ഇരുട്ടിലൊരു വെട്ടിവിടെ
മറുവെട്ടൊന്നവിടെ
നിലംപൊത്തി മരങ്ങൾ രണ്ടെണ്ണം
പകച്ചുനിന്നു ചില്ലയിൽ ചേക്കേറും കിളികളും
വെട്ടുകളങ്ങനെ തുടരുന്നു
പെരുകുന്നു
കൊലക്കളി സമനിലയിലെത്തുംവരെ
വിശ്രമമില്ല
കൊടിമരം കാറ്റത്തൊന്നുലഞ്ഞാലും
കൊടിയൊന്നു പഴകി കീറിയാലും
താമരപ്പൂവൊന്നു വാടിയാലും
വെട്ടോടു വെട്ടുതന്നെ
നാട്ടിൽ മരണോത്സവം കൊടിയേറി
യോഗങ്ങൾ , റാലികൾ ചെണ്ടമേളകൊഴുപ്പുകൾ
കവലകളിൽ വാക്കുകൾ
വെടിക്കെട്ടായി പൊട്ടിച്ചിതറി
മൃതി തെയ്യം തുളളുമ്പോൾ
ഉത്സവപ്പറമ്പിൽ ആവേശത്തോടെ ചിലർ
കിട്ടിയല്ലോ രക്തസാക്ഷിയെ
ഇനി വിജയം സുനിശ്ചിതം
നാട്ടുകാരും ഹാപ്പിയാണ്
വന്നുവല്ലോ ഹർത്താൽ സുദിനം
മരണോത്സവം കൊണ്ടാടാൻ
അപ്രതീക്ഷിതം ഒരവധിദിനം
ആടാം , പാടാമൊന്നു കൂടാം
മരണോത്സവം ഷെയർചെയ്തു രസിക്കാം
മരണവും പോസ്റ്റുകളായി
നിറയുന്നു മാധ്യമങ്ങളിൽ
ശവത്തിനും കിട്ടുന്നു-
ണ്ടേറെ കമന്റുകൾ