മരണനിഴൽ

 

പാരിൽ പരക്കെ വിഷം കലക്കിയ
നരൻ തന്നഹങ്കാരത്തെ
കാളിയനു മേൽ പതിഞ്ഞ കുഞ്ഞിക്കാലുപ്പോൽ
ശമിപ്പിക്കുകയാണോ നിന്നാഗമനോദ്ദേശ്യം
അതോ പ്രകൃതി പകപോക്കാൻ
നിന്നെ ചുമതലപ്പെടുത്തിയതോ

സൂക്ഷ്മാണുവെങ്കിലും നീയേറെ ശക്തൻ
നീ വിരിച്ച മരണനിഴലിലിന്നു
ലോകമാകെ മൂടപ്പെട്ടു കഴിഞ്ഞു

അണുവായ നിനക്കു മീതെ അണ്വായുധങ്ങളില്ല
യുദ്ധങ്ങളില്ല തന്ത്രങ്ങളില്ല
ആചാരങ്ങളില്ലനുഷ്ഠാനങ്ങളില്ല
ഭയാശങ്കകൾ മാത്രം
മതങ്ങൾക്കു ദേഹവും ദേഹിയും ഒന്നെന്നിന്നു
മർത്ത്യൻ തിരിച്ചറിഞ്ഞിരിക്കുന്നു

ആകാശ വീഥിയാകെ പറവകൾ
സ്വായത്തമാക്കിയിരിക്കുന്നു
വിജനമാം വഴിയിലൂടെ
സ്വതന്ത്രരായി വിഹരിക്കാം ജന്തുജാലങ്ങൾക്കും

മതിയേറിയ മനുഷ്യനോ
പാരതന്ത്ര്യത്തിൻ കൂട്ടിൽ
നിശ്ചലനായ്, നിസ്സഹായനായ്
വിറങ്ങലിച്ചു നില്ക്കയാണ്
നിന്റെ സംഹാരതാണ്ഡവം കഴിയുന്നതും
കാത്തതെന്നെന്നൊരു നിശ്ചയവുമില്ലാതെ

അന്നീ ലോകം നിലനില്പ്പുണ്ടെങ്കിൽ
അഹങ്കാരത്തിൻ പത്തി ചതഞ്ഞുള്ളിലെ
വിഷം കണ്ണീരായിയൊഴുക്കിക്കളഞ്ഞീ
നരകുലം പുതുജീവിതം തേടുമായിരിക്കും
അതിലീ ഭൂമി കരുത്താർജ്ജിക്കുമായിരിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here