This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
- ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
- ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
- ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത് (Current)
രാത്രി കയറ്റു കട്ടിലില്‍ കയറിപ്പിടിച്ചത് നവോമിയെ അല്ലാ എന്ന് അപ്പോഴേ സംശയമുണ്ടായിരുന്നു. പക്ഷെ ഒച്ച വയ്ക്കാനായില്ല. പിന്നെ കട്ടിലില്‍ തന്നോടൊപ്പം കിടന്നതാര്? വേറൊരാള്‍?
അന്നമ്മ വേറെ ആരെയെങ്കിലും ഇടപാടു ചെയ്തിരുന്നോ?
നവോമി പെരുന്നാളിനു പോയപ്പോള്‍ അഗസ്റ്റിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങുകയേ അന്നമ്മക്കു നിവര്‍ത്തിയുണ്ടായിരുന്നുള്ളു. കയ്യില്‍ കിട്ടിയ നൂറു രൂപയുടെ വലുപ്പം ഏതു വിടുപണിയും ചെയ്യാന്‍ അന്നമ്മയെ പ്രേരിപ്പിച്ചു. പത്രോസും അതിനു കൂട്ടു നിന്നുവെന്നത് പിന്നീട് വെളീപ്പെട്ട കാര്യമാണ്.
പിറ്റെ ദിവസം ക്വേര്‍ട്ടേഴ്സ് അടിച്ചു വാരാന്‍ ചെന്നപ്പോള്‍ അന്നമ്മ തന്നെ സത്യം തുറന്നു പറഞ്ഞു.
‘ സാറെ നല്ല വാറ്റു ചാരായം ഞങ്ങളുടെ കുടിലിലുണ്ട് സാറിനു വേണോ ‘
‘ എന്താ ഇനിയും ചതിക്കുവാനാണോ മോളാണെന്നു പറഞ്ഞ് തള്ള തന്നെ മുന്നിട്ടിറങ്ങുക’
‘ സാറെ അവളു വന്നില്ല പിന്നെ അവളിക്കാര്യം അടുത്തുള്ളവരോടു പറഞ്ഞാ സാറിനാ നാണക്കേട് അതോണ്ടു പറഞ്ഞെന്നേ ഉള്ളു’
പുറത്തു പറയാന്‍ പറ്റാത്ത നാണക്കേടാണു സംഭവിച്ചതെങ്കിലും വാറ്റു ചാരായത്തിന്റെ പ്രലോഭനം വീണ്ടും അഗസ്റ്റിനങ്ങോട്ട് പോകാന്‍ കാരണമായി. നാളെ മുതല്‍ ലേബര്‍ ലൈനില്‍ ആള്‍ക്കാര്‍ വരും അപ്പോള്‍-
അന്നത്തെ ആ രണ്ടു ദിവസം അവിടെ ചിലവഴിച്ചതിന്റെ വില ഇതാ പാപത്തിന്റെ ശമ്പളമായി മുന്നില്‍ വന്നു വേട്ടയാടുന്നു.എങ്കിലും അന്നമ്മയും പത്രോസും പോയതോടെ പിന്നീട് ഒരവകാശം പോലെ മുമ്പ് അങ്കമാലിയില്‍ കോണ്‍വെന്റില്‍ കുശിനിപ്പണിക്കു പോയിരുന്നവരില്‍ മൂത്ത മകള്‍ ഫിലോമിനക്കാണു ആ ജോലി തരപ്പെട്ടത് . പക്ഷെ ചുറ്റുപാടുമുള്ള തൊഴിലാളികളുമായിട്ട് ഒരടുപ്പവും കാണിക്കാതെ ഒതുങ്ങിക്കഴിയാനാണു ഫിലോമിന ഇഷ്ടപ്പെട്ടത്. താഴെയുള്ളവര്‍ രണ്ടു പേരും വിവാഹിതരായി പോയിട്ടും ഫിലോമിന ഒറ്റയാന്‍ തടിയായി കഴിയാനാണ് ഇഷ്ടപ്പെട്ടത്. കൂട്ടിനു അന്നമ്മയുടെ ഇളയ സന്തതി പാപ്പച്ചനുമുണ്ട്.
പത്തു വയസു പ്രായമായെങ്കിലും ഇന്നേവരെ സ്കൂളില്‍ പോകാന്‍ പോലും താത്പര്യമില്ല. എസ്റ്റേറ്റുകളില്‍ വന്നു പോകുന്ന സര്‍വീസ് ബസുകള്‍ ചിലപ്പോഴൊക്കെ കഴുകുക, അത്യാവശ്യം ചുറ്റുപാടുമുള്ളവര്‍ക്ക് വീട്ടുസാമാനങ്ങള്‍ വാങ്ങുക അങ്ങനെ കിട്ടുന്ന ചില്ലറ സമ്പാദ്യവുമായി അവനും ഒതുങ്ങിക്കഴിയുന്നു. അമ്മ പിഴച്ചു പെറ്റ സന്തതിയാണെന്ന ഒരപകര്‍ഷതാ ബോധം അവന്റെ മനസില്‍ കടന്നു കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫിലോമിന അവനെ അധികം ശാസിക്കാതെ കൂടെ താമസിപ്പിക്കുകയായിരുന്നു.
പാപ്പച്ചനെ മുന്‍നിര്ത്തി മാനേജരായി വന്ന അഗസ്റ്റിന്റെ മുന്നില്‍ ചിലവിനു വേണമെന്നാവശ്യപ്പെടാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും ഫിലോമിന കൂട്ടു നിന്നില്ല. തള്ള ചെയ്ത തെറ്റിനു കണക്കു ചോദിക്കാന്‍ പോയാല്‍ തീര്‍ത്തും നാണം കെട്ട് പോകുകയേ ഉള്ളുവെന്ന് ഫിലോമിനക്കറിയാമായിരുന്നു.
‘ആദ്യമാദ്യമൊക്കെ ബഹളമുണ്ടാക്കാന്‍ പലരും വരും, പക്ഷെ പിന്നീടവരെ പൊടിയിട്ടാല്‍ പോലും കാണില്ല അത് കൊണ്ട് ഒതുങ്ങി കഴിയുന്നതാണു നല്ലത് ‘തൊഴിലാളി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ ഉപദേശവും അവള്‍ ചെവിക്കൊണ്ടു.
എല്ലാം കെട്ടടങ്ങി എന്നു കരുതിയിരുന്നപ്പോഴാണു വീണ്ടുമൊരു സമരം എസ്റ്റേറ്റില്‍ പൊട്ടിപ്പുറപ്പെട്ടത്.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്