ദളിത് സ്ത്രീ ഇടപെടലുകൾ

 

rekha

 

ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലികയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം ദലിതരോടു വച്ചുപുലര്‍ത്തുന്ന വിരുദ്ധ സമീപനംതന്നെയാണെന്ന് തുറന്നെഴുതുകയാണ് ‘ദലിത് സ്ത്രീ ഇടപെടലുകള്‍‘ എന്ന പുസ്തകത്തിലൂടെ രേഖാരാജ്. സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട പതിനാലു ലേഖനങ്ങളുടെ സമാഹാരമായ ‘ദലിത് സ്ത്രീ ഇടപെടലുകളുടെ.’ രണ്ടാമത് പതിപ്പും പുറത്തിറങ്ങിയ സാഹചര്യത്തില്‍ ദലിത് പ്രശ്‌നവുമായി ബന്ധപ്പെട്ടെ തന്റെ ആശങ്കകള്‍ വ്യക്തമാക്കുകായാണ് രേഖാരാജ്..!

ഒരു പാന്‍ ഇന്ത്യന്‍ അവസ്ഥയില്‍, മുമ്പെങ്ങും ഇല്ലാത്തവിധം സുസംഘടിതമായി വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുമ്പോള്‍ ഇന്ത്യയിലെ ദൈനംദിന ജീവിതം കടുത്ത ഹിംസകളുടെയും അതിക്രമങ്ങളുടെയും ആകുമ്പോള്‍, മുസ്ലീംകളും ദലിതരും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ അതിനെയൊക്കെ സ്ഥാപനവത്കരിക്കുന്ന ഒരു മൃഗീയ ഭൂരിപക്ഷ ഹൈന്ദവസര്‍ക്കാര്‍ ഇവിടെ നിലനില്‍ക്കുമ്പോള്‍ ബി.ജെ.പി ക്ക് കൊടുക്കുന്ന ഏതൊരു പിന്തുണയും വിശാലാര്‍ത്ഥത്തില്‍ നമ്മെ രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക എന്ന് ഭയപ്പെടേണ്ടതുണ്ട്. മാത്രമല്ല ആദിവാസി പ്രശ്‌നം സവിശേഷമായി എടുക്കുകയാണ് എങ്കില്‍തന്നെ ഛത്തിസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസിമേഖലകളെ കുത്തകകള്‍ക്ക്, ഖനനമാഫിയക്കും മറ്റും തീറെഴുതി നല്‍കുന്ന നടപടി നടക്കുന്നു. ആദിവാസികള്‍ ഇന്ത്യയില്‍ പലയിടത്തും ദീര്‍ഘകാലമായി സമരത്തിലാണ്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാറിനോടും അതിന്റെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയോടുമുള്ള അടുപ്പം ആദിവാസിദലിത് രാഷ്ട്രീയത്തിന് എത്രകണ്ട് പ്രയോജനമുണ്ടാക്കും എന്ന ആശങ്കയുമുണ്ട്.

കേരളത്തില്‍ ആദിവാസി രാഷ്ട്രീയം പ്രധാനമായും ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നത്. ആ ഇടപെടലുകളില്‍ ദലിത് പ്രസ്ഥാനങ്ങളുടെ പിന്തുണയും പങ്കാളിത്തവും വളരെ നിര്‍ണായകമായിരുന്നു. ദലിതരും പിന്നീട് നവ ഇസ്ലാമിക രാഷ്ട്രീയവും ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ജാതിവിരുദ്ധ ഹൈന്ദവ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ (ആ രാഷ്ട്രീയത്തിലെ സുപ്രധാനമായ ഇടം കൈയാളുന്ന) ജാനുവിന്റെ സമീപകാല നിലപാടുമാറ്റം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അത് അങ്ങേയറ്റം നിരാശാജനകമാണ്. ദലിതര്‍ ജാതിഹിന്ദുത്വത്തിന് എതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഇക്കാലം ആവശ്യപ്പെടുന്ന സുപ്രധാന നീക്കം.

ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി സമരങ്ങള്‍ക്ക് പൊതുസമൂഹത്തിന് വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്തുനിന്നുള്ള ഇടതുപക്ഷമടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ ഘട്ടത്തോടെ ഇവരില്‍ പലരും ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്. ജാനു രണ്ട് പതിറ്റാണ്ടുകൊണ്ട് നേടിയ വിശ്വാസ്യതയെയും അത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ബി.ജെ.പി ലക്ഷ്യമിടുന്നത് കീഴാള, മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ചിലരെ ട്രോഫി എന്ന പോലെ കൂടെ നിര്‍ത്തി ഉയര്‍ത്തിക്കാണിക്കാനാണ്. അത് അവര്‍ നടത്തുന്ന ഹിംസാത്മകതയെ ഇവരെ ഉപയോഗിച്ച് ന്യായീകരിക്കാനും എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനുമാണ്. ജാനു അങ്ങനെ ഒരാളായി തുടര്‍ന്നും മാറില്ല എന്ന് പ്രത്യാശിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ കെ.പി.എം. എസിന് ബി.ജെ.പി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നു. ജാനുവിന് മറ്റെന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നു. അത് സ്വീകരിക്കേണ്ടി വരുന്നത് അതത് സമുദായങ്ങളുടെ ബലഹീനതയും പ്രതിസന്ധിയുമാണ്. ദശകങ്ങളായി ദലിതരും ആദിവാസികളും ഇടത് -വലത് സര്‍ക്കാരിനോട് മാറിമാറി അഭ്യര്‍ത്ഥിച്ച കാര്യമാണ് ഇപ്പോള്‍ ബി.ജെ.പി ഓഫര്‍ ചെയ്യുത്. ഇതിനര്‍ത്ഥം ദലിത്-ആദിവാസി പ്രശ്‌നങ്ങള്‍ ഓന്നാണെന്നല്ല. അത് ഈ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയും അധികാരരാഹിത്യവും കാരണമാണ്. ഈ സാഹചര്യത്തെ മറികടക്കാന്‍ വരണ്ട രാഷ്ട്രീയശരി അവരെ സഹായിക്കില്ല എന്ന് അവരുടെ നേതാക്കള്‍ക്ക് തോന്നിയാല്‍ അതില്‍ പുതിയ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ഓരോരുത്തര്‍ക്കും പങ്കുണ്ട്. അത്തരക്കാരുടെയൊക്കെ രാഷ്ട്രീയ ഉത്തരവാദിത്തം വളരെ വലുതാണ്, കൂടുതല്‍ ജാഗരൂകമാകാന്‍ ഈ കെട്ടകാലം അതിനാ വശ്യപ്പെടുന്നു. രാഷ്ട്രീയം പറഞ്ഞും തല്ലു വാങ്ങിച്ചും ജാനു കടന്നു പോയ പതിറ്റാണ്ടുകളുണ്ട്. അതിന്റെ പേരില്‍ അവരുടെ മേല്‍ അമിതപ്രതീക്ഷയുടെ ഭാരം പകരേണ്ട കാര്യമില്ല. അവരുടെ മറ്റൊരു രാഷ്ട്രീയ പരീക്ഷണം മാത്രമായി ഇതിനെ കാണണം. ‘അതിനോട് ബന്ധപ്പെട്ട രാഷ്ട്രീയമായി ആശങ്ക ഉണ്ടെങ്കിലും. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു, അവര്‍ എടുത്ത തീരുമാനത്തിന് നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളാണ്.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English