നിനക്കു മാത്രമായ് ഞാൻ
കടൽ മുഴക്കമാകാം
തെളിഞ്ഞ പാൽ നിലാവിൽ
മണൽത്തിളക്കമാകാം
പതിഞ്ഞ കാലടിയിൽ
മറന്ന രാഗമാകാം
തപ,മുറഞ്ഞു തീരം
നിറയെ നീറ്റൽ വീഴ്കെ
നനവ് പാറ്റിടുന്ന
തിരയിൽ ചിപ്പിയാകാം
അകലെ ചക്രവാളം
തൊടും ജലപ്പരപ്പിൽ
പ്രണയ,മേഴഴകിൽ
മറച്ചു കാത്തിരിക്കാം
ഒരിക്കലെങ്കിലും നീ
മുറിവി,നക്കരേക്ക്
മിഴി പടർത്തി നിൻ്റെ
ചിരി പകർത്തുമെന്ന്
കരുതി,യാർത്തനായ് ഞാൻ
കര,യളന്നു കൊള്ളാം…