അറിയപ്പെടുന്ന പ്രഭാഷകയും എഴുത്തുകരിയുമായ ദീപ നിശാന്ത് മലയാളത്തിലെ യുവ കവിയായ കലേഷിന്റെ കവിത മോഷ്ടിച്ചു എന്ന വിവാദത്തിൽ വ്യക്തമായ വിശദീകരണം നൽകാനാവാതെ ദീപ.
ആരോപണം ശക്തമായതോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് പ്രശ്നത്തിന് വ്യക്തമല്ലാത്ത മറുപടി അവർ പങ്കുവെച്ചത്.
“കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.
കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.
ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.
എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.
ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.” –
എന്നിങ്ങനെയാണ് ഈ വിഷയത്തിൽ അവർ പ്രതികരിച്ചത്. എന്നാൽ വിശദീകരണത്തിൽ പാളിച്ച ഉണ്ടെന്നും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.അതേസമയം പ്രശ്നത്തിൽ കലേഷിനു പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്
Click this button or press Ctrl+G to toggle between Malayalam and English