പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.
അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ…
ഭാഗ്യവശാൽ അതുണ്ടായില്ല.
(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)
അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.
(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )
അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.
ഓടുന്ന ബസ്സിൽ
‘ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു ‘എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.
പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.
എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
‘ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?’
(C)കവിയുടെ ബ്ലോഗ് : http://prathibhasha.blogspot.com/
Click this button or press Ctrl+G to toggle between Malayalam and English