കാലൻ തന്റെ പുതിയ വണ്ടി ഗോവിന്ദൻ കുട്ടിയുടെ വീടിനു മുന്നിൽ നിർത്തി.
ബല്ലടിച്ചിട്ടും ആരും പുറത്ത് വന്നില്ല. അപ്പോഴാണ് അയൽക്കാരി വൃദ്ധ ആ വഴി വന്നത്.
“…ഗോവിന്ദൻ കുട്ടി ഇല്ലല്ലോ ഇവിടെ. രാത്രി അടിച്ച് പൂസായി ഏതെങ്കിലും കടത്തിണ്ണയിൽ കിടന്നുറങ്ങും. നേരം വെളുക്കുമ്പോ ഇവിടെ വന്ന് കുളിച്ചൊരുങ്ങി ജോലിക്ക് പോകും. അതാ പതിവ്….”
“…അപ്പോ അയാടെ ഭാര്യേം മക്കളും..?
“ഭാര്യക്കും മക്കക്കും ചെലവിന് ചില്ലിക്കാശ് കൊടുക്കുകേല. പോരാഞ്ഞിട്ട് അവരെ എടുത്തിട്ടിടിക്കുകേം ചെയ്യും. പാവം അവരെന്തോ ചെയ്യും? ഗോമതി കുറേക്കൈലം അയൽവീടുകളിൽ കലംകഴുകീം ചുമടെടുത്തും പിള്ളാരെ പോറ്റി. രണ്ടും പെങ്കൊച്ചുങ്ങളാരുന്നു. അവര് വളർന്ന് വലുതായി. അപ്പോ ഗോമതി ചുമട്ടുകാരൻ പൗലോസിന്റെ കൂടെ ഒളിച്ചോടി. പെൺമക്കൾ ഓരോരുത്തരായി അവർക്കിഷ്ടപ്പെട്ട ചെറുപ്പക്കാരുടെ കൂടെ ഓടിപ്പോയി രക്ഷപ്പെട്ടു. ഇപ്പോ മൂന്ന് പേരും സുഖമായി കഴിയുന്നു. … ഏതായാലും മോനിവിടെ നിന്നിട്ട് കാര്യമില്ല. അയാളെ കാണണമെങ്കീ ടൗണിലെ ഏതേലും മദ്യഷാപ്പീ തെരക്കിയാ മതി…”. വൃദ്ധ തിരിച്ചു നടന്നു.
കാലൻ ബാറിലെത്തുമ്പോൾ ഗോവിന്ദൻ കുട്ടി ബാറിൽ നിന്നും നാല് കാലിൽ ഇഴഞ്ഞ് വരികയായിരുന്നു. കൈയിൽ പാതിതീർന്ന ഒരു കുപ്പിയും!
“…ഗോവിന്ദൻ കുട്ടീ… വാ നമുക്ക് പോകാം..”
അയാൾ നാല് കണ്ണുകൾ കൊണ്ട് കാലനെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.
“..എങ്ങും പോകണ്ടെടോ… ദാ..ഇവിഴിരുന്ന് കുഴിക്കാം…”
അടുത്തുകണ്ട കടത്തിണ്ണയിൽ അയാൾ കുഴഞ്ഞിരുന്നു. കൈയിലിരുന്ന പാതികുപ്പി കാലനുനേരേ നീട്ടി.
“…ഇത് ഫിനിഷ് ചെയ്തിട്ട്…ഷംഷാരിക്കാം..യേത്..?”
“..യ്..യ്യോ..! ഞാൻ മദ്യപിക്കുകേല…സമയമായി..നമുക്ക് പോകാം..”
“..ഞാൻ വന്നില്ലെങ്കീ ഇയാളെന്തോ ചെയ്യും….ന്റെ മോനേ…?”
അയാൾ ബാക്കിമദ്യം ഒറ്റവലിക്ക് അകത്താക്കി. കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു. ചിറി തുടച്ച് കടത്തിണ്ണയിലേക്ക് മറിഞ്ഞു.
കാലന് ആ കള്ളുകുടിയന്റെ കൂർക്കംവലിക്ക് കാവൽ നിൽക്കേണ്ടി വന്നു.
നേരം വെളുത്തു. ഗോവിന്ദൻ കുട്ടിയുടെ കൂർക്കംവലി നിന്നു.
“…അല്ലാ നിങ്ങള് പോയില്ലേ..?”
“ഇല്ല..ഞാൻ നിന്നേംകൊണ്ടേ പോകൂ…”
“അങ്ങനെ നിർബന്ധം പിടിക്കാതെന്റെ കാലാ… കള്ളുകുടിയന്മാരായ ഞങ്ങൾക്ക് മാന്യമായി കേറിയിരുന്ന് കുടിക്കാൻ… യമലോകത്ത് ഒരു ബാറുണ്ടോ..?”
“…ഇ..ല്ല…”
“..എങ്കീ ആദ്യം ബാർ തുടങ്ങൂ… എന്നിട്ട് ഞാൻ വരാം…?”
കാലൻ മടങ്ങിപ്പോയി.
ഗോവിന്ദൻ കുട്ടി ബാറിലേക്കും…।