ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി രണ്ട്

 

 

 

 

 

 

 

മോതിരക്കണ്ണി തയാറാക്കുന്ന ഇറച്ചിക്കറി വാറ്റ് ചാരായത്തിന്റെ കൂടെ കഴിക്കാന്‍ നല്ലതാണെന്ന് ജോര്‍ജ്ജ് വര്‍ഗീസിന് നേരത്തെ തന്നെ അറിയാം.

പക്ഷെ ഈ മദ്യസേവ എസ്റ്റേറ്റ് ക്വേര്‍ട്ടേഴ്സുകളീലും ലേബര്‍ ലൈനുകളീലും പാടില്ല എന്ന് നേരത്തെ തന്നെ ഒരു സര്‍ക്കുലര്‍ മാനേജര്‍ തയാറാക്കി അയച്ചിട്ട് രണ്ടാഴ്ച പോലുമായില്ല . കഴിഞ്ഞ മാസം കുടിച്ച് കൂത്താടി വഴക്കും കത്തികുത്തും പോലീസ് കേസും ഉണ്ടായപ്പോള്‍ ഇറക്കിയ സര്‍ക്കുലറാണ്. ഇപ്പോഴിതാ തങ്ങളീറക്കിയ സര്‍ക്കുലറിന്റെ സത്ത അവര്‍ തന്നെ ലംഘിക്കാന്‍ പോകുന്നു. ജോര്‍ജ്ജ് വര്‍ഗീസിനും അഗസ്റ്റിനും കൂടാതെ തോട്ടത്തിലെ ഒരു ജോലിക്കാരനും പിന്നെ മോതിരക്കണ്ണിയും ചേര്‍ന്നുള്ള പാനോത്സവം പാതിരാവരെ നീണ്ടു. ആ സമയത്താണ് ക്വേര്‍ട്ടേഴ്സിന്റെ വാതിലിലൊരു തട്ട്.

‘ ആരാ ‘

‘ ഞാന്‍ പവിത്രന്‍ പരുത്തിപ്പാറ ‘

‘എന്തു വേണം?’

‘ജോര്‍ജ്ജ് വര്‍ഗീസിനെ കാണാന്‍ വന്നതാണ്. ആലപ്പുഴയിലെ അബ്രഹാം കൈനകരി പറഞ്ഞിട്ട്.’

അത് കേട്ടതോടെ ജോര്‍ജ്ജ് വര്‍ഗീസ് കഴിച്ചതെല്ലാം ആവിയായി പോയി. കുടുംബ ബന്ധുവെന്നതിലുപരി ഗുരുസ്ഥാനത്ത് നില്‍ക്കുന്ന കൈനകരി അച്ചായന്റെ ആളു വരുമ്പോള്‍‍ മുറിക്കകത്ത് മദ്യ സേവയും അഴിഞ്ഞാട്ടക്കാരി മോതിരക്കണ്ണിയേയും കാണാനിടയായാല്‍?

മോതിരക്കണ്ണിയെ പിന്നിലെ ബാത്റൂമിലാക്കി മേശപ്പുറത്തെ കുപ്പിയും ഗ്ലാസും ഇറച്ചിക്കറിയും മാറ്റി വെടിപ്പാക്കി. ഒരു കുഴപ്പവുമില്ല എന്ന ധാരണയില്‍ വാതില്‍ തുറന്നപ്പോള്‍.

മുറ്റത്തു രണ്ടു പേര്‍.

‘ കൈനകരി അച്ചായന്റെ ആളാരാ’

‘ ഫാ എരപ്പേ എന്റെ പെണ്ണുമ്പിള്ളേ എന്തിനാടാ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത് ? ‘

‘ ഇവിടിപ്പം ഞങ്ങളൂ രണ്ടു പേരുമേ ഉള്ളു. ഇത് ഞങ്ങളൂടെ മാനേജര്‍ ആഗസ്റ്റി’

‘ ഞാന്‍ ചോദിച്ചതു കേട്ടില്ലെ തന്റെ ചെവി പൊട്ടിപ്പോയോ? എന്റെ പെണ്ണുമ്പിള്ള എവിടെയാണന്നാ ചോദ്യം. നിന്റെ അഗസ്റ്റിന്‍ സാറിനെ–‘ പിന്നെ അയാള്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കെ രണ്ടു പേരും ചെവി പൊത്തി.

‘ എടാ ഞാനെന്റെ പെണ്ണൂമ്പിള്ളേടെ കാര്യാ ചോദിച്ചെ. അവളുടേ ഒച്ച ഞാന്‍ കേട്ടല്ലോ ഈ പാതിരാ നേരത്ത് അവക്കെന്താ ഇവിടെ കാര്യം?’

ജോര്‍ജ്ജ് വര്‍ഗീസ് വിയര്‍ത്തു പോയി.

‘ ഇവിടെ ആരുമില്ലെന്നു പറഞ്ഞില്ലേ ?’ പറഞ്ഞത് അഗസ്റ്റിനായിരുന്നു . ഒട്ടും താസമുണ്ടായില്ല അങ്ങേരുടേ മുഖമടച്ചൊരടി. അതോടെ അയാള്‍ വീണു പോയി. ഒക്കിക്കുത്തി എഴുന്നേറ്റു വന്നപ്പോഴാണ് വന്നവരില്‍ ആജാനുബാഹുവായ ഒരാള്‍ ജോര്‍ജ്ജ് വര്‍ഗീസിനെ അടിക്കാനായി തുനിഞ്ഞത്. മുറിയിലെ സ്റ്റൂള്‍ കൈക്കലാക്കിയായിരുന്നു ഓങ്ങിയത്. പക്ഷെ അടികൊണ്ടത് അഗസ്റ്റിന്റെ തലമണ്ടക്ക്. ജോര്‍ജ്ജ് വര്ഗീസ്സ് രക്ഷപ്പെടാനായി പിന്‍വശത്തെ വാതില്‍ തുറന്നതേയുള്ളു പിന്നില്‍ നിന്നായിരുന്നു തള്ളിയിടലും തൊഴിയും. അതോടെ അയാള്‍ നിലത്തു വീണൂ.

നിലത്തു കിടന്ന രണ്ടു പേരെയും വലിച്ചിഴച്ച് മുറിയുടെ മൂലക്കലാക്കി . മുറിയിലെ അലമാരി തുറന്ന്‍ അവിടെ ബാക്കി വച്ചിരുന്ന മദ്യവും ഇറച്ചിയും മേശപ്പുറത്ത് വച്ച് പിന്നെ രണ്ടു പേരും സുഭക്ഷിതമായ മദ്യപാനം.

നിമിഷ നേരം കൊണ്ട്‍ കുപ്പി കാലിയാക്കി പ്ലേറ്റിലേക്കിട്ട ഇറച്ചികഷണമെടുത്ത് രുചിച്ചു നോക്കി.

‘ഓ ഫൈന്‍ എവിടുന്നു കിട്ടി’

‘ ഓ ഇപ്പം മനസിലായി ഇതൊക്കെ കഴിച്ചിട്ടു വേണം നിങ്ങള്‍ക്ക് എന്റെ പെന്നുമ്പിള്ളയെ മെതിക്കാന്‍ അല്ലടാ? ആട്ടെ അവളെവിടെ?
എടീ നിന്റെ കെട്ടിയോനാ വിളീക്കുന്നെ ഇവിടെ വാടീ’

പേടിച്ചരണ്ട് കിടുകിടെ വിറച്ചാണ് മോതിരക്കണ്ണി പിന്നില്‍ നിന്നും വന്നത്.

‘ എന്താടീ ഇപ്പം നിന്റെ കച്ചവടം ഇവര്‍ക്കാ അല്ലെ ?- വാടീ’

ഇപ്പോള്‍ കരയും എന്ന മട്ടിലാണ് മോതിരക്കണ്ണിയുടെ നില്‍പ്പ്.

‘ എടീ എനിക്കല്ലാത്ത എന്തോന്നാടീ ഇവര്‍ക്കുള്ളെ?’ അതും പറഞ്ഞ് അവളുടെ കെട്ടിയവനാണെന്ന് അവകാശപ്പെടുന്നയാള്‍ മുടിക്കു പിടിച്ച് അടുപ്പിച്ച് ഒച്ച താഴ്ത്തി മയത്തില്‍ പറഞ്ഞു.

‘ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ നിന്നെ ബലമായി കൊണ്ടു വന്നതാണെന്നേ പറയാന്‍ പാടൂള്ളു. അറിയാമല്ലോ പോലീസിനെ വിളീക്കാന്‍ ഞങ്ങള്‍ പോകുകുകയാണ്. അവരു വരുമ്പം ഞങ്ങളു പറഞ്ഞതു പോലെ ‘

പിന്നെ കുറെ ഉച്ചത്തില്‍ ‘എടേ നമുക്ക് പോലീസ്സ്റ്റേഷനില്‍ പോകാം. ഒരു പരാതി കൊടുത്തേ ഒക്കു ‘

പോലീസെന്നു കേട്ടതോടെ ജോര്‍ജ്ജ് വര്‍ഗീസ് എഴുന്നേറ്റു തൊഴുകയ്യോടെ പറഞ്ഞു.

‘ദയവു ചെയ്തു കേസാക്കരുത് എന്താണെന്നു വച്ചാ ചെയ്യാം ‘

‘ പറയുന്നത് തന്നാല്‍ കേസില്ലാതാക്കാം…… അല്ലേല്‍-‘

പോലീസെന്നു കേട്ടപ്പോള്‍ തല പൊട്ടി ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്ന അഗസ്റ്റിന്‍ പയ്യെ എഴുന്നേല്‍ക്കാനൊരു ശ്രമം നടത്തി. ഇവര്‍ സ്റ്റേഷനിലേക്കു പോയാലുള്ള ഭവിഷ്യത്തുകളാണ്‍
മനസിലേക്കു കടന്നു വന്നത് . പെണ്ണ് കേസാണെന്നതിനേക്കാള്‍ ഇവരെ ങ്ങാനും കശുവണ്ടി ലേലത്തിന്റെ വെട്ടിപ്പിന്റെ കാര്യം കൂടി പറഞ്ഞാല്‍….

തൊഴിലാളികള്‍ക്കു മുന്നില്‍ രാജകീയ പ്രൗഡിയോടെ തലയുയര്‍ത്തിപ്പിടിച്ചു നടന്ന അവസ്ഥ മാറി കള്ളനെന്നു പേരാവും പുറത്ത് വരിക. കോട്ടയത്ത് എം. ഡിയും ജനറല്‍ മാനേജരും അറിഞ്ഞാലുള്ള കാര്യം വേറെ. തങ്ങള്‍ കശുമാവിന്‍ തോട്ടത്തില്‍ വന്നതിനു ശേഷമുള്ള എല്ലാത്തരം കോണ്ട്രാക്ട് ഇടപാടുകളും ഒന്നൊന്നായി ചികഞ്ഞ് അന്വേഷണത്തിനായി വന്നാല്‍ ഇതുവരെയുള്ള തട്ടിപ്പുകള്‍ എല്ലാം ചേര്‍ന്ന് പതിനായിരങ്ങളല്ല ലക്ഷങ്ങള്‍ തന്നെ കെട്ടേണ്ടി വരും. ജോര്‍ജ്ജ് വര്‍ഗീസിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയോടു ചേര്‍ന്നുള്ള കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ വീടും ആറേഴ് സെന്റ് സ്ഥലവും കൂടി വിറ്റാലും ഒന്നുമാവില്ല. അഗസ്റ്റിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി ഇത്രയും ബുദ്ധിമുട്ടില്ല. പക്ഷെ അതിരപ്പള്ളിയിലെ പഴയ കേസ് കൊണ്ടുണ്ടായേക്കാവുന്ന ഭവ്യഷ്യത്തുകളോര്‍ത്താണ് ഇത്രയും ദൂരം അഭയം തേടിയെന്നോണം ഇവിടെ വന്നത്. ഇപ്പോഴിവിടെ പതിനായിരങ്ങള്‍ വരെ തട്ടിച്ചവനെന്ന പേര്‍ കൂടിയാകുമ്പോള്‍….

ജോര്‍ജ്ജ് വര്‍ഗീസ് ഇവളെ കൂട്ടിക്കൊണ്ടു വരുമെന്നു അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ടുള്ള ഈ രാത്രി സമയത്തെ യാത്ര വേണ്ടെന്നു വച്ചേനെ. എല്ലാം തെളിഞ്ഞാല്‍- മാനേജുമെന്റിന്റെയും തൊഴിലാളികളുടെയും മുന്നില്‍ പരിഹാസ്യനാവുകയാണെങ്കില്‍ ഒരു പക്ഷെ ജോലി തന്നെ തെറിക്കും.

‘ എന്താ സാറന്മാരാലോചിക്കണെ? വേഗമൊരു തീരുമാനം പറ ഞങ്ങളു പോണോ?’

‘ ഞങ്ങളുടെ കയ്യിലുള്ള തുക തരാം. നിങ്ങള്‍ കേസാക്കാതിരുന്നാല്‍ മതി ‘

‘ എത്രാ കയ്യിലുള്ളെ ? നക്കാപ്പിച്ചയാണേല്‍ വേണ്ട ‘

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English