ഹേ, മരണമേ
നീയെന്താണ് മടിച്ചുനിൽക്കുന്നത് !
നിന്നെ ഞാൻ പ്രേമിക്കാൻ തുടങ്ങിയിട്ട്
നാളുകളേറെയായെന്ന് നിനക്കറിഞ്ഞുകൂടെ ?
ഗ്രീഷ്മവും ശിശിരവും വസന്തവും തന്ന്
നീയെന്തിനാണ് എന്നിൽ നിന്നകലുന്നത് !
നിൻ്റെ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ
നിൻ്റെ മാറോട് ചേർന്നുറങ്ങാൻ ഞാനിനിയും കാത്തിരിക്കണമെന്നോ ?
തീവണ്ടിച്ചക്രങ്ങൾക്കിടയിലും
തൂങ്ങി നിന്ന കയറുകളിലും
പത്തിവിരിച്ച അഗ്നിനാളങ്ങളിലും
നീയുണ്ടെന്നെനിക്കറിയാം.
പക്ഷെ എനിക്ക് നിന്നോട് പ്രേമമായിരുന്നു
ഒരു വേശ്യയോടെന്ന പോലെ
നിന്നോട് രമിക്കാൻ എനിക്കിഷ്ടമില്ലായിരുന്നു.
ഒരു യഥാർത്ഥ കാമുകിയോടെന്ന പോലെ
നിന്നെ കെട്ടിപ്പുണർന്ന്
നിൻ്റെ ചുണ്ടുകളിലെ മധുരം നുകർന്ന്…
തുടുത്ത മാറിലൂടെ …
സ്വർണ്ണ രോമങ്ങൾ അഴകുകൂട്ടിയ വയറിലൂടെ…
വെണ്ണ പോലുള്ള നിൻ്റെ തടിച്ച തുടകളിലൂടെ…
എനിക്ക് നിന്നിലേക്കലിയാനായിരുന്നു മോഹം.!
പക്ഷേ, നീ എൻ്റെ വ്യർത്ഥമോഹങ്ങളെ
പറക്കാനനുവദിച്ചതെന്തിന്?
വേനൽച്ചൂടു കൊണ്ട് കരിച്ചു കളയുവാനോ?
കൊടും മഞ്ഞുകൊണ്ട് മരവിപ്പിക്കുവാനോ ?
നീയെനിക്കൊരു മോഹിപ്പിക്കുന്ന കാമുകിയാണ്!
എൻ്റെ തലയിലൂടെ അരിച്ചു നടക്കുന്ന ക്യാൻസറല്ല,
കഫം നിറഞ്ഞ ആസ്തമയുമല്ല,
തീവണ്ടിച്ചക്രങ്ങളിലൂടെ നീയെന്നിലേക്ക് വരേണ്ട.
വേനലിൽ ഒരു മഴത്തുള്ളി പോലെ
വസന്തത്തിലെ കാറ്റു പോലെ
തെച്ചിപ്പൂക്കളിൽ നിന്ന് നറും തേനുമായി
നീയെന്നിലേക്ക് വരു!
കടൽത്തീരത്തുകൂടെ
കെട്ടിപ്പുണർന്നു നമുക്ക് നടക്കാം
ചെമ്പരത്തിക്കാടുകൾക്കിടയിൽ വച്ച്
നീ മാറുനിറയെ കൊണ്ടുവന്ന പുളകങ്ങൾ ഞാനെടുക്കാം
എന്നിട്ട്, വയൽ വരമ്പിനു മുകളിൽ
പറന്നു നടക്കുന്ന ഓണത്തുമ്പികളെപ്പോലെ
വാലിൽ കടിച്ചു പിടിച്ച് നീലാകാശത്തിലേക്ക്
നമുക്ക് പറക്കാം !
മരണമേ, നീ വരിക !
നിൻ്റെ വഴികളിൽ ഞാൻ മുല്ലപ്പൂക്കൾ വിതറിയിട്ടുണ്ട്
ധൂപക്കുറ്റികളിൽ നിറയെ
ചന്ദനവും രാമച്ചവും വച്ച് പുകച്ചിട്ടുണ്ട്
എൻ്റെ വലിയ കട്ടിലിൽ പുത്തൻ വിരിപ്പുകൾക്ക് മീതെ
ഞാൻ കിടക്കുകയാണ്
നീ വരുന്നതും കാത്ത് !
നിൻ്റെ കറുത്ത കമ്പിളിക്കുള്ളിൽ
നിൻ്റെ മാറോട് ചേർന്ന്
എനിക്കുറങ്ങണം.