ജ്വരംകൊണ്ട പകലുകൾ വിറയ്ക്കവെ
വിളഞ്ഞ സ്വപ്നക്കതിരുകൾ കരിയവെ
പറഞ്ഞ വാക്ക് പതറി പാതിവഴിയിൽ
കരൾപകുത്ത പ്രണയം കരയ്ക്കടിയവെ
വിലക്കിന്റെ വിലങ്ങഴിച്ച സ്വാതന്ത്ര്യം
കുരുത്തക്കേടിൻ മുറുക്കും കുരുക്കുകൾ
മൗനഗർത്തങ്ങളിൽ ഇഴയും വാക്കുകൾ
നെഞ്ചിൽ കരിങ്കൊടികൾ ഉയർത്തവെ
കുഴിച്ചു മൂടിയ കറുത്ത ചിന്തകൾ
കുതിരശക്തിയിൽ മുളച്ചു പൊന്തവെ
ദുരിതം തിറയാടും കുരുതിക്കോമരം
ദുരാചാരപ്പെരുമഴ ചതച്ചു കുത്തവെ
നേരിന്റെ നാരില്ല നാരായവേരിലുമെന്ന്
വിരലറുത്ത പൈതൃകം വിതുമ്പിനിൽക്കെ
വയറ്റിൽ ലാവ തിളച്ചൊടുക്കം മരണത്ത-
ണുവിൽ മനസ്സാക്ഷിവേരുകൾ ചീയവെ
നരച്ചസഹനം ഉരച്ചതാപം സദനവാതിലിൽ
കല്ലായ് ഭവിച്ചിരുന്നെങ്കിലെത്ര നന്നെന്ന
സത്യമോർത്തലയും അഴൽമേഘങ്ങൾ
കർക്കിടകം കണ്ണിൽ പെയ്തു തിമർക്കെ…