ദുർമന്ത്രവാദിനിയുടെ മരണം

 

താഴെ വലിച്ചുരഞ്ഞു നീങ്ങുന്ന കറുത്ത നീണ്ട പാമ്പുകളെ ഓർമിപ്പിക്കത്തക്കവണ്ണം മുടിയുള്ള , മുടന്തുള്ള,
കാലിൽ ചങ്ങല കെട്ടിയ, നാവിൽ നിന്ന് തീ തുപ്പുന്ന ദുർമന്ത്രവാദിനിയുണ്ടായിരുന്നെന്ന്…
അവളുടെ വലതു മുഷ്ടി ചുരുട്ടിയ നിലയിലും. അതിനുള്ളിൽ ചെഞ്ചോര ചുവപ്പിൻ ചാരമായിരുന്നത്രെ !
ഒരാത്മാവിന്റെ ഉടലുറങ്ങിയ ഇടം…
ഒരു കടൽകൊള്ളക്കാരന്റെ പ്രിയതമയുടെ ഓർമച്ചാരം…

നിന്റെ മരണമോ…
അതടുത്ത ചോദ്യം ….
ഉത്തരമിങ്ങിനെ
ഹൃദയത്തിൽ ഒരു ഭിത്തിക്കു താഴെ വലിച്ചു കെട്ടിയ ഞരമ്പിനു കീഴെ ഒരു വിത്തു മുളച്ചു.
പാകിയതാരെന്നറിയുമോ ? (അറിഞ്ഞിട്ടും കഥയിൽ മാറ്റമില്ല)
വെള്ളമില്ല, വെളിച്ചമില്ല തഴുകാനൊരു കാറ്റു പോലുമില്ല എങ്കിലും വളർന്നു പടർന്നു…
ചില്ലകളിലൂടെ രക്തമോടി…
അവക്കിടയ്ക്ക് രക്തപ്പൂക്കൾ വിരിഞ്ഞു…
പൂവിനു നടുവിൽ വന്നിരുന്ന ശലഭം ആർത്തു ചിരിച്ചു
നിന്റെയും എന്റെയും പതനമൊരുമിച്ച്…
(നമ്മൾ മരിക്കുമോ, അതോ മരിക്കപ്പെടുമോ ?- ആത്മഗതം)
(ജീവിച്ചിട്ടില്ല പിന്നെ മരിക്കുന്നുമില്ല, പല നിമിഷങ്ങളിലും കൊല്ലപ്പെടുന്നുമുണ്ട് – വ്യസനാത്മഗതം )
സമയം കാലനെ അയച്ചു, ചുവടോടെ വെട്ടി മാറ്റി, പ്രണയപ്പൂക്കൾ ഗോവണി തട്ടി തടഞ്ഞു താഴേക്ക്, പിന്നെയും താഴേക്ക് വീണു.
മരത്തിന്റെ ഉടൽ കടലിലെ മീനുകൾക്ക് തീറ്റയായി…
അവറ്റകൾ മറ്റാരുടെയോ തീൻ മേശയിലെ വിഭവമായി
മരിച്ചെന്നു കരുതിയിരിക്കുമ്പോൾ മീൻ രുചിച്ചവന്റെ ഹൃദയത്തിനും ഒരേ രുചി…
ഹാ കഥകൾ മരിക്കുന്നിടം
മറ്റൊന്ന് ജനിക്കുന്നിടം
ഓർമപ്പൂക്കൾ പൊഴിയുന്നിടം
….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here