മരണങ്ങൾ പറയുന്നത്

 

മരണങ്ങൾ പറയുന്നത്

1.
മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ?
മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും
പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി
ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും
ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല,
വഴിമുടക്കിയവരോടു പരാതിയില്ല,
അവഗണിച്ചവരോടു പരിഭവവും
നഷ്ടകണക്കുകൾ ഒന്നും പറയില്ല .
ഇന്നലെകളെ കുറിച്ചു പതം പറയില്ല
നാളെയെക്കുറിച്ചു വാചാലമാകില്ല
ഇന്നിനെക്കുറിച്ചു നല്ല നാലഞ്ചു
വാക്കോതിപ്പറഞ്ഞു നിർവൃതി കൊള്ളും.
മരണംകൊണ്ടു അവസാനിക്കുന്നതാണു
ജീവിതമെന്ന മിഥ്യാ ധാരണയുണ്ടാകില്ല
ഓരോമരണവും ചിലതോർമിപ്പിക്കുന്നു
എന്നിടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടെരിക്കും

2.

ആത്മഹത്യ ചെയ്തവരോടു സംസാരിച്ചിട്ടുണ്ടോ?
യൂദ്ധം ജയിച്ച യോദ്ധാവിനെ പോലെ
ഇനിയും കീഴടക്കാനുള്ള ആകാശം നോക്കി
ഒന്നുമുരിയാടാതെ നില്കുന്നവരോട്…?
തുടങ്ങിയ നാൾവഴികളെക്കുറിച്ചു
കാവ്യാത്മകമായി വാചാലമാകും
പറയാൻ പരാതികളേറെയുണ്ടങ്കിലും
വാക്കുകൾ അനുഭവങ്ങളെക്കുറിച്ചാകും
നഷ്ടപ്പെടുത്തിയ കുറ്റബോധമില്ലാതെ
നേട്ടങ്ങളുടെ ഗിരിശൃഗം കീഴടക്കിയതിൽ
അഹങ്കാരത്തോടു കൂടി ഊറ്റം കൊള്ളും
മറിച്ചയിരുന്നെങ്കിലെന്ന ചിന്തയില്ലാതെ……..,
ആത്മഹത്യയിൽ തീരുന്നതല്ല ജീവിതമെന്നും
ഓർമ്മകളുടെ ചുടലപ്പറമ്പിലേയ്ക്കു
ഒരു തിരിച്ചു നടത്തമാണു സ്വയം മരണമെന്നും
ഒരു പിൻവിളി പോലെ ഇടയ്ക്കവർ പിറുപിറുക്കും

3.

കൊലചെയ്യപ്പെട്ടവർക്കു മുഖം കൊടുത്തിട്ടുണ്ടോ?
കുനിഞ്ഞ ശിരസ്സും ഇടനെഞ്ചിൽ പ്രതീക്ഷയയുമായി
ഒരിക്കലും കൈവിടാത്ത നിശ്ചയ ദാർഢ്യവുമായി
ആൾകൂട്ടത്തിൽ തനിയെ നില്കുന്നവർക്ക്…… ?
ജയപരാജയത്തിന്റെ പതിരു തിരിയും മുമ്പേ
ശരിതെറ്റുകളുടെ അതിരു കണ്ടിടും മുൻപേ
കൈവിട്ട ജീവനെകുറിച്ചൊരു വാമൊഴിയുമുണ്ടാകില്ല,
പറഞ്ഞു പോയൊരു വാക്കും തിരിച്ചെടുക്കലുണ്ടാകില്ല.
നേടാതെപോയ സൗഭാഗ്യങ്ങളുടെ കണക്കു പറയില്ല.
പൂർത്തിയാക്കാതെ പോയ കർമ്മ ബന്ധങ്ങളുടെ
ഭാണ്ഡം വാക്കുകളിലൊരു ഭാരമായി തൂങ്ങിയാലും
നിരാശയിൽ വാക്കുകളോരിക്കലും ഇടറി ചിതറില്ല
കൊലയിൽ ജീവിതം തീർന്നു പോകില്ലെന്നും
കൊല്ലപ്പെട്ടവരുടെ ജീവിതം തുടങ്ങുന്നതു
കൊലചെയ്യപ്പെട്ട നിമിഷം മുതലാണെന്നും
അവർ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടെരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here