ഇലകളോടൊപ്പം ഒരു മരണം

 

“ചേച്ചീ.. ഇന്നെത്ര ഇലയുണ്ട്‌..?”

“നോക്കട്ടെ മോനേ.. ഞാൻ അടിച്ച്‌ വാരാൻ തുടങ്ങിട്ടേ ഉള്ളൂ..”

ചേച്ചി അവൻ കിടന്ന ജനാലയിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു.

“ആരാടീ അത്‌?”

“ഒന്നും പറയേണ്ട മോളേ..ഇവിടെ വന്ന് അഡ്മിറ്റായ പുതിയ ചെക്കനാ.. എന്നും രാവിലെ ഞാൻ അടിച്ച്‌ വാരാൻ വരുമ്പോ അവനു ഈ മരത്തിൽ നിന്ന് വീണ ഇലകളുടെ എണ്ണം അറിയണം..”

“അവനെന്താ പ്രാന്താണോ..”

“ഹാന്നേ.. രാവിലെ വീട്ടിലെ പണിയെല്ലാം തീർത്ത്‌ കെട്ട്യോനേറ്റ്‌ വഴക്കും ഇട്ട്‌ ഇവിടെ വന്ന് പണി തുടങ്ങാൻ നേരം അവന്റെ ഇലയെണ്ണാൻ ഇരിക്കണം പോലും.. ഇടക്ക്‌ ദേഷ്യം തോന്നും..എന്തൊക്കെയാണേലും പാവല്ലേ.. ക്യാൻസറാണത്രെ..അവനെ വിഷമിപ്പിക്കണ്ട കരുതി ഞാനൊന്നും പറയാറില്ല..”

“ഹ്മ്മ്മ് വെറുതേയിരിക്കുമ്പോ ഓരോന്ന് തോന്നുന്നതായിരിക്കും..”

“ആവോ.. നീയെന്നാ പണി നോക്ക്‌.. ഞാൻ ആ ചെക്കന്റെ ഇലയൊന്ന് എണ്ണട്ടെ..” കൂടെ ജോലി ചെയ്യുന്ന മറ്റൊരു തൂപ്പുക്കാരിയോട്‌ കാര്യങ്ങൾ പറഞ്ഞ്‌ ആ ചേച്ചി ഇലകൾ ഓരോന്നോരായ്‌ എടുത്ത്‌ എണ്ണി..

“മോനേ.. ഇത്‌ ഒമ്പതെണ്ണം ഉണ്ട്‌ കേട്ടോ..”

“ഒമ്പതോ?”

“അതെ..”

“ഇന്നലെ പത്തെല്ലായിരുന്നോ.. നാളെ എട്ട്‌ ആവുമോ എന്ന് നോക്കണേ..”

“അല്ല എന്തിനാ ഇത്‌??”

“ അതൊക്കെയുണ്ട്‌..ചേചി പറഞ്ഞ്‌ തായോ..പിന്നേയ്‌.. പത്രത്തിലോ വാർത്തയിലോ ഇന്നോ നാളെയൊ മഴയുടെ കോളുണ്ടെങ്കിൽ പറഞ്ഞ്‌ തരണേ..”

“ഈ ചെക്കനെ കൊണ്ട്‌ തോറ്റു..” ചേച്ചി പിറുപിറുത്ത്‌ കൊണ്ട്‌ അവിടെ നിന്ന് നടന്നകന്നു.


 

” മോനേ.. നീ പറഞ്ഞത്‌ നേരാ.. ഇന്ന് എട്ടണ്ണമേ ഉള്ളൂ..”

അവൻ തിരിച്ചെന്തോ പറയുന്നുണ്ട്‌..കേൾക്കാതെ ആയപ്പോൾ ആ ചേച്ചി അവന്റെ ജനാലയുടെ അടുത്തേക്ക്‌ വന്നു..

“എന്താ പറഞ്ഞേ മോനേ..”

“ചേച്ചീ ,ചേച്ചി ശെരിക്കും എണ്ണി നോക്കിയാ..?”

“എന്താ ശബ്ദം വല്ലാതെ.. നല്ല ക്ഷീണമുണ്ടല്ലോ..”

“ഏയ്‌ ഇന്നൊരുപാട്‌ രക്തം ചർദ്ദിച്ചു.. നല്ല ക്ഷീണമുണ്ട്‌.. ചേച്ചി ശെരിക്കും എണ്ണിയോ..?”

“ആ മോനേ.. ഇതൊരു ചെറിയ മരമല്ലേ..അധികം ഇല പൊഴിയാറായിട്ടില്ല.. മോൻ പറഞ്ഞത്‌ നേരാ.. ഓരോ ദിവസവും ഓരോ ഇല കൊഴിയുന്നുണ്ട്‌..”

“ഹ്മ്മ്മ്..”

അവൻ ആ മരത്തിലേക്ക്‌ തന്നെ സൂക്ഷിച്ച്‌ നോക്കി.. മരത്തെ.. അതിന്റെ ഇലകളെ.. ഓരോ ഇലകളേയും സൂക്ഷ്മമായി നോക്കി..

കൊഴിയാൻ സാധ്യതയുള്ളതിനേയെല്ലാം അവൻ നോക്കി വെച്ചു.. അവന്റെ മനസ്സിൽ പേടി ഇരച്ച്‌ കയറുന്നുണ്ടയിരുന്നു.. കണ്ണുകൾ നിസ്സഹായനായ പോലെ .

“നീയെന്താ മോനേ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നേ..”

“ഒന്നുല്ല അമ്മേ..”

“നിന്റെ ഈ ഇലയുടെ കണക്ക്‌ എടുക്കുന്നത്‌ കണ്ട്‌ അവരൊക്കെ നിനക്ക്‌ പ്രാന്താണെന്ന് കരുതി കാണും.. വന്ന് ഈ മരുന്ന് കഴിച്ചേ..”

അവൻ അവശനായിരുന്നു.. കീമോ ചെയ്ത്‌ കറുത്ത്‌ പോയ തന്റെ മുഖത്ത്‌ പേടിയുടെ കരിനിഴൽ വീഴുന്നുണ്ടായിരുന്നു..

“അമ്മേ..ഈ സ്വപ്നത്തിൽ കാണുന്നതോക്കെ ശെരിക്കും നടക്കുമോ..”

“ചിലത്‌ നടക്കും എന്ന് കാരണവന്മാർ പറയുന്നത്‌ കേൾക്കാം..എനിക്കതിലൊന്നും വിശ്വാസമില്ല..എന്തേ..?”

“ഏയ്‌ ഒന്നുല്ല.. അമ്മ ആ മരുന്ന് എടുക്ക്‌.. നല്ല ക്ഷീണം ഉണ്ട്‌..ഡോക്ടർ എപ്പോഴാ വരാ.”

“എന്താ മോനേ.. മുഖം വല്ലാതെ.. നീയെന്താ സ്വപ്നം കണ്ടേ..?”

“അത്‌ അമ്മാ..ഞനൊരു സ്വപ്നം കണ്ടു.. ഈ മുറിയിൽ എന്നെ കൂടാതെ 20 പേർ.. എന്റെ അതേ അസുഖം..എല്ലാവരും വേദന കൊണ്ട്‌ നിലവിളിക്കാ.. ഞാനും..എല്ലാവർക്കും എന്റെ പോലെ കറുത്ത മുഖം.. തലമുടിയില്ലാതെ മുഖത്തെല്ലാം എന്തൊക്കെയോ കരിഞ്ഞ പാടുകൾ.. എല്ലാവരും അവശരാണ്..’

ഓരോ ദിവസവും ഈ മുറിയിലേ ഓരോരുത്തർ മരിക്കും.. നാളേ ആർ മരിക്കും എന്നറിയാതെ ഓരോരുത്തരും പേടിച്ചിരിക്കും.. ഒരുപാട്‌ പ്രാർതഥിക്കും..ചോര തുപ്പി മരിക്കുന്നത്‌ ഞ്ങ്ങൾ കാണും..ഈ മുറിയിലെല്ലാം ചോരയുടെ മണം.. എനിക്കിപ്പോഴും അത്‌ എന്റെ മൂക്കിലടിക്കുന്നുണ്ട്‌.. 20 പേരിൽ 8 പേർ മരിച്ചു.. ബാക്കി ഞാനടക്കം 12 പേർ.. പെട്ടെന്ന് ഒരു ഭീകര ശബ്ദം വന്ന് “ നാളെ നീ നാളെ നീ “ എന്ന് പറഞ്ഞോണ്ടിരിക്കുന്നു.. എല്ലാരും പേടിച്ചു.. എങ്ങോട്ട്‌ പോണം എന്നറിയാതെ ഞങ്ങൾ എല്ലാവരും ഈ റൂം മുഴുവൻ ഓടി..പക്ഷേ എനിക്ക്‌ ഓടാനായില്ല.. എന്നെ ആരോ പിടിച്ച്‌ നിർത്തുന്ന പോലെ.. ബാക്കി 11 പേർ ജീവനും കൊണ്ട്‌ ഓടി.. ഈ ജനലിലൂടെ.. എന്നിട്ട്‌ ആ മരത്തിൽ കേറി ഒളിച്ചു..പെട്ടെന്ന് ഒരു ഇടിയോട്‌ കൂടെയുള്ള മഴയും..ആ ഇടിയുടെ ശബ്ദത്തിൽ ഞാൻ ഞെട്ടി എണീറ്റു..”

അവൻ കണ്ട സ്വപ്നം അമ്മയോട്‌ പറയുമ്പോ അമ്മയുടെ നോട്ടം ആ മരത്തിലേക്കായിരുന്നു.. പേടിയിങ്ങനെ ഇരച്ച്‌ കയറി..

“പിറ്റേന്ന് മുതൽ ഞാൻ ആ ചേച്ചിയോട്‌ ആ മരത്തിൽ നിന്ന് വീഴുന്ന എണ്ണം ചോദിച്ചു..അന്ന് മരത്തിൽ കേറി ഒളിച്ചവരുടെ അതേ സംഖ്യ.. 12.., ഓരോ ദിവസവും അതിങ്ങനെ കുറഞ്ഞ്‌ വരും..ഇന്ന് 8 ഇല കിട്ടിയത്രേ.. ഇനിയുള്ള 8 ദിവസത്തിൽ ഒരു ദിവസം ഞാനും പോകും അമ്മാ..”

“വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ മോനേ.. ഈ അസുഖം വന്ന് അതി ജീവിച്ചവർ എത്രപേരുണ്ട്‌.. ആവശ്യമില്ലാത്ത ചിന്ത കാരണം ആണ് ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നേ..ഒന്നും സംഭവിക്കുകയില്ല .. പിന്നെ അമ്മയുണ്ടോ മോനേ..”

“ഹ്മ്മ്..”

——————————

കുറച്ച്‌ ദിവസങ്ങൾക്ക്‌ ശേഷം..

“നീയല്ലേ പറഞ്ഞേ.. ഇന്ന് രണ്ട്‌ ഇലയേ കാണൂ എന്ന്.. ഞാൻ ആ ചേച്ചിയെ കാന്റീൻ വെച്ച്‌ കണ്ടു.. ഒരുപാട്‌ ഇലകൾ വീണെന്ന്.. ഇപ്പോ സമാധാനം ആയോ..”

“ഒട്ടു വയ്യ.. നല്ല ക്ഷീണം.. ചേച്ചി വന്നതൊന്നും ഞാൻ അറിഞ്ഞില്ല..അമ്മ പറയുന്നത്‌ സത്യമാണോ..?”

“ഓരോ അന്ധവിശ്വാസം കൊണ്ട്‌ വന്നേക്കരുത്‌.. ഇന്ന് ഒരുപാട്‌ ഇല കിട്ടിയെന്ന് ചേച്ചി പറഞ്ഞു.. നീ കിടന്നോ.. ഞാൻ മരുന്ന് വാങ്ങി വരാം..”

അവൻ ആ മരത്തിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി.. ഇത്രയേറെ ഇല പൊഴിയാൻ ഇന്നലെ മഴ പെയ്തിട്ടില്ല..കൊഴിയാറായ ഇലകളും ഇല്ല.. ഇനി ചേച്ചിയാണോ അമ്മയാണോ കള്ളം പറയുന്നേ..അതോ ഇതൊക്കെ എന്റെ വെറും തോന്നലാണോ.. അവന്റെ മനസ്സ്‌ വെറുതെ പിറുപിറുത്തു.

നോട്ടത്തിനിടയിൽ ജനാലിൽ വെച്ച രണ്ട്‌ ഇലകൾ അവൻ കണ്ടു.. കാറ്റത്ത്‌ പാറിപ്പോവാൻ നിൽക്കുന്ന ആ രണ്ട്‌ ഇലകളിലേക്ക്‌ അവനിങ്ങനെ പേടിയോടെ നോക്കി

“ഹാ നീ എണീറ്റോ..?”

അവനൊന്ന് ഞെട്ടി

“ഞാൻ അവിടെ നിന്ന് ഒരുപാട്‌ വിളീച്ച്‌ പറഞ്ഞു ഇന്ന് 2 ഇലയേ ഉള്ളൂ എന്ന്.. അടുത്ത്‌ വന്ന് നോക്കിയപ്പോ നല്ല ഉറക്കം.. അതാ ഞാൻ ഈ 2 ഇല ഇവിടെ വെച്ച്‌ തന്നെ പോയേ.. എന്തായാലും സമാധാനം ഉണ്ട്‌.. ഇനി 2 ദിവസം കൂടി ഇല എണ്ണിയാൽ മതിയല്ലോ.. ഇതിങ്ങനേ ഓരോ ദിവസവും കുറയുന്നത്‌ നന്നായി..”

എന്നും പറഞ്ഞ്‌ ചേച്ചി ചിരിച്ച്‌ നടന്നു.. അവന്റെ മുഖം ആകെ വാടി.. ഈ ഇലയുടെ സംഖ്യയിൽ അവന്റെ പേടിയെ കുറിച്ച്‌ ചേച്ചിക്കറിയില്ലെല്ലോ..എന്റെ മനസ്സ്‌ വിഷമിക്കാതിരിക്കാനാവും അമ്മ എന്നോട്‌ കള്ളം പറഞ്ഞത്‌..അതെ.. അമ്മ പറഞ്ഞപോലെ തന്നെ ഇരിക്കട്ടെ.. ഈ ഇല എനിക്ക്‌ കാണിച്ച്‌ തരുന്നത്‌ സത്യമാണെങ്കിൽ നാളെ ഒരു ദിവസം കൂടെ മാത്രമേ ഞാൻ ഈ ഭൂമിയിൽ ജീവിക്കു..

അവൻ മനസ്സിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ച്‌ കൊണ്ടിരിന്നു..

———————–

“ഇന്ന് ഒരു ഇലയേ ഉള്ളൂ അല്ലേ ചേച്ചി..”

“ഹാ ഒരു ചെറിയ ഇല.. ഇത്‌ കണക്കിൽ കൂട്ടുമോ മോനെ..” ചേച്ചി കളിയാക്കി ചിരിച്ചു.

“അതെനിക്ക്‌ തരുവോ..”

അവൻ ചേച്ചിയുടെ കയ്യിൽ നിന്നും ആ ഇല വാങ്ങി.. അധികം ഉണങ്ങിയിട്ടില്ല.. ചെറിയൊരു വാടൽ പോലെ മാത്രം.. പിന്നെ അവന്റെ മനസ്സിലേക്ക്‌ ഓരൊന്ന് ഇരച്ച്‌ കയറി. മനുഷ്യരും അങ്ങനെയല്ലേ.. പ്രായമൊന്നുമില്ലാതെ നമ്മളിലുള്ളവരും മരിച്ച്‌ വീഴുന്നില്ലേ.. ഈ ഇല എനിക്‌ കാണിച്ചതാണ് സത്യമെങ്കിൽ ആ ഭീകര ശബ്ദം നാളെ നീ എന്ന് വിളിക്കുന്നത്‌ എന്നെ നോക്കിയാവും.. എന്റെ ചോര ഇവിടെ പരക്കും.. എന്റെ നിളിവിളി മാത്രം കേൾക്കും..

“അമ്മേ..”

“ആഹ്‌ മോനെ.. എന്ത്‌ പറ്റി വയ്യേ..”

“ഇന്നിവിടെ കിടക്ക്‌.. എന്റെ അടുത്ത്‌..”

“എന്ത്‌ പറ്റി.. “

“ഏയ്‌ ഒന്നുല്ല..എനിക്കിപ്പോ ആ മരത്തിന്റെ ഇല പൊഴിയുന്നതിലെ പേടിയൊക്കെ പോയമ്മേ.. ഇപ്പാ ഒരുപാട്‌ വീഴുന്നുണ്ടെന്ന് അമ്മ പറഞ്ഞില്ലേ..”

അവൻ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.. ഒരു കയ്യിൽ അമ്മയെ ചേർത്ത്‌ പിടിച്ചു..മറുകയ്യിൽ ആ ഇലയും..

അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അവന്റെ മനസ്സിലെ പേടി പെറ്റ അമ്മക്ക്‌ മനസ്സിലായിക്കാണണം.. ഇല പൊഴിയുന്ന എണ്ണം അന്ന് മുതൽ അമ്മയും നോക്കിയിരുന്ന് കാണണം.. ഒരു മകനെ നഷ്ടപ്പെടാൻ പോകുന്ന കണക്കെ.. രോഗിയായ തന്റെ മകനെ വിഷമിപ്പിക്കാതെ അമ്മ അവനെ ചേർത്ത്‌ പിടിച്ച്‌ നിശബ്ദമായ്‌ പൊട്ടി കരഞ്ഞിട്ടുണ്ടാവണം..

അവന്റെ കണ്ണുകൾ ആ മരത്തിലേക്ക്‌ തന്നെ..

രാത്രിയുടെ ഇരുട്ടിൽ പോലും ആ മരത്തിലേക്ക്‌ അവൻ തന്റെ അമ്മയേയും ആ ഇലയേയും ചേർത്ത്‌ പിടിച്ച്‌ നോക്കി.. പെട്ടെന്നൊരു മഴ പെയ്തു.. ഇടിയും മിന്നലും ചേർന്ന മുന്നിലുള്ള കാഴ്ച്ച മറക്കും വിധമൊരു മഴ.. അന്നത്തെ സ്വപ്നത്തിലേത്‌ പോലൊരു മഴ.. പേടിപ്പെടുത്തുന്ന മഴ..!


“ മോനേ.. ഇന്ന് ഇലയില്ലാട്ടോ.. ഇനി ഈ മരം ഇല വീഴ്ത്തില്ല.. അത്‌ ഇന്നലത്തെ മഴയിൽ വീണു.. “

മറുപടി കേൾക്കാഞ്ഞപ്പോൾ ചേച്ചി റൂമിനടുത്തേക്ക്‌ പോയി..

ആരേയും കാണാനില്ല..

“ഇന്ന് ഇലയും ഇല്ല.. അവനും ഇല്ല.. “

“എന്താ നീ പിറുപിറുക്കുന്നേ..”

“ഏയ്‌ ഞാൻ ആ ചെക്കന് ഇലയുടെ എണ്ണം പറയാൻ പോയതാ.. ആ മരം വീണു..ഇന്നലെത്തെ മഴയിൽ അത്‌ വീണു.. അവനേ കാണാൻ ഇല്ല അവിടെ.. ഇനി എന്നും രാവിലെ പോയി കണക്ക്‌ കൊടുക്കണ്ടല്ലോ..”

“ മ്മ്.. ഡീ.. അവൻ.. അവൻ ഇന്നലെ രാത്രി മരിച്ചു..”

ചേച്ചി ഒന്ന് അമ്പരന്നു.. ഞെട്ടിത്തരിച്ച്‌ കൊണ്ട്‌ ആ വീണുകിടക്കുന്ന മരത്തേയും.. പിന്നെ അവൻ കിടന്ന ജനാലിലേക്കും നോക്കി..

മരവുമില്ല.. അവനുമില്ല..

—————————————————–

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here