കേരളത്തിന്റെ ലാസ്യപ്പെരുമ

32072719_10155692238118668_4881296800817872896_n

കേരളത്തിന്റെ ലാസ്യപ്പെരുമ എന്ന പ്രശസ്ത നർത്തകി നിർമല പണിക്കരുടെ പുസ്തകത്തെക്കുറിച്ച് കവിയും നിരൂപകനും നോവലിസ്റ്റുമായ മനോജ് കുറൂർ പങ്കുവെച്ച കുറിപ്പ് വായിക്കാം:
“നിർമ്മലാ പണിക്കരെ നൃത്തകലാരംഗത്തിനു പരിചയപ്പെടുത്തുന്നതു സാഹസമാവും. കേരളത്തിലെ ഏറ്റവും മുതിർന്ന മോഹിനിയാട്ട നർത്തകികളിലൊരാൾ എന്നതുകൂടാതെ ഗവേഷകയും അധ്യാപികയും നങ്ങ്യാർകൂത്ത് എന്ന നൃത്താഭിനയരൂപത്തിന്റ പുനരുദ്ധാരണത്തിനുവേണ്ടി വിലപ്പെട്ട സംഭാവനകൾ നല്കിയ പരിഷ്കർത്താവുംകൂടിയാണ് അവർ. കേരളീയനൃത്തകലയുടെ പ്രചാരത്തിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലും അവർ നടത്തിയ ശില്പശാലകളും എടുത്തു പറയേണ്ടതുണ്ട്.

കേരളത്തിലെ ഒരു കലാരൂപത്തിന്റെ ചരിത്രമെഴുതുക എന്നത് അതീവദുഷ്കരമാണെന്ന് അനുഭവസ്ഥർക്കറിയാം. ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിയുറച്ച ധാരണകളുടെയും വലിയ കോട്ടകൾ പൊളിച്ചിട്ടുവേണം, വസ്തുനിഷ്ഠമായ രേഖകളുടെ സഹായത്തോടെ യുക്തിബദ്ധവും വിശകലനാത്മകവുമായ ഒരു സമീപനരീതിയുടെ അടിസ്ഥാനത്തിൽ പുതിയതൊന്നു പണിതുയർത്തുവാൻ. ഈയൊരു വെല്ലുവിളിയാണ് ‘കേരളത്തിന്റെ ലാസ്യപ്പെരുമ’ എന്ന കൃതിയിൽ നിർമ്മലാ പണിക്കർ ഏറ്റെടുക്കുന്നത്.

കേരളത്തിലെ ക്ലാസ്സിക്കൽ കലാരൂപങ്ങളെക്കുറിച്ചു പറഞ്ഞുതുടങ്ങാൻതന്നെ ഭരതന്റെ നാട്യശാസ്ത്രത്തെ ആശ്രയിക്കുകയാണു നടപ്പുരീതി. എന്നാൽ നിർമ്മലാ പണിക്കരുടെ വഴി അതല്ല. കേരളത്തിലെ കലാരൂപങ്ങളുടെയും കലാസങ്കേതങ്ങളുടെയും വേരുകൾ പഴന്തമിഴ് പാരമ്പര്യത്തിലാണ് അന്വേഷിക്കേണ്ടതെന്നും പല കാലങ്ങളിലെ കലർപ്പുകളിലൂടെ പരിണമിച്ചെത്തിയതാണ് അവയുടെ സമകാലികരൂപങ്ങളെന്നുമുള്ള ഉറച്ച ബോധ്യം ഈ കൃതിയിൽ തെളിഞ്ഞുകാണാം. പഴയ രേഖകളും കൃതികളും പരിശോധിക്കുക, അവയെ നൃത്തകലയുടെ പരിണാമഘട്ടങ്ങളുമായും സമകാലികാവസ്ഥയുമായും ബന്ധിപ്പിച്ചു വിശകലനം ചെയ്യുക എന്ന പദ്ധതിയാണ് ഇതിലുള്ളത്. പഴന്തമിഴ് കൃതിയായ തൊൽക്കാപ്പിയത്തിൽ വിവരിക്കുന്ന കലാസങ്കേതങ്ങൾ, അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് തുടങ്ങിയ മറ്റു സംഘകാലകൃതികളിൽ കാണുന്ന കൂത്തർ, വിറലിയർ തുടങ്ങിയ നർത്തകരുടെയും കുരവക്കൂത്ത് മുതലായ നൃത്തസമ്പ്രദായങ്ങളുടെയും വിവരണങ്ങൾ എന്നിവയിൽനിന്ന് കേരളീയനൃത്തകലയുടെ ആദിമസ്രോതസ്സുകൾ അവർ കണ്ടെത്തുന്നു. പില്ക്കാല പഴന്തമിഴ് കൃതിയായ ചിലപ്പതികാരത്തിലെത്തുമ്പോൾ നൃത്തകലാസങ്കേതങ്ങൾക്കും നൃത്തരൂപങ്ങൾക്കും വികാസവും വൈവിധ്യവും സംഭവിച്ചതായി മനസ്സിലാക്കാം. അതിൽ മാധവിയെന്ന നർത്തകിയാടിയ പതിനൊന്നുതരം കൂത്തുകളുടെ വിവരണത്തെ നങ്ങ്യാർകൂത്തിന്റെയും മോഹിനിയാട്ടത്തിന്റെയും സങ്കേതങ്ങളുമായി ബന്ധിപ്പിച്ചു വിശകലനം ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. നൃത്താഭിനയസമ്പ്രദായങ്ങളെക്കുറിച്ചും പാവൈക്കൂത്ത്, ചുടലക്കൂത്ത് എന്നീ വകഭേദങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മമായ അപഗ്രഥനം ഈ ഭാഗത്തുണ്ട്. ചിലപ്പതികാരത്തിനു സമശീർഷമായ മണിമേഖലയിലെ സൂചനകളും ഗ്രന്ഥകർത്രി ഉപയോഗപ്പെടുത്തുന്നു.

ദാക്ഷിണാത്യനായ ദണ്ഡിയുടെ ദശകുമാരചരിതത്തിലെ (ഏഴാം നൂറ്റാണ്ട്) പന്താട്ടം തുടങ്ങിയ നൃത്തകലാസംബന്ധിയായ വിശദാംശങ്ങൾക്കും അടിസ്ഥാനമാകുന്നത് കേരളമുൾപ്പെടെയുള്ള ദക്ഷിണദേശത്തെ ലാസ്യനൃത്തരൂപങ്ങളാണ് എന്ന നിഗമനമാണ് നിർമ്മലാ പണിക്കർക്കുള്ളത്. കുലശേഖരപ്പെരുമാളുടെ സുഭദ്രാധനഞ്ജയം നാടകത്തിലെ പരാമർശങ്ങൾക്കും ഇത്തരത്തിൽ പ്രസക്തിയുണ്ട്. പിന്നീടു മണിപ്രവാളകാലത്തുണ്ടായ അച്ചീചരിതങ്ങളിലെ വിവരണങ്ങളിൽനിന്ന് നൃത്തകല, ക്ഷേത്രാരാധന, ദേവദാസീസമ്പ്രദായം എന്നിവയെ ബന്ധിപ്പിച്ചു പഠിക്കാനുള്ള ശ്രമം കാണാം. ചരിത്രകൃതികളും തിരുനന്തിക്കര ചെപ്പേട് തുടങ്ങിയ ചരിത്രരേഖകളും അവർ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ഭാഗങ്ങളിലെല്ലാം ലഭ്യമായ രേഖകൾക്കൊപ്പം പല കാലത്തുണ്ടായ ശില്പങ്ങളിലെ നർത്തകീരൂപങ്ങളുടെ വിശകലനം കൂടിയുണ്ടെന്നത് ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളും കാർത്തിക തിരുനാളിന്റെ ബാലരാമഭരതവും അക്കാലത്തെ നൃത്തകലയെക്കുറിച്ച് അറിയാനുള്ള വിലപ്പെട്ട ഉപാദാനങ്ങൾകൂടിയാണ്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതി തിരുനാളും ഇരുപതാം നൂറ്റാണ്ടിൽ കേരളകലാമണ്ഡലവും നൃത്തകലയിൽ കൂടുതൽ ശ്രദ്ധവെച്ചത് മോഹിനിയാട്ടത്തിന്റെ ഇന്നത്തെ വികാസത്തിലേക്കുള്ള നാഴികക്കല്ലുകളാണ്. ഈ സമീപകാലചരിത്രത്തിനു ശേഷം തന്റെ സംരംഭമായ നടനകൈശികി ലക്ഷ്യമാക്കുന്ന കലാദർശനത്തെയും പിന്തുടരുന്ന അവതരണശൈലിയെയുംകൂടി വിശദീകരിച്ചുകൊണ്ടാണ് നിർമ്മലാ പണിക്കർ ‘കേരളത്തിന്റെ ലാസ്യപ്പെരുമ’ പൂർത്തിയാക്കുന്നത്.

നമ്മുടെ കലാചരിത്രങ്ങളിൽ പലതിലും ചരിത്രബോധത്തിന്റെ അഭാവമാണു തെളിഞ്ഞു കാണുക. പലരും പറഞ്ഞത് ഏറ്റുപറയുക എന്നതിനപ്പുറം വലിയ ധർമ്മമൊന്നും ഗവേഷകർപോലും നിർവഹിക്കാറുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കലാചരിത്രത്തെ ആവുന്നത്ര സമഗ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പുസ്തകം പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ആവശ്യമായ ഉപാദാനങ്ങൾ വിരളമാണ് എന്നു നമുക്കറിയുകയും ചെയ്യാം. ഇവിടെയാണ് ഈ പുസ്തകം വ്യത്യസ്തമാകുന്നത്. നൂറുകണക്കിനു പ്രാചീനകൃതികൾ പരതിയാലാണ് നൃത്തകലയെപ്പറ്റിയുള്ള എന്തെങ്കിലും സൂചനകൾ കിട്ടുക. അവയെ വിശകലനം ചെയ്യണമെങ്കിൽ നൃത്തകലാസങ്കേതങ്ങളെപ്പറ്റി ആഴത്തിലുള്ള പരിജ്ഞാനവും അനുഭവസമ്പത്തും വേണം. അത്തരം പരാമർശങ്ങളെ കാലവുമായി ബന്ധിപ്പിക്കണമെങ്കിൽ ഇതരചരിത്രരേഖകളെ നന്നായി ആശ്രയിക്കുകയും വേണം. ഇക്കാര്യങ്ങളിലെല്ലാമുള്ള സൂക്ഷ്മതയാണ് ‘കേരളത്തിന്റെ ലാസ്യപ്പെരുമ’യെ ഈ മേഖലയിലെതന്നെ പ്രധാനകൃതിയാക്കുന്നത്. ഈ കൃതി മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണങ്ങളെ ആഴത്തിലുള്ള ചർച്ചയ്ക്കു വിധേയമാക്കുക എന്ന വലിയൊരു പ്രയത്നമാണ് കലാസ്നേഹികൾക്കു ചെയ്യാനുള്ളത്. അതുകൂടി സംഭവിക്കുമ്പോഴാണ് ഈ കൃതിയുടെ ലക്ഷ്യം പൂർണ്ണമാവുക.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here