പരസ്യം കണ്ടുവന്നതാണ്
നല്ല ഒന്നാന്തരം ഇരുട്ട് വില്പനയ്ക്ക് അലുവ പാകത്തിൽ അധികംമുറുക്കമില്ലാതെ
പല വർണ്ണത്തിൽ, പല രൂപത്തിൽ അടുക്കി വച്ചിരിക്കുകയാണ്
ചിലതിന് ചുവപ്പ് , ചിലതിന് പച്ച ചിലതിന് ആകാശ നീല
മഞ്ഞയും വെള്ളയും പല വർണ്ണസങ്കരവും വേറെ
എൻറെ സംശയം ഇരുട്ടിന് നിറമുണ്ടോ
കടക്കാരൻ ചിരിച്ചു എല്ലാത്തിനും അടിസ്ഥാനം കറുപ്പാണ്
പല വർണ്ണത്തിൽ പൊതിഞ്ഞു എന്നേയുള്ളൂ
സമ്മതിക്കാം , ഇതിൻറെ ഉപയോഗം ഒന്നു പറഞ്ഞാൽ
എളുപ്പമല്ലേ
എന്തി ലാണോ ഇരുട്ട് പരത്തേണ്ടത് അതിൽ അൽപം എണ്ണയിൽ ചാലിച്ചു പുരട്ടിയാൽ മതി
ആട്ടെ സാറിനെ ന്താണ് ജോലി
ജോലിയൊന്നുമില്ല ചെറിയ ഒരു നേതാവാണ്
സാറ് ചെയ്യേണ്ടത്
ഇനി പ്രസംഗിക്കാൻ തുടങ്ങും മുൻപ് അല്പം ഇരുട്ട് എടുത്ത്എണ്ണ യിൽ പുരട്ടി ചുണ്ടിലും നാവിലും തേക്കണം
ബാക്കിയുള്ളത് മൈക്കിൽ തേച്ചോ ളു
ആളുകൾ സമ്മേളനങ്ങൾക്ക് വരുമ്പോൾ അവർക്ക് കുടിക്കാൻ കൊടുക്കുന്ന
വെള്ളത്തിലും അല്പം ഇരുട്ട് കലക്കണം
തിരിച്ചുപോകുമ്പോൾ ഏതെങ്കിലും മഹാന്മാരുടെ പുസ്തകം കൊടുക്കണം പുസ്തകത്തിൻറെ പുറംചട്ടയിൽ ഇരുട്ട് വാർണിഷ് ചേർത്ത് നേർത്തതായി പുരട്ടണം
ഇതിൻറെ ഡിജിറ്റൽ പതിപ്പ് ഉണ്ട് വാട്സ്ആപ്പിലും ഫേസ്ബുക്കിലും
സന്ദേശം അയയ്ക്കും മുൻപ് സ്ക്രീനിൽ അല്പം ഇരുട്ട് പുരട്ടണം
എന്നിട്ട് ടൈപ്പ് ചെയ്തോളൂ കിട്ടുന്ന ആളുകൾ ഇരുട്ടിൽ തപ്പി കോളും
ഏതെങ്കിലും ഒരുത്തൻ ചോദ്യം ചെയ്താൽ
വിശ്വാസം , മനുഷ്യാവകാശം എന്നൊക്കെ പറഞ്ഞാൽ മതി
കലാപരിപാടികൾ കൾ പലതുണ്ട് ശവപ്പെട്ടി മുതൽ സ്ത്രീകളുടെ കണ്ണുനീര് വരെ ഉപയോഗിക്കാം
പ്രഖ്യാപിത മനുഷ്യ സ്നേഹികൾക്കും അ ല്പം ഇരുട്ടു കലക്കി കൊടുത്തേക്കണം
കുറച്ച് മാധ്യമങ്ങൾക്കും കൊടുക്കാം
രണ്ടു കിലോ എടുത്തോളൂ കച്ചവടക്കാരൻ ഇരുട്ട് എടുത്ത്
ആദ്യം കടലാസുകൊണ്ടും പിന്നെ തെർമോകോൾ കൊണ്ടും അലുമിനിയം ഫോയിൽ എടുത്തും പൊതിഞ്ഞു ഇതെന്താ ഇങ്ങനെ
സാറേ ഇരുട്ട് highly inflammable ആണ്
തലയ്ക്കകത്ത് വെട്ടം ഉള്ള ഒരുത്ത ൻറെ കൂർത്ത നോട്ടം മതി ഇതിന് തീപിടിക്കാൻ
നമ്മൾ നമ്മൾ പണിതെടുത്ത തെല്ലാം നിമിഷനേരംകൊണ്ട് കത്തിയമരും
തൽക്കാലം പേടി വേണ്ട
വെട്ടം ഉള്ള കുറെ എണ്ണത്തെ നാടുകടത്തി
കുറെ പേരേ വെട്ടിയൊതുക്കി
ചിലരുടെ വായിൽ അപ്പം തിരുകി
എന്നാലും കാണും കുറേയെണ്ണം നെഞ്ചിൽ തീയുമായി
കനലു പുറത്തറിയാതെ കണ്ണിറുക്കി മിണ്ടാതെ അങ്ങനെ
ആ ഒരു ഒരു തീപ്പൊരി മതി നമ്മുടെ കച്ചവടം പൂട്ടാൻ
ഉള്ളിൽ ഒരു വിറയൽ ഉണ്ടോ?
പൊതിയാൻ വരട്ടെ ഞാൻ പറയാം…