പെണ്ണു ചത്തതിന്റെ
തലേന്നാൾ
പടിയിറങ്ങി പോയി
വീടിന്റെ തീൻമേശ
ചാനൽ പുറ്റിന്റെ
എട്ടു മണി നോട്ടങ്ങൾ.
കൂടു തുറന്നപ്പാടെ
പോയി വെള്ളം –
താ പെണ്ണേയെന്നൊച്ചിയിട്ട്,
കുറുകുന്ന
അമ്പലപ്രാവുകൾ.
പെണ്ണിന്റെ
വെടിയൊച്ച കൊഴുപ്പുള്ള
നിശ്വാസ കാറ്റേറ്റ്,
കുടിലോട്ട ചെരുവിലെ
തെരുവുപട്ടി കുരച്ചു.
എന്റെ ഇറച്ചി താ
പെണ്ണേ എന്നാർത്ത്
ചങ്ങല കെട്ടുടച്ചു.
മുലവഴുപ്പുള്ള
മലഞ്ചെരുവു കിതച്ചു.
ഒരിക്കൽ
കടിച്ചിട്ടുകളഞ്ഞ
ഞാവൽ പഴങ്ങൾ
പെണ്ണിന്റെ ഉമിനീർ
ചൊ യച്ചു.
കൊട്ടയിലിരുന്ന്
കാടിറങ്ങിയ
വിറകുകൾ
കുശിനിയിലിരുന്ന്
ആർത്തവ ചന്തം
തിളപ്പിച്ചു.
മാങ്ങാണ്ടിമോറി പെണ്ണിനെ
ഇന്നെന്താണ്,
കാണാത്തൂ എന്ന്,
പാടവഴിയിലെ കളിപ്പാട്ടം
കെട്ടിയ കുഞ്ഞു മാവ്
കരഞ്ഞു.
കറിക്കു
തേങ്ങാ കൊത്തിടാൻ
എന്താണെന്നെ കൊണ്ടു
പോകാത്തൂ എന്ന്
കവല വഴിയിലെ
ആൺ തെങ്ങ്
ഉടൽ വീശി പറഞ്ഞു.
പെണ്ണു ചാവുന്നതും
കാത്ത്, ‘
എരിഞ്ഞൊടുങ്ങാൻ
വളപ്പിലെ
പട്ടി മുള്ളുന്ന
കാഞ്ഞിരം
തക്കം പാർത്തു.
അന്നേരം
എന്റെ പുര കത്തി
പോയെന്നാർത്ത്
കൈവളകളകന്ന,
കാട്ടു മുത്തി
പടിയിറങ്ങി പോയി
മലഞ്ചെരുവിലെ
അമ്മ കുടിൽ
നിന്ന് കത്തി.