നിങ്ങളുടെ
കഴിഞ്ഞതും
വരാനിരിക്കുന്നതുമായ
അവതാരങ്ങൾ
ഒരു വെള്ളപ്പേപ്പറിലെങ്കിലും
എഴുതിത്തരിക.
എന്റെ പിച്ച പാത്രത്തിൽ
വൈകുന്നേരങ്ങളിൽ
കണക്കെടുക്കുമ്പോൾ
നാണയത്തുട്ടായി
അവതരിക്കാതിരിക്കുക.
തിളച്ചു മറിയുന്ന
കഞ്ഞിക്കലങ്ങളിൽ
വെളുത്ത വറ്റായി
പിറവിയെടുക്കാതിരിക്കുക.
ചമ്മന്തിയരക്കാൻ
അമ്മിയിൽ വെച്ച
ഉപ്പും മുളകുമായി
അവതരിക്കാതിരിക്കാൻ
കരുണയുണ്ടെങ്കിൽ ശ്രമിക്കുക.
ജീവിതസുഖം
അനുഭവിച്ചറിഞ്ഞ
കക്കൂസ് മുറികളിൽ
പിറവിയെടുക്കാതിരിക്കുക.
ലോകം മുഴുവനും
നിങ്ങളുടെതായിരുന്നിട്ടും
എന്റെ രഹസ്യയിടങ്ങളിൽ
ജന്മമെടുക്കണമെന്ന്
വാശി പിടിക്കാതിരിക്കുക.
എഴുത്തുകാരന്റെ തൂലികയിലും
വായിക്കുന്ന പുസ്തകങ്ങളിലും
ചിന്തകന്റെ തലച്ചോറിലും
ഇനിയെങ്കിലും
കൂടുകെട്ടിത്താമസിക്കാതിരിക്കുക.
വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ച്
ഭക്തജനങ്ങൾ കയ്യടക്കുമ്പോൾ
പടി കടത്തപ്പെടുന്നവരുടെ
കണ്ണീർത്തുള്ളികൾ കൂടെ
കാണാൻ ശ്രമിക്കുക.
റെയിൽവേ പുറംപോക്കിലും
ഗുഹാമുഖങ്ങളിലും
നിങ്ങൾ അതിഥിയായി
വരാതിരിക്കുക.
ഇലനക്കിപ്പട്ടികളുടെ
ചിരി നക്കികളായി
ചങ്ങാത്തം കൂടാതിരിക്കുക.
വെയിലും മഴയും കാക്കാൻ
അഴയിൽ കെട്ടിക്കുണ്ടാക്കിയ തമ്പുകളിൽ
ഐശ്വര്യങ്ങളായി വന്നു
ചുമരുകളിൽ
ആത്മഹത്യ ചെയ്യാതിരിക്കുക.