ദൈവത്തിന്റെ വീട് വിൽപ്പനയ്ക്ക്

 

 

 

 

 

 

 

ഒരുദിവസം ദൈവം വീടിന്റെ മുന്നിലെ ഉദ്യാനത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു സാത്താൻ അതുവഴിവന്നത്.

“എങ്ങോട്ടാ സാത്താനെ തിരക്കുപിടിച്ചു പോകുന്നത്?” ദൈവം. സാത്താൻ കള്ളുഷാപ്പിലേക്കു പോകുന്ന വഴിയായിരുന്നു.

“പാവങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കാനിറങ്ങിയതാ.” സാത്താൻ കള്ളം പറഞ്ഞു.

“കള്ളുഷാപ്പിലാണോടാ പാവങ്ങളെ സഹായിക്കാൻ പോകുന്നത്?” സാത്താനെ നോക്കി ദൈവം ചോദിച്ചു.

“എന്തൊക്കെയുണ്ട് വിശേഷങ്ങൾ? വീട്ടിൽ പിള്ളേരാരുമില്ലെ?” സാത്താൻ വിഷയം മാറ്റിപ്പിടിച്ചു ദൈവത്തോടായി ചോദിച്ചു.

“പിള്ളേരെയെല്ലാം ഞാൻ പിള്ളാരില്ലാതെ കരഞ്ഞു പ്രാർത്ഥിക്കുന്ന അപ്പനമ്മമാർക്ക് കൊടുത്തു.. അവരുസന്തോഷിക്കട്ടെ.” ദൈവം പറഞ്ഞു.

“എന്റെ പിള്ളേരെ ഞാൻ ആർക്കും കൊടുക്കില്ല. പലരും ചോദിച്ചതാ.. ഞാൻ കൊടുക്കുമോ? പിള്ളേരെല്ലാവരും വീട്ടിലുള്ളപ്പോൾ എന്തൊരു രസമാ…” അത്രയും പറഞ്ഞപ്പോൾ ദൈവത്തിന്റെ മനസ്സിൽ നിരാശയുടെ ഒരു ചെറിയ കാർമേഘം കടന്നുകൂടിയതായി സാത്താൻ കണ്ടു. അതുകണ്ട് സത്താന് സന്തോഷമായി.

“പിള്ളേരെന്തെടുക്കുവാ ഭൂമിയിൽ?” സാത്താൻ.

“അവര് പഠിക്കയും പണിയെടുക്കയും ഒക്കെ ചെയ്യുന്നു.”

സാത്താന് ചിരിയടക്കാൻ കഴിഞ്ഞില്ല.

“എന്റെ പിള്ളേരെ സ്കൂളിൽ പോകാനോ ജോലിക്ക് വിടാനോ ഞാൻ സമ്മതിക്കില്ല. അവരു വലിയ ജോലിക്കാരായി വീടന്വേഷിക്കേണ്ട ഗതികേടൊന്നും എനിക്കില്ല. എന്റെകൈയിൽ ഇഷ്ടംപോലെ പൈസയില്ലേ .”

അത്രയും പറഞ്ഞു സാത്താൻ വീടിന്റെ ഉള്ളിലേക്ക് വലിഞ്ഞും ചരിഞ്ഞും നോക്കി.

“വീടിനകത്തു ഫർണിചർ ഒന്നുമില്ലേ, എന്റെ വീട്ടിൽ ഒന്നു വന്നു കാണണം. ഫർണിചർ, ഹോം തീയേറ്റർ, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, അസി, വാട്ടർ ഹീറ്റർ….” സാത്താൻ ദൈവത്തിനു മുൻപിൽ വീമ്പ് പറഞ്ഞു.

“സാത്താനെ, എന്റെ കൈയിൽ എല്ലാമുണ്ടായിരുന്നു, ഭൂമിയിൽ നിന്നും ചോദിക്കുന്നവർക് ഞാൻ അതെല്ലാം കൊടുത്തയച്ചു. അവരവിടെ കഷ്ടപ്പെടുന്നതല്ലേ, അവരത് ഉപയോഗിക്കട്ടെ.” ദൈവം.

ഇത്രയൊക്കെ പറഞ്ഞിട്ടും താൻ ഉദ്ദേശിച്ചതുപോലെ ദൈവത്തെ നിരാശപ്പെടുത്തുവാൻ കഴിയാത്തത്തിൽ സത്താന് വലിയ സങ്കടം വന്നു. ആ ദേഷ്യത്തിൽ സാത്താൻ കള്ളുഷാപ്പീൽ പോയി മൂക്കറ്റം കുടിച്ചു വീട്ടിലേക്കു പോയി. വീട്ടിൽ ചെന്നപ്പോൾ പിള്ളേരെല്ലാം മൂക്കറ്റം തിന്നു കുടിച്ച് ഉച്ച ഉറക്കത്തിൽ ആയിരുന്നു.

അതു കണ്ടപ്പോൾ സാത്താനു കലി കയറി. ഉറക്കത്തിലായിരുന്ന മക്കളെ സാത്താൻ അരിശം മുത്ത് വടികൊണ്ടടിച്ചു ഓടിച്ചു.

“നീയൊക്കെ ദൈവത്തിന്റെ മക്കളെക്കണ്ടു പഠിക്ക്” അത്രയും പറഞ്ഞ് സാത്താൻ പിന്നെയും കള്ളുകുടിക്കാൻ പോയി. തിരികെ വന്നപ്പോൾ രാത്രി ആയിരുന്നു. സാത്താനെ പേടിച്ചു മക്കൾ വീടിന്റെ മൂലയിൽ അവിടെയുമിവിടയുമൊക്കെ ഒളിച്ചിരുന്നു. സാത്താൻ മക്കളെയെല്ലാം സ്നേഹത്തോടെ വിളിച്ചു പിന്നെ പറഞ്ഞു,

“ദൈവത്തിന്റെ മക്കൾ സ്‌കൂളിൽ പോകയും, നല്ല ജോലിക്കാരായി ജീവിക്കയും ചെയ്യുന്നു. നിങ്ങൾക്കോ വിദ്യാഭാസമോ ജോലി ചെയ്യാനോ അറിയില്ല. എന്റെ മക്കൾ ഭൂമിയിലേക്ക് പോയി ദൈവത്തിന്റെ എല്ലാ മക്കളെയും വഴിതെറ്റിക്കണം. അവരെ മദ്യപാനവും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കാനും പഠിപ്പിക്കണം. ദൈവത്തിൽനിന്നും അകറ്റി നമ്മെപ്പോലെയാക്കണം.”

അതുകേട്ടതും സാത്താന്റെ മക്കൾ ഭൂമിയിലേക്ക് ഉർന്നിറങ്ങി. അക്രമത്തിന്റെയും അലസതയുടെയും വിത്തുകൾ വാരിവിതറി ദൈവത്തിന്റെ മക്കളെ ദൈവത്തിൽ നിന്നും അകറ്റാൻ തുടങ്ങി. അങ്ങനെ ഭൂമിയിൽ പാപം കടന്നുവന്നു. തങ്ങളുടെ മക്കളുടെ കഴിവുകണ്ട് സാത്താൻ സന്തോഷിച്ചു. കുറേദിവസമായി ദൈവത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ സാത്താൻ ദൈവത്തെ അന്വേഷിച്ചു ദൈവത്തിന്റെ വീട്ടിലേക്കു പോയി. വീട് അടഞ്ഞുകിടന്നിരുന്നു. ഉദ്യാനത്തിൽ ഒരു വലിയ ബോർഡ് ഉയർന്നിരുന്നു.

“വീട് വില്പനയ്ക്ക്.” സാത്താൻ ആ ബോർഡിന്റെ ചുവട്ടിൽ ദൈവത്തെ കാത്തിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English