പ്രിയപ്പെട്ട കോഴിക്കോട്…

 

 

 

കോഴിക്കോട് എന്നും എനിക്ക് പ്രിയപ്പെട്ട നഗരം തന്നെ. പ്രധാന ജില്ലകളിലെല്ലാം പോയിട്ടുണ്ടെങ്കിലും എന്തോ കോഴിക്കോട് നൽകുന്ന ഒരു ഗൃഹാതുരത മറ്റൊരു നഗരവും നൽകിയിട്ടില്ല.ലൈബ്രറി സയൻസ് പഠിക്കാൻ കോഴിക്കോട്ടുണ്ടായിരുന്ന 4 മാസങ്ങളുടെ അനുഭവവും ഒരു കാരണമാകാം. പ്രശസ്ത സാഹിത്യകാരൻമാരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായതു കൊണ്ടുമായിരിക്കാം. കേരള ലൈബ്രറി കൗൺസിൽ നടത്തിയ ലൈബ്രറി സയൻസിന് വന്നപ്പോൾ ദേശപോഷിണി ഗ്രന്ഥശാലയുടെ വകയായുള്ള കെട്ടിടത്തിലായിരുന്നു താമസം. കൂട്ടിന്കണ്ണൂർ, കൊല്ലം, എറണാകുളം തുടങ്ങി. വിവിധ ജില്ലക്കാരായ സുഹൃത്തുക്കളും.
ക്ളാസ്സുകൾ കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ദേവഗിരി കോളേജിൽ വെച്ചായിരുന്നു. ഗുരുവായൂരപ്പൻ കോളേജിലെ ലൈബ്രേറിയൻ ഗോപി സാർ, ദേവഗിരി കോളേജിലെ ലൈബ്രേറിയൻ പൗലോസ് സാർ, ഫാറൂക്ക് കോളേജ് ലൈബ്രേറിയൻ അയ്യൂബ് സാർ തുടങ്ങിയ അദ്ധ്യാപകരുടെ ക്ളാസ്സുകളും അദ്ധ്യാപകരും വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഓർമ്മയിലുണ്ട്. നർമ്മം കലർത്തി ക്ളാസ് എടുക്കുന്ന ഗോപി സാർ തന്നെയായിരുന്നു ഞങൾക്ക് ഏറ്റവും പ്രിയങ്കരൻ.
ക്ളാസ്സ് കഴിഞ്ഞാൽ പിന്നെ സമയം ഒത്തിരി ബാക്കിയുണ്ട്. അങ്ങനെ വിരസമായ സായന്തനങ്ങളിൽ കോഴിക്കോട് ബീച്ചാണ് ഞങ്ങൾക്ക് ആശ്വാസമായത്. മിക്കവാറും എറണാകുളംകാരനായ നിജീബുമായിട്ടായിരുന്നു കറക്കം. പഠനം കഴിഞ്ഞ് കുറെ നാൾ അവനുമായി കത്തിടപാടുകൾ ഉണ്ടായിരുന്നെകിലും പിന്നെ ബാംഗ്ളൂരിൽ ലൈബ്രേറിയനായി പോയ ശേഷം അവനെ കുറിച്ച് ഒരു വിവരവുമില്ല. ഞങ്ങൾ താമസിക്കുന്ന ദേശപോഷിണി ലൈബ്രറി ഒരു പാട് ചരിത്രം ഉറങ്ങുന്ന ലൈബ്രറിയാണ്,പിന്നീട് സിനിമാ നടൻമാരായ കുതിരവട്ടം പപ്പു,നെല്ലിക്കോട് ഭാസ്ക്കരൻ തുടങ്ങി പലരും ദേഷപോഷിണിയുടെ നാടക സംഘത്തിലൂടെ വളർന്നു വന്നവരാണ്,
ലൈബ്രറിയുടെ അടുത്തു തന്നെയാണ് പപ്പുവിന്റെ വീട്.ഒരു ദിവസം ഞങ്ങൾ ചായ കുടിക്കാൻ കയറിയ ചായക്കടയിൽ അതാ ഇരിക്കുന്നു സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള സാക്ഷാൽ കുതിരവട്ടം പപ്പു.ഞങ്ങൾ എല്ലാവരും പരിചയപ്പെട്ടു. അതിനടുത്തു തന്നെയാണ് കുതിരവട്ടമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മാനസികാരോഗ്യ കേന്ദ്രവും.ഏതോ ഒരു നിമിഷത്തിൽ മനസ്സിന്റെ താളം നഷ്ടപ്പെട്ടു പോയവരുടെ അവസ്ഥയെക്കുറിച്ച് അതിന്റെ മുന്നിലൂടെ പലപ്പോഴും പോകേണ്ടി വന്നപ്പോൾ ഓർത്തിട്ടിട്ടുണ്ട്.അസുഖം ഭേദമായിട്ടും ഉറ്റവർ വിളിക്കാൻ വരാൻ തയ്യാറാകാത്തതിനാൽ ഇപ്പോഴും അവിടെ തന്നെ തുടരുന്നവരുടെ അനുഭവം വായിച്ച് മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടിട്ടുണ്ട്.
ഞാൻ മാത്രമാണ് 40 വിദ്യാർഥികളിൽ വിവാഹിതൻ എന്നതു കൊണ്ട് മിക്ക ആഴ്ച്ചകളിലും നാട്ടിൽ പോകും.മോൾക്ക് അന്ന് ഒരു വയസ്സ് തികഞ്ഞിട്ടില്ല.പ;അപ്പോഴും രാത്രികളിൽ ഞാനെത്തുമ്പോഴേയ്ക്കും മോൾ ഉറങ്ങിയിട്ടുണ്ടാവും..അങ്ങനെ നാട്ടിൽ പോകാതിരുന്ന ഒരു ഞായറാഴ്ച്ചയാണ് ഞങ്ങൾ പ്ളാനിട്ടത്..നമ്മൾക്ക് ബേപ്പൂർ സുൽത്താന്റെ വീട്ടിൽ ഒന്ന് പോയാലോ?4 മാസം കോഴിക്കോടുണ്ടായിട്ട് അവിടെ പോകാതിരുന്നാൽ ശരിയല്ലല്ലോ..എസ്.കെ.പൊറ്റക്കാടിന്റെ വീടായ ചന്ദ്രകാന്തം അടുത്തു തന്നെയുള്ള പുതിയറയിലായതിനാൽ അവിടെ നേരത്തെ പോയിരുന്നു.
മലയാളികൾക്ക് ഇന്നും ഏറെ പ്രിയങ്കരനായ സാഹിത്യകാരനാണല്ലോ പൊറ്റക്കാട്.തെരുവിന്റെ കഥയും ദേശത്തിന്റെ കഥയുമൊക്കെ എഴുതി ജ്ഞാനപീഠ പുരസ്ക്കാരം നേടിയ എസ്.കെയുടെ വീട് ഇപ്പോൾ ആരും താമസമില്ലാതെ അടച്ചിട്ടിരിക്കുകയാണ്..ലൈബ്രറിയിൽ അല്ലെങ്കിൽ ബുക്ക് സ്റ്റാളുകളിൽ ചെന്നാൽ ആദ്യം അന്യേഷിക്കുന്നത് എസ്.കെയുടെ യാത്രാ വിവരണ ഗ്രന്ഥങ്ങളാണ്..അത്രയ്ക്ക് ഹൃദയാവർജ്ജകമായാണല്ലോ അദ്ദേഹം പോയ ഓരോ സ്ഥലങ്ങളും അനുഭവങ്ങളും വരച്ചിട്ടിരിക്കുന്നത്.ഈ തിരക്കുകൾക്കിടയിലും പാർലമെന്റ് അംഗമായി പ്രവർത്തിക്കാനും അദ്ദേഹം സമയം കണ്ടെത്തി എന്നത് ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ഒരു മധുരമായ ഓർമ്മയുമുണ്ട് ഈ വീടിന്.ഫാബി ബഷീറുമായുള്ള വിവാഹം കഴിഞ്ഞ ശേഷം ബഷീർ കുറെ നാൾ താമസിച്ചത് ഈ വീട്ടിലാണ്. അക്കാലത്ത് ചെറുപ്പക്കാരനായിരുന്ന അയൽക്കാരനാണ് ഞങ്ങൾക്ക് ഈ വിവരങ്ങൾ പറഞ്ഞു തന്നത്.ബേപ്പൂരിലേയ്ക്കുള്ള പ്രൈവറ്റ് ബസ്സിൽ കയറുമ്പോൾ നമ്മുടെ തലയോലപ്പറമ്പിൽ നിന്നും ഇങ്ങ് ബേപ്പൂർ വന്ന് അവിടുത്തെ സുൽത്താനായി മാറിയ ബഷീറിന്റെ ഓർമ്മകളായിരുന്നു മനസ്സിൽ നിറയെ.ഫാബി ബഷീറും മക്കളായ അനീസും ഷാഹിനയും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു.
ബഷീറിന്റെ ഓർമ്മകൾ അവർ പങ്കു വെച്ചപ്പോൾ അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് ഒരിക്കലെങ്കിലും ഇവിടെ വരേണ്ടതായിരുന്നു എന്ന് തോന്നി.വീട് പുതുക്കി പണിയുന്ന സമയത്താണ് ഞങ്ങൾ ചെന്നത്.ചിതലിന്റെ ശല്യം കാരണമാണ് ബഷീറിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ആ വീട് പൊളിച്ചു നീക്കേണ്ടി വന്നത്.ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരവും കണ്ട് ഞങ്ങൾ പുറത്തിറങ്ങി
ബേപ്പൂർ വരെ വന്നിട്ട് ഉരു നിർമ്മാണ ശാല കാണാതെ പോകുന്നത് ശരിയല്ലല്ലോ?അതു കൊണ്ട് ഞങ്ങളുടെ അടുത്ത ലക്ഷ്യം ഉരു നിർമ്മാണ ശാല സന്ദർശനമായിരുന്നു.. ഉരുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ് കാണുന്നത്..കടൽ തിരമാലകളെ അതി ജീവിച്ച് ഉരുക്കൾ ലക്ഷദ്വീപിലേക്കും മറ്റും ചരക്കുമായി പോകാറുണ്ട്. നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു ഉരുവിന്റെ മുകളിൽ കയറി നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.വിദേശത്തു നിന്ന് ഉൾപ്പെടെ ഉരു നിർമ്മിച്ചു കൊടുക്കാൻ ഓർഡറുകൾ എത്താറുണ്ട്.
ചരിത്ര പ്രസിദ്ധമായ കാപ്പാടും രണ്ടു മൂന്ന് തവണ പോയി.കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും കാപ്പാട് ബസ്സുണ്ട്..എപ്പോഴും ബസ്സില്ല.അതു കൊണ്ട് സമയം നോക്കി വേണം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ..വാസ്ക്കോഡ ഗാമ കേരളത്തിൽ ആദ്യമായി കാല് കുത്തിയ സ്ഥലം.. ഇപ്പോൾ അവിടുന്ന് ഇങ്ങോട്ട് കുറെ ഭാഗം കരയായി മാറിയിരിക്കുന്നു.എങ്കിലും ഗാമ ഇറങ്ങിയ സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്.500 വർഷങ്ങൾ പഴക്കമുള്ള ഒരു ചരിത്ര തീരം.
കോഴിക്കോട് കടപ്പുറം എത്രയോ ചരിത്ര സ്മരണകളുമായി ബന്ധപ്പെട്ട് നിൽക്കുന്നു.സാമൂതിരിയുടെയും കുഞ്ഞാലി മരക്കാർമാരുടെയുമൊക്കെ പോരാട്ട ചരിത്രങ്ങളുറങ്ങിക്കിടക്കുന്ന തീരം..അറബികളും പറങ്കികളുമൊക്കെ വന്നിറങ്ങിയ സ്ഥലം…കറുത്ത പൊന്നെന്നറിയപ്പെടുന്ന കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും തേടി വന്ന് ഇവിടെ അധിനേവേശമുറപ്പിച്ച വൈദേശിക ശക്തികളുടെ കാൽപ്പാടുകൾ പതിഞ്ഞ കടപ്പുറം..
കോഴിക്കോട് കടപ്പുറത്തു മാത്രം കിട്ടുന്ന ഐസ് ചുരണ്ടിയുടെ മധുരത്തോടൊപ്പം ഓർമ്മകളുടെ മധുരവും നാവിലെത്തി.. ഇപ്പോൾ അത് മറ്റ് സ്ഥലങ്ങളിലും ഉണ്ടെന്ന് തോന്നുന്നു.ഈയിടെ എറണാകുളത്ത് ഒരു പുസ്തക പ്രദർശനത്തോട് അനുബന്ധിച്ച ഫുഡ് ഫെസ്റ്റിവലിൽ കണ്ടു..ഇതു പോലെ കോഴിക്കോട് മാത്രമുള്ള പല വിഭവങ്ങളുമുണ്ട്. കോഴിക്കോടൻ ഹൽവയുടെ കാര്യം പറയേണ്ടതില്ലല്ലോ?അവൽ മിൽക്ക്,മിൽക്ക് സർബത്ത് ഇതൊക്കെ പരിചയപ്പെടുന്നത് കോഴിക്കോട് വെച്ചാണ്.ഏലാഞ്ചി പോലെ രുചികരമായ എത്രയെത്ര വിഭവങ്ങളാണ് ഇവിടെയുള്ളത്
മാനാഞ്ചിറ മൈതാനവും പാർക്കുമൊക്കെ എത്ര അവിസ്മരണീയമായ ഓർമ്മകൾ നൽകുന്നു..ഇവിടെ നിന്ന് ക്രോസ് ചെയ്ത് അങ്ങോട്ട് നടക്കുമ്പോൾ പ്രസിദ്ധമായ മിഠായി തെരുവിലെത്താം.അവിടെ നമ്മെ സ്വാഗതം ചെയ്തുകൊണ്ട് ഈ ദേശത്തിന്റെയും തെരുവിന്റെയും കഥകൾ പറഞ്ഞു തന്ന എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമ കാണാം.
അപ്പുറത്തെ റോഡിലൂടെ പോയാൽ മുതലക്കുളം മൈതാനം..പ്രധാന സമ്മേളനങ്ങൾ നടക്കുന്ന മൈതാനമാണ്.പകൽ ചെല്ലുമ്പോൾ വസ്ത്രങ്ങൾ നിര നിരയായി ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നത് കാണാം.കോഴിക്കോട്ടെ ധോബിമാരുടെ വസ്ത്രം ഉണക്കു കേന്ദ്രമാണ് ഇവിടം.പലപ്പോഴും പ്രസംഗങ്ങളിലും എഴുത്തിലുമൊക്കെ പലരും പറയാറുള്ളതു പോലെ ഇവിടെ മുതലയുമില്ല, കുളവുമില്ല. പാളയം മാർക്കറ്റും ബസ് സ്റ്റാന്റുമൊക്കെയാണ് ഇവിടെ നിന്ന് നേരെ പോകുമ്പോൾ. റെയിൽവേ സ്റ്റേഷനടുത്തു തന്നെയാണ് ഈ സ്ഥലങ്ങൾ..
അതോടൊപ്പം റെയിൽവെ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിന്റെയും അതിന്റെ അമരക്കാരന്റെയും കൂടി കഥ പറയാതിരിക്കാനാവില്ല..രാമദാസ് വൈദ്യരെപ്പറ്റിയാണ് സൂചിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നീലഗിരി ലോഡ്ജ് റെയിൽവെ സ്റ്റേഷന് എതിർ വശമായിരുന്നു. നർമ്മരസികനായ വൈദ്യർ കോഴിക്കോടെ സാംസ്ക്കാരികരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു.വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. ലോക സുന്ദരി മൽസരത്തെ പരിഹസിച്ചു കൊണ്ട് ലോക വിരൂപമൽസരം നടത്തി. അർഹരെയും അനർഹരെയും ആദരിക്കൽ നിത്യ സംഭവമായപ്പോൾ അതിനെ പരിഹസിച്ചു കൊണ്ട് മുതലക്കുളത്തെ അലക്കു കല്ലിനെ ആദരിച്ചു
കോഴിക്കോടുണ്ടായിരുന്ന വേളയിൽ അദ്ദേഹം ഒരു മൽസരം നടത്തിയതും അതിന്റെ സമ്മാന ദാന ചടങ്ങിൽ പങ്കെടുക്കാനും കഴിഞ്ഞത് അവിസ്മരണീയമായ ഒരോർമ്മയായിരുന്നു.നാരദർ അവാർഡിനു വേണ്ടിയുള്ള പരദൂഷണ മൽസരം. അതിന്റെ സമ്മാനമായ 1001 രൂപ കൊടുത്തതിലും പ്രത്യേകതയുണ്ടായിരുന്നു,ഒരു രൂപയുടെ 1001 നാണയങ്ങൾ കിഴിയിലാക്കിയാണ് ഒന്നാം സമ്മാനക്കാരന് കൊടുത്തത്.രണ്ടും മൂന്നും സമ്മാനക്കാർക്കും അതു പോലെ കിഴി തന്നെയാണ് കൊടുത്തത്.ലോഡ്ജിന്റെ പരസ്യം കൊടുത്തതിലും ഒരു വൈദ്യർ ടച്ചുണ്ടായിരുന്നു,’’ഫോർ ഹൊറിബിൾ സ്റ്റേ..’’ എല്ലാവരും കംഫർട്ടബിൾ സ്റ്റേ എന്നൊക്കെ കൊടുക്കുന്നതിനെ പരിഹസിച്ചാകണം അങ്ങനെ കൊടുത്തത്.നാട്ടിലെ പല സംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വരുമ്പോൾ വൈദ്യർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെയും ദേശാഭിമാനി വാരികയുടെയും ആസ്ഥാനം കോഴിക്കോടാണ്.ചന്ദ്രിക,സിറാജ്,സുപ്രഭാതം തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളുടെയും പത്രങ്ങളുടെയും ആസ്ഥാനവും കോഴിക്കോടാണ്.പ്രശസ്തമായ മടവൂർ സി..എം മഖാം,പ്രശസ്ത വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ സുന്നി മർക്കസ് തുടങ്ങിയവയും ഇവിടെ തന്നെയാണ്.അങ്ങനെ എപ്പോൾ വന്ന് പോയാലും പഴമയുടെ പ്രൗഡിയും പേറി നിൽക്കുന്ന ഈ നഗരം പുതുമയുടെ സൗന്ദര്യവുമായി നമ്മെ സ്വാഗതം ചെയ്തു കൊണ്ട് നിൽക്കുകയാണ്..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപൊട്ടി പോകുന്നു
Next articleവാക്മീകി ചരിതം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here