പടവുകളിൽ ഉറുമ്പുകളെപ്പോലെ
എന്റെ ജന്മത്തെ തൊട്ടു തൊട്ട്
പോകുന്ന അനേകം ജന്മങ്ങൾ….
കൂട്ടായും ഒറ്റക്കും പോകുന്നവരുണ്ട്.
ഞാൻ ഒറ്റകളുടെ പിന്നാലെ നടന്നു.
അപ്പോഴെല്ലാം അവരുടെ
കാലടികൽക്കെന്തൊരാഴം.
ചിലതിനു കിണറിന്റെയാഴം..
ചിലതിനു മൺചിരട്ടയുടെ,
മാളങ്ങളുടെ, കണ്മുനയുടെ,
ഒന്നിറങ്ങി നോക്കിയാൽ
ഒരു തുളയുടെ…അത്രമാത്രം.
എന്നെ കടന്നുപോയൊരാളെ
എവിടെയോ കണ്ടതു പോലെയുണ്ടല്ലോ
എന്നോർത്തെടുക്കുമ്പഴേക്കും
ഒരു പൊക്കാച്ചിത്തവള
വെള്ളത്തിലേക്കെടുത്തു ചാടുന്നു.
വളഞ്ഞു പുളഞ്ഞതു പൊട്ടിപ്പൊളിഞ്ഞ
വട്ടക്കണ്ണാടിപോലൊന്നു വരക്കുന്നു.
ആ വൃത്തത്തിനു ഒരു ചുഴിയുടെയത്രേം
ആഴമുണ്ടായിരുന്നല്ലോ.
“എന്നെയോർക്കു ഓർക്കെ”ന്നമട്ടിൽ
കടന്ന് പോയൊരാളുടെ ചിരിക്കുമതേ
ചുഴിയുടെയത്രേമാഴം.
മുടിത്തുമ്പിൽ പിടികിട്ടിയിരുന്നെങ്കിൽ
ഞാനയാളെ വലിച്ചു കരയ്ക്കിട്ടേനെ….
എത്ര പടവുകളിറങ്ങിയാലാണ് നമ്മൾ
ഒരാളുടെ കരച്ചിലിന്റെ ആഴമളക്കുക?
അല്ലെങ്കിലും എല്ലാ കരച്ചിലിനും
ശബ്ദമുണ്ടെന്നാരു പറയുന്നല്ലേ…
ചിരിച്ചോണ്ട് ഉള്ളിൽ കരയുന്നവർക്ക്
ചാപ്ളിന്റെ മരിപ്പിന്റത്രേമാഴം വരും.
ആഴങ്ങളുടെ
അവരോഹണത്തിലേക്ക്
ഇറങ്ങിപ്പോയ നമ്മളെല്ലാം
നെഞ്ചിലെ ഭാരമുയർത്താനാവാത്ത
തുമ്പികളാണത്രെ.
നമുക്ക് തുമ്പിയുടെ
നെഞ്ചിന്റത്രേമാഴമെന്ന് കരുതാം.
കുടത്തിന്റെ ആഴങ്ങളിൽക്കിടന്നു
ഇത്തിരി വെള്ളത്തിൽ കുതിർന്ന്
പൊടിഞ്ഞു പൊടിഞ്ഞു പോകുന്ന
കല്ലുകളുരസി “കാക്കേ കാക്കേ “യെന്ന്
കാലം കൈകൊട്ടി വിളിക്കുന്നു.
ആ ധ്വനിയുടെയാഴത്തിലേക്കൊരു
മഴക്കാറ് മൂടിക്കിടപ്പുണ്ട്.
പെയ്യാതെ കടന്ന് പോയിക്കളയുന്ന ഒന്ന്.
മോഹിപ്പിക്കുന്ന ഒന്ന്.
ആഴമോ പരപ്പോ ആകൃതിയോ ഇല്ലാത്ത ഒന്ന്.
Click this button or press Ctrl+G to toggle between Malayalam and English