അഭയം അപായം

ആരംഭമായിരിക്കുന്നു
നിഷേധാത്മകമായ
ഒരു കാലചക്രം
സർവസീമകളും കടന്ന്
എന്നിലേക്കടുക്കുന്നു,
കാതുകളിൽ പ്രതിധ്വനിച്ച
രോദനത്തെ പൊടുന്നനെ
ഞാനറിഞ്ഞു, ആത്മാവിലേക്കാ-
ഴ്ന്നിറങ്ങിയ ശ്വാസനിശ്വാസങ്ങൾക്ക്
ചുടുരക്തത്തിന്റെ ഗന്ധം
വഞ്ചിക്കപ്പെട്ട മാതൃത്വത്തിന്റെയും
കൗതുകംകൊള്ളുന്ന കൗമാരത്തിന്റെയും
നിഷ്കളങ്ക ശിശുഹൃദയത്തിന്റെയും
പാവനസാമീപ്യം
ഭ്രമത്തിന്റെ മൂടുപടമണിഞ്ഞ
യാഥാർഥ്യത്തിൽനിന്ന-
കലാൻ സാധിക്കുന്നില്ല
ദുഃഖം അധികരിക്കുന്തോറും
കാലുകൾക്ക് തളർച്ചയേറുന്നു,
ജീവന്റെ കാതലായ
മുലപ്പാലിൽ ആരോ
വിഷം കലർത്തിയിരിക്കുന്നു
തഴമ്പുകൾ മായാത്ത
വിരലുകൾക്കിടയിൽ പ്രാണൻ
പിടഞ്ഞുതീരുകയാണ്
താരാട്ടുകൾ അനർഥമായി,
കാൽക്കൊലുസ്സിന്റെ താളപ്പിഴകൾ,
അശാന്തമായ രാപ്പകലുകൾ,
ഇതിലുപരി ഗർഭപാത്രത്തി-
നുള്ളിലേക്ക് മടങ്ങാൻ ആ-
ഗ്രഹിക്കുന്ന ചില നിമിഷങ്ങൾ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English