” നിറ തോക്കുകളമറുന്നു
ഇരുള്‍ വാഴും മേടുകളില്‍
ഭയശീഘ്രം മടങ്ങുന്നു
മാറിലുദരത്തിലുണ്ടകള്‍ ചോന്ന്
വീണിടത്തും ഗര്‍ജ്ജിക്കുന്ന പേനകള്‍
മറവിപ്പെരുങ്കാറ്റേറെ
പെയ്തു തോര്‍ന്നിട്ടും
കെടാതെ ജ്വലിക്കുന്ന ഉണര്‍ത്തക്ഷരങ്ങള്‍
പന്‍സാരെ, ധാബോര്‍ക്കര്‍, കല്‍ബുര്‍ഗി
ഇപ്പോള്‍ ഗൗരിയും!
മയങ്ങുവാന്‍ മാത്രം ജീവിക്കുന്ന
ഒരു ജനതയുടെ മേധയില്‍
ഉണ്മവിളക്കുവാന്‍
കെടാത്ത പേനയുടെ ഈ ദീപശിഖാ കൈമാറ്റങ്ങള്‍!
കൊലഗീതമാത്രം ഘോഷിക്കുന്ന തോക്കുകള്‍
വിജയം ഘോഷിച്ച് ഇരുളിന്ത്യവാഴും
സുഖമേടയില്‍ മടങ്ങുന്നു.
ആദര്‍ശശിരസ്സറുക്കുവാന്‍ മാത്രം
അറിയും ഈ അപമര്യാദാ-
പുരുഷോത്തമരാമാശ്വമേധങ്ങള്‍!
അന്ധ നീതിതന്‍ ഭേരി
മുറുമുറുക്കും സനാതനത്വം
അറിഞ്ഞിട്ടില്ല, പക്ഷെ;
മഷിച്ചോരയൊലിച്ചു തീരുമ്പോഴും
നിസ്സൗമ്യം ഗര്‍ജ്ജിക്കുമീ പേനകള്‍ തന്‍ ശൗര്യം!
പന്‍സാരെ, ധാബോര്‍ക്കര്‍, കല്‍ബുര്‍ഗി
ഇപ്പോള്‍ ഗൗരിയും.
അന്ധതചുമക്കുവാന്‍ മാത്രം
ഇരുള്‍തിന്നു കഴിയും
ഒരു ജനതയുടെ മേധയില്‍
വെട്ടം പടര്‍ത്തുവാന്‍,
ഇരുളും കത്തിച്ചാമ്പലാക്കീടുവാന്‍,
അണയാതെ കൈമാറുമീ
ചിന്താക്ഷരികള്‍ തന്‍
കെടാ ദീപനാളങ്ങള്‍.
അമറുന്ന തോക്കുകള്‍
നിശബ്ദമാക്കീടിലും
സസ്സൗമ്യം ഗര്‍ജ്ജിക്കുമീ പേനകള്‍.
ഇനിയും മരിച്ചിടാ ശാന്തി ദീപങ്ങള്‍.
തമസ്സിനായെന്നെന്നും
അശാന്തിയാശംസിച്ച്
കെട്ടിടറാതെ കൈമാറുമീ
വെട്ടാക്ഷരി ഗീതികള്‍-
പന്‍സാരെ , ധാബോക്കര്‍, കല്‍ബുര്‍ഗി
ഇപ്പോള്‍ ഗൗരിയും”
കുറിപ്പ് – ഗൗരി ലങ്കേഷ്