പക്ഷെ ഓർക്കുക മരിക്കില്ല നീ.
പടിക്കെട്ടുകൾ തട്ടിയിടിച്ച് നീ താഴോട്ട്,
ഇനിയും താഴോട്ട് പതിക്കും.
അസ്ഥികളിൽ തണുപ്പ് പടരുന്നത്ര വേഗം ഭയം നിന്നെ വരിഞ്ഞു മുറുക്കും.
താഴോട്ട് ഏറ്റവും ഒടുവിലേക്ക്
ചിതറിത്തെറിക്കുന്നതിനു മുൻപേ നീ പിടിവള്ളി തേടാം.
കണ്ണുകൾ തുറന്നാൽ നിനക്കവിടെയെന്നെക്കാണാം.
കരഞ്ഞു കലങ്ങി വിടർന്നു വീർത്ത കണ്ണുകളെ…
നിന്നെയവ സൂക്ഷിച്ചു നോക്കും
ഭയപ്പെടരുത്. ഈ ലോകത്ത് നിനക്കു മരണമില്ല.
ചിരിയുടെ കിലുക്കം നീ കാതോർക്കുക.
വളരെ ദൂരെ , വളരെ വളരെ ദൂരെ അവയുണ്ട്.
നിന്നെ തഴുകിയകലുന്ന കാറ്റ് ആ ചിരിയെ നിനക്കരുകിലേക്ക് എത്തിക്കട്ടെ.
നിന്റെ മുഖത്ത് മന്ദഹാസം വിടരട്ടെ, നിന്റെ പേടിയകലട്ടെ…
കഴിഞ്ഞില്ല, കാരണം നീയെത്തിയില്ല.
ചെളിയും ചേറും പൊടിയും , പറന്നു നടക്കുന്ന ചിതലരിച്ച കടലാസു കഷ്ണവും
വളപ്പൊട്ടും മഞ്ചാടിക്കുരുവും ചതഞ്ഞ പിച്ചിയും
ഉപ്പനും പേരമരവും ഊഞ്ഞാലും പച്ചക്കുളവും നീ കണ്ടില്ലല്ലോ.
നിന്റെ ഉൾപ്പിണറിന്റെ അന്ത്യമിവിടെയാണ്.
സൂക്ഷിച്ചു നോക്കിയാൽ അതൊരൊറ്റ ബിന്ദുവാണ്.
അതിന്റെ ജീവനിന്ന് മരണപ്പെട്ട പ്യുപ്പയുടെ മൃതകൂടത്തിനുള്ളിലാണ്.
അതിനുള്ളിൽ നിന്ന് ഒരു പെങ്കിടാവിന്റെ നരുന്തു ശബ്ദത്തിനായി കാതോർക്കുക,
നീ കേൾക്കുന്ന മൗനം അതവളുടെയാണ്.
എന്നിലേക്കുള്ള നിന്റെ വഴിയിന്ന് മൗനത്തിൽ മരിച്ചിരിക്കുകയാണ്…