അതിനോട് വലിയ പ്രതിപത്തിയൊന്നുമില്ല,
ആസക്തിയും.
ഇഷ്ടമായതെല്ലാം കൈക്കലാക്കിയിട്ടില്ല.
കൈയെത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോളൊക്കെ വഴുതിപ്പോകുന്ന ഇഷ്ടങ്ങൾ ആദ്യം
ഉണർത്തിയത് സങ്കടമായിരുന്നു.
പിന്നീടത് നിസ്സംഗതയ്ക്ക് വഴി മാറി.
ആരുടേയും ഒന്നും തട്ടിപ്പറിച്ചിട്ടില്ല.
ആരുടെ ചട്ടിയിലും കൈയിട്ട് വാരിയുമില്ല.
തന്നത്താനെ കയറി വരുന്നതൊക്കെ കൈനീട്ടി സ്വീകരിച്ചു.
കൂട്ടിച്ചേർത്തവയൊക്കെ മിക്കതും കൈപ്പേറിയതായിരുന്നു.
നെല്ലിക്കയെപ്പോലെ ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ല.
കാഞ്ഞിരക്കുരുവിനോളം കയ്പ്പ്
ആദ്യം ഒക്കെ അറച്ചു, വെറുത്തു
പിന്നെ ശീലമായി.
ശീലമാക്കിയാൽ എന്തും ശീലമാവും എന്ന് മനസ്സിലായി.
ചിലപ്പോൾ ചിലർക്ക് അങ്ങനെ ആയിരിക്കും.
അതവരുടെ കുറ്റം ആണെന്നൊക്കെ പഴിവരും,
അതവരുടെ കുറ്റമൊന്നുമല്ല
അവരിൽ ചാർത്തപ്പെടുന്നവയാണ്,
അതാരാണ് ചാർത്തി കൊടുക്കുന്നത് എന്നതിന് ഉത്തരമൊന്നുമില്ല.
ചിലപ്പോൾ സ്വന്തം കർമ്മങ്ങളിൽ നിന്നും വന്നുചേരുന്നവ
ചിലപ്പോൾ കർമ്മബന്ധങ്ങളിൽനിന്നു
അല്ലെങ്കിൽ ഇതൊന്നുമല്ലാതെ….
കണ്ടിട്ടില്ലേ! വഴിവക്കിലിരുന്ന് ഫലം കഴിക്കുന്നവൻ തിരിഞ്ഞു നോക്കാതെ, എറിയുന്ന തൊലി; ദേഹത്തു വന്നു തട്ടുന്നത് – അത് പോലെ!
എറിഞ്ഞവൻ ആരെന്ന് കണ്ടുപിടിക്കാനും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയാവും
ഇനി അറിഞ്ഞാലും, അയാളോട് പറഞ്ഞാലും, കിട്ടിയത് കിട്ടി എന്ന അവസ്ഥ.
പുസ്തകത്താളുകൾ മറിക്കും പോലൊന്നുമല്ല ഓരോ ദിവസവും അടുത്തതിലേക്ക് കടക്കുന്നത്.
കടുപ്പമാണ്…
ചിലപ്പോൾ നല്ല കടത്ത്
ചിലപ്പോൾ പേമാരിയിൽ പെട്ട തോണിയെപ്പോലെ ആടിയുലഞ്ഞ്….
കയറ്റം കയറുന്നവൻ കിതയ്ക്കുമ്പോളും ആഗ്രഹിക്കുക ഇറക്കമാണ്.
ഇറക്കങ്ങൾ എളുപ്പമാണ്
പക്ഷെ , ഒന്നുണ്ട് ഇവ രണ്ടും സമതലത്തിലില്ല.
ഇറക്കത്തിന്റെ സുഖം അനുഭവിക്കണമെങ്കിൽ
കയറ്റത്തിന്റെ പെടാപ്പാടുകളും
വിയർപ്പൊട്ടിയ വസ്ത്രവും ദാഹിച്ചു വരണ്ട ചുണ്ടുകളും സമ്പാദിക്കണം.
അപ്പോഴാണ് ധനികനാകുക , കയറ്റം കീഴ്‌പ്പെടുത്തിയ ധനികൻ.
സമതലം സുഖകരം തന്നെ.
എന്നിരുന്നാലും ദുർലഭം.
ദുർലഭമായതിനെ കിട്ടിയാൽ ആസ്വദിക്കണം..
ഇങ്ങനെയൊക്കെ ദിനരാത്രങ്ങൾ നൽകുന്ന അനുഭവങ്ങൾ…