ഹാരി പോട്ടർ’ രചയിതാവും പ്രമുഖ എഴുത്തുകാരിയുമായ ജെ.കെ. റൗളിങ്ങിന് വധഭീഷണി. നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചതിനെത്തുടർന്നാണ് ‘അടുത്തത് നിങ്ങളാണ്’ എന്ന ഭീഷണിസന്ദേശം ട്വിറ്ററിൽ ലഭിച്ചത്.
റുഷ്ദിയുടെ നേർക്കുണ്ടായ ആക്രമണത്തെ വിമർശിച്ച് അവർ ട്വിറ്ററിലിട്ട കുറിപ്പിനു കീഴിൽ കമന്റായാണ് ഭീഷണി സന്ദേശം എത്തിയത്. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് അവർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, വെന്റിലേറ്ററിൽനിന്നു മാറ്റിയ സൽമാൻ റുഷ്ദിയുടെ നിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ ദീർഘനാളുകൾ എടുത്തുമാത്രമേ പഴയ സ്ഥിതിയിലേക്കു തിരിച്ചുവരികയുള്ളെന്നും അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് അയച്ച ഇമെയിലിൽ പറയുന്നു. പരുക്കുകൾ ഗുരുതരമാണ്. എന്നാൽ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.