ഇരുണ്ട ശരീരമുള്ളവളെ….

 

 

ഇരുണ്ട ശരീരമുള്ളവളെ
ആര് പ്രണയിക്കുമെന്ന്
അവർ പരിഹസിച്ചു
കൊണ്ടിരുന്നു …
അതിനാൽ അവർക്ക്
ഭയമുണ്ടായിരുന്നില്ല
തീർക്കുന്ന ഏത്
കുരുക്കിലും അവളുടെ
കഴുത്തിണങ്ങുമെന്നവർ
ഉറച്ചുവിശ്വസിച്ചു ..
അവളെഴുതിയതൊക്കെയും
പ്രണയലേഖനങ്ങളാണെന്ന്
അവർ സംശയിച്ചില്ല ..
എതിർക്കാൻ അവൾ
വാക്കുകളെ തേടിയതുമില്ല …
ഇരുണ്ടയൊരുവളും
സ്നേഹിക്കപ്പെട്ടുവെന്ന്
പറഞ്ഞതുമില്ല ..
അവളയാളുടെ
ശില്പമായിരുന്നുവെന്നും
അതിലയാൾ
തൊടുമ്പോൾ
ഋതുക്കൾ മാറാറുണ്ടെന്നും
പറഞ്ഞില്ല …

ഹോസ്റ്റലിൽ പണിക്ക്
നിൽക്കുന്ന തമിഴത്തി
“മുക്കുത്തി റൊമ്പ അഴകാരിക്ക് ”
എന്ന് പറഞ്ഞതിനെ പറ്റി
അവൾ പറയുമ്പോഴും
അവർ പരിഹസിച്ചു
കൊണ്ടിരുന്നു..
എങ്കിലും അയാളുടെ
കണ്ണുകൾ തിളങ്ങുമെന്ന്
അവൾക്കറിയാമായിരുന്നു …
പക്ഷേ എല്ലാ രാത്രിയിലും
അവൾ ഭയപ്പാടോടെ
അവർ തീർത്തേക്കാവുന്ന
കുരുക്കിനെ ഓർത്തോണ്ടിരുന്നു
എല്ലാ പുലർച്ചകളിലും
ഉയർന്നുവന്ന‌ പുതുനാമ്പ്
മണങ്ങളെ ചേർത്തുപിടിച്ചു..

ഉറക്കമുണർന്നപ്പോൾ
കാലങ്ങളായി പാളംതെറ്റിപ്പോയ
ഒരു ബോഗിക്കുള്ളിലായിരുന്നു
അവൾ …
ഇറങ്ങേണ്ട സ്റ്റേഷനിലേക്ക് നടന്നുനീങ്ങുമ്പോൾ
ഇരുണ്ട ഒരുവൾ
ചുംബിക്കപ്പെടുന്നത്
കണ്ടതിനെപ്പറ്റി
അവൾ
അവരോട് പറഞ്ഞതുമില്ല ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here