വേലക്കാരൻ കേശു കൊണ്ട് വന്ന ആഹാരം കഴിച്ചു ഒന്നു മയങ്ങിയതേ ഉള്ളു ചിണ്ടൻ. വീടിന്റെ തെക്കു വശത്തു നിന്നു കേട്ട ആ ശബ്ദം ചിണ്ടനെ ഉണർത്തി. പതിവിലും രുചി കൂടിയ ആഹാരമാണ് ഇന്ന് കേശു നൽകിയത് അതിന്റെ രുചിയിൽ കുറച്ചു കൂടുതൽ കഴിച്ചു അതുകൊണ്ടായിരിക്കും ഒരു ക്ഷീണം പോലെ ഒന്ന് മയങ്ങിപോയി. ചാടി എഴുന്നേറ്റ അവൻ ചെവി കൂർപ്പിച്ചു. അതേ തോന്നിയതല്ല, പറമ്പിന്റെ തെക്കു വശത്തു നിന്നും ആരോ നടന്നു വരുന്ന ശബ്ദം, അവൻ ചാടി മുറ്റത്തേക്ക് ഇറങ്ങി തെക്കുവശത്തേക്ക് നോക്കി കുരച്ചു. ‘ആരായിരിക്കും അത് കുറിഞ്ഞി പൂച്ച ആണെങ്കിൽ തന്റെ ഒറ്റ കുരയിൽ തന്നെ തിരിഞ്ഞു ഓടേണ്ടത് ആണല്ലോ, വല്ല കള്ളന്മാരും ആണോ എങ്കിൽ ഇന്ന് അവന്റെയൊക്കെ അവസാനം ആയിരിക്കും ഈ ചിണ്ടന്റെ പല്ലിന്റെ ബലം അവന്മാർ ഇന്ന് അറിയും”.
ചിണ്ടൻ പല്ലിറുമ്മി ഒന്നുകൂടി കുരച്ചു.
പന്ത്രണ്ടു വർഷമായി ചിണ്ടൻ ഇവിടെ എത്തിയിട്ട്. ചിണ്ടന്റെ യജമാനൻ പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്നപ്പോൾ സുഹൃത്തിന്റെ വീട്ടിൽ നിന്നു കൊണ്ട് വന്നതാണ് ചിണ്ടനെ. അന്ന് മുതൽ പട്ടാളചിട്ടയോടെ അയാൾ ചിണ്ടനെ വളർത്തി. യജമാനന്റെ വീടിന്റെ അതിർത്തി അനുവാദമില്ലാതെ ആരു കടന്നാലും അവർ ചിണ്ടന്റെ പല്ലിന്റെ ആഴം അറിഞ്ഞേ തിരിച്ചു പോകാറുള്ളൂ. ഒരു ഭിക്ഷക്കാരൻ, ഒരു ആക്രിക്കാരൻ, യജമാനന്റെ അകന്ന ബന്ധു തുടങ്ങി ഏറ്റവും ഒടുവിൽ ജോലിക്കാരൻ കേശുവിന്റെ മകൻ അങ്ങനെ അനുവാദമില്ലാതെ ആ മതിൽ കെട്ടിനകത്തു കയറിയ ആരും ചിണ്ടന്റെ ശൗര്യം മറക്കില്ല. നാട്ടുകാരും വീട്ടുകാരും എത്ര പരാതി പറഞ്ഞിട്ടും യജമാനൻ ചിണ്ടനെ കൂട്ടിലടക്കാനോ കെട്ടിയിടാനോ തയാറായില്ല. പകരം ഓരോ തവണയും എല്ലിൻകഷ്ണങ്ങളുടെ എണ്ണം കൂട്ടി അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഏറ്റവും ഒടുവിലെ സംഭവം ചിണ്ടൻ അഭിമാനത്തോടെ ഓർത്തു. ആ പയ്യൻ വരുന്നത് കണ്ടപ്പോൾ തന്നെ ചിണ്ടന് ആളെ മനസ്സിലായിരുന്നു. ജോലിക്കാരൻ കേശു പോലും താൻ മുറ്റത്ത് ഉണ്ടെങ്കിൽ എപ്പോഴും യജമാനനെ വിളിച്ചു അനുവാദം ചോദിച്ചാണ് കയറാറുള്ളത്. പക്ഷേ ഈ പയ്യൻ ദാ മുറ്റത്തു കിടന്ന എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ ഗേറ്റ് തുറന്നു അകത്തു കയറി. പിന്നെ താമസിച്ചില്ല ഓടിച്ചിട്ട് നാലു കടി. ഇനി കുറേനാൾ ചെറുക്കൻ പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത രീതിയിൽ ആക്കി. അന്നും കുറേ ആൾക്കാർ വഴക്കും ആയി വന്നു പക്ഷേ ആർക്കും ഗേറ്റിനകത്തേക്കു കയറാൻ ധൈര്യം ഇല്ലായിരുന്നു. അന്ന് പിണങ്ങി പോയതാണ് കേശു. പിന്നെ ഇന്നാണ് വന്നത്. അന്ന് പോകുന്നതിനു മുൻപ് തന്നെ നോക്കിയും കുറേ അസഭ്യവും പ്രാക്കും ഒക്കെ നടത്തിയിട്ടാണ് പോയത്. എന്നും ആഹാരം തരുന്ന കേശുവിന്റെ മോനെ തന്നെ തന്റെ ശൗര്യം തെളിയിക്കാൻ തിരഞ്ഞെടുത്തത് കൂടി പോയി എന്ന് ഇന്ന് അയാൾ സ്നേഹത്തോടെ വീണ്ടും വന്ന് ആഹാരം തന്നപ്പോൾ ചിണ്ടന് തോന്നിയിരുന്നു.
തെക്കുവശത്തു നിന്നുള്ള ശബ്ദം അടുത്ത് അടുത്ത് വരുന്നതായി ചിണ്ടന് മനസിലായി. അവൻ കുരച്ചുകൊണ്ട് മുന്നോട്ടു കുതിച്ചു. ഒരു രൂപം ഇരുട്ടിൽ നിന്നു പുറത്തേക്കു വന്നു ആ രൂപത്തെ കണ്ട ചിണ്ടൻ ഒരു നിമിഷം അതിശയിച്ചു നിന്നു, ഒരു പോത്ത്. ഈ സമയത്ത് ഇവൻ എവടെ നിന്നു വന്നു തന്നെ കണ്ടിട്ടും ഒരു കൂസലും ഇല്ലാതെ മുന്നോട്ട് വരുന്ന പോത്തിനെ കണ്ട ചിണ്ടന് സഹിച്ചില്ല. അവൻ കുരച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. പെട്ടന്നാണ് ചിണ്ടൻ അത് ശ്രദ്ധിച്ചത് പോത്തിന്റെ മുകളിൽ ഒരാൾ അതേ അയാൾ തന്നെ കാലൻ. കുരച്ചുകൊണ്ട് മുന്നോട്ടു കുതിച്ച ചിണ്ടൻ ശാന്തനായി നിന്നു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് യജമാനന്റെ അമ്മ മരിച്ചപ്പോൾ ആണ് കാലനെ അവസാനമായി കണ്ടത്. അതിനു മുൻപ് അപ്പുറത്തെ വീട്ടിലെ ഭാസ്കരൻചേട്ടനെ പാമ്പ് കടിച്ച രാത്രി ഭാസ്കരൻ ചേട്ടനുമായി പോകുന്നത് പറമ്പിൽ നിന്നു കണ്ട കാര്യം ചിണ്ടൻ ഓർത്തു. ഉടനെ ചിണ്ടന്റെ മനസിൽ മുത്തച്ഛൻ പാണ്ടൻനായുടെ വാക്കുകൾ ഓർത്തത്. ഭൂമിയിൽ നമ്മുടെ വർഗ്ഗക്കാർക്ക് മാത്രം ആണ് കാലനെ നേരിട്ട് കാണുവാൻ ഉള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്, അതുകൊണ്ട് കണ്ടാൽ ഉടനെ തന്നെ ഓരിയിട്ടു സ്വീകരിച്ചു മറ്റു കൂട്ടുകാരെ കൂടി അറിയിക്കണം, എന്ന മുത്തച്ഛന്റെ ഉപദേശവും ചിണ്ടൻ ഓർത്തു. ചിണ്ടൻ ഉറക്കെ ഓരിയിടാൻ തുടങ്ങി അതിനെ ഏറ്റു പിടിച്ച് ചുറ്റുപാട് നിന്നും ഓരിയിടൽ തുടങ്ങി.
ഇന്ന് ആരാണാവോ കാലന്റെ കൂടെ തിരികെ പോകുന്നത് ചിണ്ടൻ ചിന്തിച്ചു. യജമാന്റെ അച്ഛന് കുറച്ചു ദിവസമായി ശ്വാസം മുട്ട് കൂടുതലാണല്ലോ ചിണ്ടൻ ഓർത്തു. കുറച്ചു മുൻപ് അദേഹത്തിന്റെ മുറിയിൽ നിന്നും ചുമയുടേയും വലിവിന്റെയും ശബ്ദം കേട്ടിരുന്നു. അപ്പോൾ അത് തന്നെ കാര്യം ചിണ്ടൻ ഉറപ്പിച്ചു. ചിണ്ടൻ ശാന്തനായി കാലനേയും പോത്തിനേയും നോക്കിയിരുന്നു. തന്റെ വീട്ടിൽ വിരുന്നു വന്ന അതിഥിയെ സ്വീകരിക്കുന്ന വീട്ടുകാരെന്റെ മുഖഭാവം ആയിരുന്നു ചിണ്ടന് . ചിണ്ടനെ നോക്കി പരിചയഭാവത്തിൽ കാലൻ ഒന്നു ചിരിച്ചു. ഇതു കണ്ട ചിണ്ടൻ സ്വയം മറന്ന് ഉറക്കെ കുരച്ചു, പിന്നെ ഉറക്കെ ഓരിയിടാൻ തുടങ്ങി , അഭിമാനത്തോടെ. കാലന്റെ കൈയിലെ കുരുക്ക് കൗതുകത്തോടെ ചിണ്ടൻ നോക്കി. അതു യജമാനന്റെ അച്ഛന്റെ കഴുത്തിൽ മുറുകുന്നത് ചിണ്ടൻ മനസ്സിലോർത്തു. ഉടനെ ഒരു കയറിന്റെ തണുപ്പ് കഴുത്തിൽ അടിച്ചപ്പോൾ ചിണ്ടൻ ഒന്ന് കണ്ണ് അടച്ചു തുറന്നു.
പോത്തിന്റെ പുറത്ത് ബാലൻസ് ചെയ്തു ഇരിക്കുന്നതിനിടയിൽ ചിണ്ടൻ തിരിഞ്ഞു നോക്കി.അവൻ കുരച്ചു കൊണ്ട് മുറ്റത്തേക്ക് ചാടാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ചിണ്ടൻ വീണ്ടും ഉറക്കെ കുരച്ചു…
അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല
കാലന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ചിണ്ടന്റെ സുഹൃത്തുക്കളുടെ ഓരിയിടൽ മാത്രം അവിടെ മുഴങ്ങി കേട്ടു….
Click this button or press Ctrl+G to toggle between Malayalam and English