കണക്കുസാര്‍ തന്ന ദുര്‍ഘടം പിടിച്ച ഗൃഹപാടം ചെയ്യാന്‍ തലപുകഞ്ഞാലോചിച്ചിരിക്കുന്നതിനിടയിലാണ് വാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടത്. മുത്തശ്ശിയാണ്.
“ഉണ്ണീ, നാളെ വെള്പ്പിനേ എണീക്കണട്ടോ. അമ്പലത്തീ പോണം”
“എന്തിനാ അമ്പലത്തീ പോണത്?” ഉണ്ണി തിരിച്ചു ചോദിച്ചു.
“ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍” സ്വരം കനപ്പിച്ചു കൊണ്ട് മുത്തശ്ശി ഉമ്മറക്കോലായിലേക്കു നടന്നു.ഉണ്ണി പതുക്കെ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് തഞ്ചത്തില്‍ ചോദിച്ചു.
“മുത്തശ്ശീ, ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ കണക്കുസാറിന്‍റടുത്തു നിന്നു തല്ലുക്കിട്ടാതിരിക്ക്വോ?”
മുത്തശ്ശി ഒരു നിമിഷം ചിന്താധീനയായി. എന്നിട്ടു പറഞ്ഞു.
“ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു കാര്യവും നിഷ്പ്രയാസം സാധിക്കും, ദൈവം വലിയോന്നാണ്.എല്ലാം അറിയുന്നോനാണ്. വിശക്കുന്നവന് അന്നം കൊടുക്കുന്നോനാണ്. ആളോളെ അപകടത്തില്‍ നിന്ന്‍ കരകയറ്റുന്നോനാണ്.” മുത്തശ്ശി നിറുത്താതെ പറഞ്ഞു കൊണ്ടിരിക്കയാണ്. ഇടയ്ക്ക് നാമം ചെല്ലുന്നുമുണ്ട്.
മനസ്സില്‍ ഒരു കുളിരുമായി ഉണ്ണി മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് മലര്‍ന്നു കിടക്കുകയാണ് കണക്കുപുസ്തകം. ഉണ്ണി ധൃതിയില്‍ അതു മടക്കിവെച്ച് തെല്ലൊരാശ്വാസത്തോടെ കഴിഞ്ഞ പിറന്നാളിന് ഗള്‍ഫിലുള്ള അമ്മാവന്‍ അയച്ചുകൊടുത്ത ടാബ് കിടക്കവിരിക്കടിയില്‍ നിന്നും പുറത്തേക്കെടുത്ത് അതില് ഗെയിം കളിക്കാന് തുടങ്ങി
പിറ്റേന്നു അതിരാവിലെ തന്നെ ഉണ്ണി എഴുന്നേറ്റ് കുളിച്ച് മുത്തശ്ശിക്കൊപ്പം അമ്പലത്തില് പോയി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഓരോരോ ആവശ്യങ്ങളുമായി ദൈവത്തിനു നിവേദനം സമര്‍പ്പിക്കാനെത്തിയവര്‍ ശ്രീകോവിലിനു ചുറ്റും കൂടി നില്പ്പുണ്ട്. കണക്കു സാറിന്‍റടുത്തു നിന്നും തല്ലു കിട്ടാതിരിക്കാന്‍ മാത്രമല്ല , ആ മൂപ്പരെ പനി പിടിപ്പിച്ച് ഒരാഴ്ച സ്ക്കൂളില്‍ വരുത്താതിരിക്കാനും ഉണ്ണി ദൈവത്തോടു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. മനസ്സിന് നല്ല ആശ്വാസം തോന്നുന്നുണ്ടെങ്കിലും ചെറിയൊരു ഉള്‍ഭയം ഇല്ലാതില്ല. താന്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമോ? ദൈവത്തെ നേരിട്ടു കണ്ടെങ്കില്‍ ഒന്നു ചോദിച്ചു ഉറപ്പുവരുത്താമായിരുന്നു.
“ദൈവത്തെ നേരിട്ടു കാണാനൊക്ക്വോ മുത്തശ്ശി?” അമ്പലനടയില്‍ നിന്നും തിരിച്ചു നടക്കുന്നതിനിടയില്‍ ഉണ്ണി ചോദിച്ചു
“നമ്മക്ക് ദൈവത്തെ നേരിട്ട് കാണാനൊക്കുകേല, പക്ഷേങ്കി ദൈവത്തിന് എല്ലാരേയും കാണാം. ദൈവം എല്ലാടത്തും ഉണ്ട്. ദൈവം സര്‍വ്വവ്യാപിയാണ്. എല്ലാം അറിയുന്നോനാണ്. മുത്തശ്ശി വീണ്ടും ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.
“ദൈവത്തിനു മണം ഉണ്ടോ മുത്തശ്ശീ” ഉണ്ണി വീണ്ടും ചോദിച്ചു.
“ദൈവത്തിനു നല്ല ചന്ദനത്തിന്‍റെ മണമാ
വടക്കേവീട്ടിലെ നാരായണിതള്ള ആ വഴി വന്നപ്പോള്‍ മുത്തശ്ശി കൂറുമാറി അവരോടൊപ്പം പോയി. ഉണ്ണി അവന്‍റെ വഴിക്കും നടന്നു. അമ്പലത്തിന്‍റെ എതിര്‍വശത്തുള്ള പെട്ടികടയില്‍ നിന്നും വാങ്ങിയ ബന്നും തിന്നുകൊണ്ട് കണക്കു സാറിനു പനി വരുന്നതും ഓര്‍ത്തു ഉള്ളില്‍ ചിരിച്ചുകൊണ്ട് അവന്‍ നടന്നു. അപ്പോഴാണ് എതിര്‍ദിശയില്‍ നിന്നും ദൈന്യതയാര്‍ന്ന രണ്ടു പിഞ്ചുകണ്ണുകള്‍ തന്നെ ഉറ്റുനോക്കുന്നത് അവന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ആ കണ്ണുകളുടെയടുത്തെത്തിയപ്പോള്‍ അവന് മനസ്സിലായി അവള്‍ തന്നെയല്ല നോക്കുന്നത് തന്‍റെ കയ്യിലിരിക്കുന്ന തിന്നു തീരാറായ ബന്നിലേക്കാണ് അവള്‍ നോക്കുന്നത്. അവളെ കണ്ടാലറിയാം വല്ലതും കഴിച്ചിട്ട് രണ്ടുദിവസമെങ്കിലും ആയിക്കാണുമെന്ന്‍. മുത്തശ്ശിയല്ലേ പറഞ്ഞത് വിശക്കുന്നവന് അന്നം കൊടുക്കുന്നവനാണ് ദൈവമെന്ന്‍. എന്നിട്ടെന്തേ ആ ദൈവം ഇവളുടെ വിശപ്പ് കാണുന്നില്ല. ദൈവത്തെ നേരിട്ടു കണ്ടെങ്കില്‍ ഒന്നു ചോദിക്കാമായിരുന്നു. പക്ഷേ നിവൃത്തിയില്ലല്ലോ. പോകും വഴിക്ക് ഉണ്ണി തന്‍റെ ഉറ്റ ചങ്ങാതിയായ സനലിന്‍റെ വീട്ടില് കയറി കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരിക്കയും ചെയ്തു.
ജംഗ്ഷനിലെത്തിയപ്പോള്‍ അവിടെ അതാ ഒരാള്‍ക്കൂട്ടം. എന്താണു സംഭവിച്ചതെന്നറിയാന്‍ മറ്റെല്ലാരെയും പോലെ ഉണ്ണിയും ആള്‍ക്കൂട്ടത്തിലൂടെ തിക്കി തിരഞ്ഞു മുന്‍പിലെത്തി. ഒരു പിഞ്ചു ബാലിക റോഡില്‍ തളര്‍ന്നു വീണിരിക്കയാണ്. ഇതവളല്ലേ താന്‍ നേരത്തെ കണ്ടയാ ബാലിക.ചുറ്റിലും കുറെയാളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. അവരില്‍ നല്ലൊരുഭാഗവും പല പല കോണുകളില്‍ ആ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയാണ്. ചെറിയൊരു വിഭാഗം അവള്‍ തലചുറ്റി വീണതിന്‍റെ കാരണം ചര്‍ച്ച ചെയ്തു അവരുടേതായ ഒരു നിഗമനത്തിലെത്തുന്നുമുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കുള്ളനായ ഒരു മനുഷ്യന്‍ മുന്നോട്ടുവന്നു. അയാളുടെ കൈയ്യില്‍ ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു. ആ കുപ്പിയില്‍ നിന്നും കുറച്ചു വെള്ളമെടുത്ത് അയാള്‍ അവളുടെ മുഖത്ത് തെളിച്ചു. അവള്‍ പതിയെ കണ്ണു തുറന്നു ചുറ്റിലും നോക്കി. പ്രത്യാശയുടെ നേരിയൊരു തിളക്കം ആ കണ്‍കളിലുണ്ടായിരുന്നു. ആള്‍ക്കൂട്ടം അപ്പോഴും ചര്‍ച്ച തുടരുകയാണ്. ഇടയ്ക്കിടെ എന്തോ പ്രതീക്ഷിച്ചിട്ടെന്ന മട്ടില്‍ മോബൈലിലേക്കു നോക്കുന്നുമുണ്ട്. അപ്പോഴേക്കും കുള്ളനായ ആ മനുഷ്യന്‍ തൊട്ടടുത്ത കടയില്‍ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിയുമായി അവളുടെ മുന്നിലെത്തി ആ ഭക്ഷണപ്പൊതി തുറന്നു വെച്ചു കൊടുത്തു. അവള്‍ ഒരു നിമിഷം അയാളെ നോക്കി പിന്നെയാര്‍ത്തിയോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അവളത് മുഴുവന്‍ കഴിച്ചുതീരും വരെ അയാള്‍ അവളുടെയടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. രക്തബന്ധത്തേക്കാള്‍ വലിയൊരു ആത്മബന്ധം അവരുടെ ഇടയില്‍ അപ്പോള്‍ ഉള്ളതായി ഉണ്ണിക്ക് തോന്നി. ഇനി നില്‍ക്കേണ്ട കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവാം ആള്‍ക്കൂട്ടം പിരിഞ്ഞുപോയി തുടങ്ങി. ഉണ്ണിയും മുന്നോട്ട് നടന്നു. ആ കുള്ളനായ മനുഷ്യന്‍റെയടുത്തെത്തിയപ്പോള്‍ മുത്തശ്ശി പറഞ്ഞപ്പോലെ നല്ല ചന്ദനത്തിന്‍റെ മണം ചുറ്റിലും പരക്കുന്നതായി ഉണ്ണിക്ക് തോന്നി.
Click this button or press Ctrl+G to toggle between Malayalam and English