നിരവധി മലയാളം ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
1957 ഒക്ടോബര്‍ 29ന് എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ് ഡെന്നീസ് ജോസഫ് ജനിച്ചത്. ഏറ്റുമാനൂർ ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.
തുടർന്ന് കട്ട് കട്ട് എന്ന സിനിമ വാരികയുടെ സബ് എഡിറ്റർ ആയിട്ടാണ് തന്‍റെ കരിയർ ആരംഭിക്കുന്നത്.
1985ൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ഈറൻസന്ധ്യ’യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതി.
ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർ താര പദവിയിൽ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്.