ഇന്ത്യൻ നൃത്തത്തേയും പാശ്ചാത്യനൃത്തരീതിയേയും സമന്വയിപ്പിച്ച നർത്തന രംഗത്തെ വിസ്മയം അസ്താദ് ദേബൂ ഓർമയായി. 73 വയസ്സായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ചരാവിലെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം വർളിയിൽ നടത്തി. കോവിഡിനെത്തുടർന്ന് അടുത്തബന്ധുക്കൾ മാത്രമാണു സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. ഗുജറാത്തിലെ പാഴ്സി കുടുംബത്തിൽ ജനിച്ച അസ്താദ് ദേബു ആറാം വയസിലാണു നൃത്തപഠനം തുടങ്ങിയത്. ജംഡ്ഷഡ്പുരിലും കൊൽക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. പ്രശസ്ത നർത്തകരായ ഇന്ദ്രകുമാർ മൊഹന്ദി, പ്രഹ്ളാദ് ദാസ് എന്നിവരുടെ കീഴിൽ കഥക് അഭ്യസിച്ച അദ്ദേഹം കേരളത്തിൽ താമസിച്ച് ഗുരു ഇ.കെ. പണിക്കറുടെ കീഴിൽ ഏറെക്കാലം കഥകളിയും അഭ്യസിച്ചിട്ടുണ്ട്.