി രാപ്പകലില്ലാതെ ഉറക്കമില്ലാതെ തളർച്ചയില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യരെ പേറി പുകതുപ്പിയോടുന്ന വാഹനങ്ങൾ, വിശ്രമമില്ലാത്ത വീഥികൾ കുറച്ചുനേരം ആ നിശാസുന്ദരിയെ ആസ്വദിച്ച തങ്കത്തിന്റെ കണ്ണുകളെ നിദ്ര തഴുകി .

പൂങ്കോഴി കൂവാതെ, പള്ളിമണികൾ മുഴങ്ങാതെ, ഭക്തിഗീതങ്ങൾ ഒഴുകാതെ  നേരം പുലർന്നു. എല്ലാവരും തന്റെ ദിവസത്തിൽ തിരക്കിലായി. ഏകദേശം ഏഴുമണിയായപ്പോൾ ആകാശും, അനിയും യാത്രപറഞ്ഞു സ്കൂളിലേയ്ക്കും ഓഫീസിലേയ്ക്കും യാത്രയായി. തങ്കം തന്റെ ദിനചര്യകളിൽ മുഴുകി . ഏകദേശം എട്ടുമണിയായപ്പോൾ ദിവ്യയും, കൂടെ മുഖത്തെല്ലാം ചായം തേച്ചോരുങ്ങിയ ഒരു പെണ്ണും തങ്കത്തിന്റെ മുറിയിലെത്തി “അമ്മെ ഞാൻ ഓഫീസിലേയ്ക്ക് ഇറങ്ങുന്നു.   അമ്മെ ഇവളാണ് വൈശാലി താംബെ അമ്മയുടെ എല്ലാ കാര്യങ്ങളും ഇവൾ നോക്കിക്കൊള്ളും. അമ്മയ്ക്ക് അവളുടെ ഭാഷ അറിയില്ല എന്ന് വിചാരിച്ച് വിഷമിയ്ക്കരുത്. എല്ലാം ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവൾ എല്ലാം സമയാസമയത്തിനു ചെയ്തുകൊള്ളും.” ദിവ്യ പറഞ്ഞു

വൈശാലി ഒന്ന് തങ്കത്തിനെ നോക്കി ചിരിച്ചു . എല്ലാവരും പോയി ആ വീട്ടിലാകെ മൂകത മാത്രം അവശേഷിച്ചു. ആ മൂകതയെ ഭിന്നിച്ച് സ്വീകരണമുറിയിലിരിയ്ക്കുന്ന ടെലിഫോൺ ശബ്ദിച്ചു ഫോണെടുത്ത് വൈശാലി എന്തുപറയുന്നുവെന്നൊന്നും മനസ്സിലായില്ല. ചിലപ്പോൾ ആ സംഭാഷണം ചിരിയും അടക്കം പറച്ചിലുമായി മണിക്കൂറുകളോളം നീണ്ടുപോകാറുണ്ട്.

ഏകദേശം മൂന്നുമണിയായപ്പോൾ അമ്മുമ്മേ എന്നും വിളിച്ചുകൊണ്ടു ആകാശ് വന്നു.  ഇപ്പോൾ ഞാൻ ഫ്രഷായി ഭക്ഷണം കഴിച്ച് വരാമെന്നു പറഞ്ഞു ഓടിപോയി,  ഞൊടിയിടയിൽ അവൻ തിരിച്ച് അമ്മൂമ്മയ്ക്കരികിലെത്തി. പിന്നെ അവർ ഓരോ കഥകൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. ആറു മണിയായപ്പോൾ ദിവ്യ  വന്നു ആകാശിനെ അന്വേഷിച്ചു. തങ്കത്തിന്റെ മുറിയിൽ അവനെ കണ്ടതും, വൈശാലിയുടെ വിശദികരണവും കൊണ്ട് ദേഷ്യത്തിന്റെ കാർമേഘവും പേറി ദിവ്യ ചോദിച്ചു “നീ ഇന്ന് ക്ലാസ്സിനു പോകുന്നില്ലേ? എന്താ ഇതുവരെ ഉറങ്ങാഞ്ഞത്? ഹോം  വർക്കെല്ലാം ചെയ്തു  കഴിഞ്ഞോ?” അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ . “

“അമ്മുമ്മ ഇവിടെത്തന്നെയില്ലേ! ആറുമാസം ഇനിയും ആകാമല്ലോ കഥ പറച്ചിൽ. അല്ലെങ്കിൽ തന്നെ ഈ നാട്ടിലെ പഴങ്കഥകൾ കേട്ടിട്ടെന്തുകാര്യം. ഇതുവല്ലതും നിന്നെ പരീക്ഷയ്ക്ക് മാർക്കുകിട്ടാൻ സഹായിയ്ക്കുമോ. ആരെയും വീട്ടിൽ  താമസിപ്പിയ്ക്കുന്നതിനല്ല വീട്ടിലെ എല്ലാ കൃത്യങ്ങളും തെറ്റും. നാളെ മുതൽ നീ സ്‌കൂളിൽ നിന്നും വന്നാൽ ഭക്ഷണം കഴിച്ച് ഉറങ്ങി പഠിയ്ക്കാനുള്ളതെല്ലാം പഠിച്ച് അരമണിക്കൂർ മാത്രമേ അമ്മുമ്മയ്ക് കൂടെ ചെലവഴിയാവു. ഞാൻ വൈശാലിയോടും പറഞ്ഞു വയ്ക്കും”    ഇങ്ങനെ ആകാശിനെ ശകാരിച്ചു ആ മുറിയിൽ നിന്നും പിടിച്ചുവലിച്ച് കൊണ്ടുപോയി. തങ്കത്തിനൊരുപാട് വിഷമം തോന്നി .”സമയപട്ടികയ്ക്കനുസരിച്ച് ചലിച്ച്ചുകൊണ്ടിരിയ്ക്കുന്ന ഒരു യന്ത്രമാണ് പുതിയ തലമുറ” അവർ സ്വയം സമാധാനിച്ചു.

എട്ടുമണിയായപ്പോൾ അനിൽ വന്നു നേരെ അമ്മയുടെ മുറിയിലെത്തി “എന്തുപറയുന്നു അമ്മെ. നേരം പോകുന്നില്ല അല്ലെ? വൈശാലി എല്ലാം കൃത്യമായി ചെയ്യുന്നില്ലേ ? എന്തുവേണമെങ്കിലും പറയണം” ഇങ്ങനെ ഒരു അഞ്ചു നിമിഷം മാത്രം നീണ്ടു നിന്ന കുശലം  പറച്ചിലിനുശേഷം അനിൽ പോയി.

ഒരല്പസമയം ഒരുങ്ങി ദിവ്യ വന്നു പറഞ്ഞു “ഭക്ഷണം കഴിയ്ക്കാറായാൽ ‘അമ്മ കഴിച്ചോളൂ”

“എല്ലാവരും വരട്ടെ” തങ്കം പറഞ്ഞു

“ആകാശിനു ഒരുപാട് പഠിയ്ക്കാനുണ്ട് അവന്റെ സമയമായില്ല അനിയേട്ടൻ തയ്യാറായാൽ ഞങ്ങൾ ജിമ്മിന് പോകുകയാണ് ഞങ്ങൾക്കും സമയമെടുക്കും” ദിവ്യ പറഞ്ഞു

“ശരി” തങ്കം സമ്മതിച്ചു

ഇങ്ങെനെ ഓരോ ദിവസങ്ങളും പിന്നിട്ടു ഒരാഴ്ചയായി. സ്വീകരണ മുറിയിൽ ഓരോ പ്രാവശ്യം ഫോൺ ശബ്ദിയ്ക്കുമ്പോഴും തനിയ്ക്കുവേണ്ടി അനുപ് വിളിയ്ക്കുമെന്ന പ്രതീക്ഷയോടെ തങ്കം കാതോർത്തു. പക്ഷെ ആ പ്രതീക്ഷയ്ക്ക് ഒരിയ്ക്കലും അസ്തമനമുണ്ടായില്ല.

ഞായറാഴ്ചയായതിനാൽ അമ്മുമ്മയ്ക്കൊപ്പം ഒരു മണിക്കൂർ ചെലവഴിയ്ക്കാൻ ‘അമ്മ അനുവദിച്ചു എന്ന ഒരു വലിയ സന്തോഷത്തിലാണിന്നു ആകാശ്. പതിവുപോലെ സ്വീകരണമുറിയിൽ ടെലിഫോൺ ശബ്ദിച്ചു. ഇത് എന്തായാലും അനുപ് തന്നെയാകുമെന്ന ശുപാപ്തിവിശ്വാസത്തോടെ തങ്കം കാതോർത്തു. ദിവ്യയാണ് ഫോൺ എടുത്തത്.

“ഹായ് . അതേടി ഓർമ്മയുണ്ട് ഇന്ന് ഞായറാഴ്ചതന്നെ. പക്ഷെ ഞാൻ നിന്നോട് പറഞ്ഞില്ലേ ഇനി ആറുമാസകാലം ഞാൻ പാരതന്ത്രത്തിലാണെന്നു. എനിയ്ക്ക് ഫ്രീ ആയി ഷോപ്പിങ്ങിനുമൊന്നും വരാൻ പറ്റില്ല. ഭർത്താവിന് വേണ്ടി കടമകൾ ചെയ്തതല്ലേ പറ്റു”. പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞു

“ഇന്നാണെങ്കിൽ വൈശാലിയും ഇല്ല പിന്നെ പുറമെ നിന്നൊന്നും ഭക്ഷണം വാങ്ങി അമ്മയ്ക്ക് കൊടുക്കാൻ അനിയേട്ടൻ സമ്മതിയ്ക്കില്ല . നമ്മൾ തനിച്ചുള്ളപ്പോൾ എന്തും ആകാം ഇപ്പോൾ അങ്ങിനെയല്ല. ആറുമാസകാലം എവിടേക്കും തിരിയാൻ പറ്റില്ല. വെറും ആറുമാസകാലമല്ലേ പിന്നെ അടിച്ചുപൊളിയ്ക്കാമെടി” അവൾ തുടർന്നു

എല്ലാം കേട്ട് തങ്കം തന്റെ മുറിയിൽ നിർജ്ജീവമായിരുന്നു. തന്റെ ഓരോ ദിനവും മക്കൾക്കും, മരുമക്കൾക്കും ഒരു ഭാരമാകുന്നുവോ എന്ന ചിന്തയിൽ മനസ്സുരുകി . അങ്ങിനെ ദിവസങ്ങൾ മാസങ്ങളായി.  പതിവുപോലെ ഓഫീസിൽ നിന്നും എത്തിയ അനിൽ   അമ്മയുടെ മുറിയിലെത്തി. എന്നും ഉണ്ടാകുന്ന ഹ്രസ്വമായ കുശലാന്വേഷണത്തിൽ നിന്നും വ്യത്യസ്തമായി അനിൽ അമ്മയ്ക്കരികിൽ ഇരുന്നു.

“എന്തെ അനൂപ് ഫോൺ പോലും ചെയ്തില്ലല്ലോ” തങ്കം ചോദിച്ചു

“അവൻ ഒന്നുരണ്ടു തവണ വിളിച്ചിരുന്നു അമ്മയെ പ്രത്യേകം ചോദിച്ചു” അലസമായി അനിൽ മറുപടി പറഞ്ഞു. അവന്റെ ഉത്തരത്തിൽ അമ്മയ്ക്ക് സംതൃപ്തിപെടേണ്ടി വന്നു. അനിൽ   തുടർന്നു. “അമ്മേ ഒരു പ്രത്യേക കാര്യം എനിയ്ക്കമ്മയോടു ചോദിയ്ക്കാനുണ്ട് അമ്മയുടെ പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രമേ ഞാൻ അതേകുറിച്ച് ചിന്തിയ്ക്കു”.

“നീ എന്താണെങ്കിലും കാര്യം പറയു”  തങ്കം പറഞ്ഞു

“ആകാശിനു സ്‌കൂൾ ഒഴിവാണ്. അവന്റെ അവധിയിൽ ഒരു മാസം എന്റെ ഒരു കൂട്ടുകാരൻ സിങ്കപ്പൂരിലുണ്ട്   അവിടെ ചെല്ലാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അവൻ അതിനുള്ള ടിക്കറ്റും താമസസൗകര്യങ്ങളും എല്ലാം ഏർപ്പാടുചെയ്തുകഴിഞ്ഞു. അമ്മയ്ക്ക് വിരോധമില്ലെനിക്കൽ ഞങ്ങൾ ഒരുമാസത്തിനു  പോയി വരാം. ആ സമയത്ത് അനൂപും പുറമെ പോകുകയാണ് അതുകൊണ്ടു അമ്മയ്ക്ക് കുറച്ച് ദിവസം ഇവിടെ അടുത്തുള്ള ഒരു വൃദ്ധാശ്രമത്തിൽ ഞാൻ എല്ലാ ഏർപ്പാടുകളും ചെയ്യാം ഇതൊരു തൽക്കാല  ക്രമീകരണം മാത്രം. കഷ്ടി ഒരു മാസത്തെ കാര്യമേ ഉള്ളു. ‘അമ്മ നല്ലതുപോലെ ആലോചിച്ച് നാളെ പറഞ്ഞാൽ മതി”

ഇതും കൂടി കേട്ടപ്പോൾ മനസ്സിലെന്തോ ഒരു അഗ്നിപർവ്വതം പൊട്ടിയ ഒരു അനുഭവമായിരുന്നു തങ്കത്തിന്. രാത്രി മുഴുവൻ ആലോചിച്ചു. എന്നും മക്കളുടെ സന്തോഷം ആഗ്രഹിച്ച  തങ്കത്തിന് എതിരഭിപ്രായം പറയാൻ കഴിഞ്ഞില്ല. അങ്ങിനെ ആ വീട്ടിൽ നിന്നും വൃദ്ധാശ്രമത്തിലേക്കുള്ള യാത്രയ്ക്കുള്ള  തയ്യാറടുപ്പും കഴിഞ്ഞു.

അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അനിലിനോടൊപ്പം തങ്കം യാത്രയായി. എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞു തങ്കം അവിടുത്തെ അന്തേവാസികൾക്കിടയിലേയ്ക്ക് യാത്രയായി. എല്ലാ ഉത്തരവാദിത്വവും തീർത്ത ഒരു സംതൃപ്തി അനിലിന്റെ മുഖത്ത് നിഴലിയ്ക്കുന്നതായി തങ്കം കണ്ടു. ഒന്നിനെകുറിച്ചും ആലോചിയ്ക്കാതെ ചിരിച്ച മുഖവുമായി വിധിയെ നേരിടുന്നു ഞാൻ എന്ന  ആത്മവിശ്വാസമായിരുന്നു തങ്കത്തിന്റെ മനസ്സിൽ. ചെന്ന് കയറിയപ്പോൾ അവിടുത്തെ സന്തേവാസികൾ ഒന്നും തങ്കത്തിനൊടു ചോദിച്ചില്ല. നിഷ്കളങ്കമായി ചിരിച്ചുകൊണ്ടവർ തങ്കത്തിനെ സ്വാഗതം ചെയ്തു .തന്റെ മനസ്സിനെ മറയ്ക്കാൻ തന്റെ മനോവികാരങ്ങളെ മറയ്ക്കാൻ എല്ലാവരെയും നോക്കി തങ്കം പറഞ്ഞു ” ഏയ് ഇല്ല വളരെക്കുറച്ചു ദിവസം മാത്രമേ ഞാൻ ഇവിടെയുള്ളു. ഏകദേശം ഒരുമാസത്തെ കാര്യം മാത്രം. അതുകഴിഞ്ഞാലുടൻ എന്നെ മകൻ വന്നു കൊണ്ടുപോകും’ ഒരു വിളറിയ ചിരിയോടാവർ എല്ലാവരെയും നോക്കി പറഞ്ഞു.

ഈ ശേഷിയ്ക്കുന്ന ആയുസ്സിൽ ഇനി ഇതുപോലെ എത്ര ആറുമാസകാലം, എത്ര ഒരുമാസക്കാലം  ദേശാടനത്തിന്‌ എന്ന സമസ്യയുമായി തങ്കം ദിവസങ്ങൾ തള്ളിനീക്കി.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here